ന്യൂസിലാന്‍ഡ് – അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റിന് ഇന്ത്യയാണ് വേദിയാകുന്നത്. മഴ മൂലം ആദ്യ ദിവസം മത്സരം നടന്നിരുന്നില്ല. ടോസ് പോലും ആദ്യം ദിനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ രണ്ടാം ദിവസം അര മണിക്കൂര്‍ മുമ്പ് മത്സരം ആരംഭിക്കും.
ഈ മത്സരത്തില്‍ മുന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെ ഒരു ചരിത്രനേട്ടം കാത്തിരിക്കുന്നുണ്ട്. ഈ നേട്ടത്തിലെത്താന്‍ വില്യംസണ് വേണ്ടതാകട്ടെ വെറും 72 റണ്‍സും.
ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരന്‍ എന്ന റെക്കോഡിലേക്കാണ് വില്യംസണ്‍ കണ്ണുവെക്കുന്നത്. ഇതിനോടകം തന്നെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ തന്റെ മുന്‍ഗാമികളെയും സഹതാരങ്ങളെയും ഏറെ പിന്നിലാക്കി മുമ്പിലോടുന്ന വില്യംസണ് അന്താരാഷ്ട്ര റണ്‍സിന്റെ പട്ടികയിലും ഈ നേട്ടം സ്വന്തമാക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.
കിവീസ് ഇതിഹാസ താരം റോസ് ടെയ്‌ലറാണ് നിലവില്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 450 മത്സരങ്ങളിലെ 510 ഇന്നിങ്‌സില്‍ നിന്നും 18,199 റണ്‍സാണ് റോസ് ടെയ്‌ലര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഈ റെക്കോഡിനാണ് വില്യംസണ്‍ നിലവില്‍ ഭീഷണി ഉയര്‍ത്തുന്നത്.
ന്യൂസിലാന്‍ഡിനായി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം- മത്സരം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)
ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളില്‍ നിലവില്‍ 21ാം സ്ഥാനത്താണ് വില്യംസണ്‍. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ വിരാട് കോഹ്‌ലി, ജോ റൂട്ട് എന്നിവര്‍ക്ക് ശേഷം മൂന്നാം സ്ഥാനത്തും.
അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റെക്കോഡ് നേട്ടത്തിലെത്താനും ഒപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മുന്നോട്ട് കുതിക്കാനുമാകും ആരാധകരുടെ വില്ലിച്ചായന്‍ ശ്രമിക്കുക.