|

കെയ്ന്‍ വില്യംസന് വീണ്ടും പണികിട്ടി; ക്യാപ്റ്റനെ മാറ്റും

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരായ രണ്ടാം ടി ട്വന്റി മത്സരത്തിനിടെ കൈക്കുഴക്ക് പരിക്കേറ്റ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പരമ്പരയില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്.

ന്യൂസിലാന്‍ഡ് ഹെഡ് കോച്ച് കാരി സ്റ്റഡ് ആണ് താരത്തിന്റെ പരിക്കിനെ കുറിച്ച് പ്രസ്താവിച്ചത്. കെയ്‌ന് പകരം ടിം സീഫെര്‍ട്ട് ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇനി അവശേഷിക്കുന്ന മൂന്നു ടി ട്വന്റിയിലും കെയിന്‍ കളിക്കില്ല എന്നത് സ്ഥിരീകരിച്ചിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്നും പരമ്പരയില്‍ പൂര്‍ണമായ ഫിറ്റ്‌നസ് കൈവരിക്കുന്നതിന് വേണ്ടിയാണ് താരം വിശ്രമത്തില്‍ പോയതെന്ന് സ്റ്റഡ് പരാമര്‍ശിച്ചു.

നിലവില്‍ പാകിസ്ഥാനെതിരായ അഞ്ച് ടി ട്വന്റി പരമ്പരയില്‍ ന്യൂസിലാന്‍ഡ് 2-0 ന് മുന്നിലാണ്.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 194 റണ്‍സ് ആണ് നേടിയത്. 15 പന്തില്‍ നിന്നും 26 റണ്‍സ് ആണ് വില്യംസണ്‍ നേടിയത്. ക്യാപ്റ്റന്‍ തന്നെയായിരുന്നു രണ്ടാം ടോപ് സ്‌കോററും. എന്നാല്‍ ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം താരത്തിന് പരിക്ക് പറ്റി പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് 173 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 21 റണ്‍സിന്റെ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. മൂന്നാം ടി ട്വന്റി ജനുവരി 17നാണ് നടക്കുന്നത്.

Content Highlight: Kane Williamson is out