ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം സീഡന്‍ പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ വിജയം നേടി ഇംഗ്ലണ്ടാണ് മുന്നിലുള്ളത്. എന്നാല്‍ അവസാന ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ അഭിമാന വിജയത്തിന് വേണ്ടി മികച്ച പ്രകടനമാണ് കിവീസ് കാഴ്ചവെച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ആദ്യ ഇന്നിങ്സില്‍ 347 റണ്‍സിനാണ് കിവീസ് ഓള്‍ ഔട്ട് ആയത്. തുടര്‍ന്ന് 143 റണ്‍സിന് ഇംഗ്ലണ്ടിനെ തളയ്ക്കാനും കിവികള്‍ക്ക് സാധിച്ചു. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ 453 റണ്‍സ് നേടിയാണ് ന്യൂസിലാന്‍ഡ് മടങ്ങിയത്. ഇതോടെ 658 റണ്‍സിന്റെ ടാര്‍ഗറ്റാണ് ഇംഗ്ലണ്ടിന് മറികടക്കേണ്ടത്.
കിവീസിന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസനാണ്. 204 പന്തില്‍ നിന്ന് 20 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 156 റണ്‍സാണ് സൂപ്പര്‍ താരം നേടിയത്. തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്. ഒരു ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കാനും വില്യംസണിന് സാധിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ന്യൂസിലാന്‍ഡ് താരമാകാനാണ് വില്യംസണിന് സാധിച്ചത്. ഈ നേട്ടത്തില്‍ കിവീസിന്റെ മാര്‍ട്ടിന്‍ ക്രീവിനോടൊപ്പമെത്താനും വില്യംസണിന് സാധിച്ചു.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ന്യൂസിലാന്‍ഡ് താരം, സെഞ്ച്വറി
കെയ്ന്‍ വില്യംസണ്‍ – 5*
മാര്‍ട്ടിന്‍ ക്രൂ – 5
ജോണ്‍ റൈറ്റ് – 4
വില്യംസണിന് പുറമെ ഓപ്പണര്‍ വില്‍ യങ് 85 പന്തില്‍ നിന്ന് 60 റണ്‍സും ഡാരില്‍ മിച്ചല്‍ 84 പന്തില്‍ 60 റണ്‍സും നേടി. രചിന്‍ രവീന്ദ്ര 90 പന്തില്‍ 44 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. ടോം ബ്ലണ്ടല്‍ 44 റണ്‍സും മിച്ചല്‍ സാന്റ്‌നര്‍ 49 റണ്‍സും നേടി.
ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ജേക്കബ് ബെത്തല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ഷൊയിബ് ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും മാത്യു പോട്സ്, ഗസ് ആറ്റ്കിന്‍സണ്‍, ദോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Kane Williamson In Record Achievement In Test Cricket