കിവികള്‍ പറന്നുയരുക തന്നെ ചെയ്യും; ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ച് കെയ്ന്‍ വില്യംസണ്‍
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇന്ന് തിരി തെളിയുമ്പോള്‍ ന്യൂസിലാന്‍ഡ് ടീമിന്റെ പ്രതീക്ഷകള്‍ പങ്കു വെക്കുകയാണ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലാന്‍ഡ് ടീം തങ്ങളുടെ തനതായ ക്രിക്കറ്റ് രീതി പിന്തുടരുമെന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ക്യാപ്റ്റന്‍സ് ഡേ പരിപാടിയില്‍ വില്യംസണ്‍ പറഞ്ഞു.
2019ല്‍ ഫൈനലിലേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മടങ്ങി വരാന്‍ തങ്ങളുടെ തനതായ ക്രിക്കറ്റ് ശൈലി സഹായിക്കുമെന്നും കിവീസ് നായകന്‍ പറഞ്ഞു.
2015ലും 2019ലും ഫൈനലിലെത്തിയ ന്യൂസിലാന്‍ഡിന് ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോല്‍വി നേരിട്ടിരുന്നു. 2019ല്‍ ഇംഗ്ലണ്ട്-ന്യൂസിലാഡ് ഫൈനല്‍ മത്സരത്തിലെ ബൗണ്ടറി കൗണ്ടിങ്ങ് നിയമം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇന്നിങ്‌സും സൂപ്പര്‍ ഓവറും സമനിലയിലായതോടെ ബൗണ്ടറികളുടെ എണ്ണക്കൂടുതല്‍ കാരണം ഇംഗ്ലണ്ട് കപ്പുയര്‍ത്തി.
വലം കയ്യന്‍ ബാറ്റര്‍മാരുടെ ബലം അവരുടെ തനത് ബാറ്റിങ്ങില്‍ ഉറച്ചു നില്‍ക്കുന്നതാന്നെന്നും അവര്‍ മറ്റൊരു ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ സൂചിപ്പിച്ചത് പോലെ, മറ്റൊരു മത്സരത്തിലേക്ക് കടന്നിരിക്കുകയാണ്, എല്ലാവരും ഒരേ സ്ഥാനത്ത് നിന്നാരംഭിക്കുന്നു, ഒരു ടൂര്‍ണമെന്റില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നു, ടീമുകള്‍ മാറുന്നു, എതിര്‍ സാഹചര്യങ്ങളും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളാഗ്രഹിക്കുന്ന ക്രിക്കറ്റ് ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് ഞങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധതയോടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം നല്‍കുന്നു’ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
ഞങ്ങള്‍ പങ്കെടുത്ത ടൂര്‍ണ മെന്റുകളില്‍ ആസ്വാദ്യകരമായതും പ്രതിസന്ധികള്‍ നിറഞ്ഞതുമായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണത്തെ വെല്ലുവിളികളെ ആവേശത്തോടെയാണ് കാണുന്നത്. മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്ന് വിപരീതമായി ഇന്ത്യയില്‍ മികച്ച അവസരം കൊണ്ടുവരാനാകും എന്ന ശുഭാപ്തി വിശ്വാസം വില്യംസണ്‍ പ്രകടിപ്പിച്ചു.
കളിയുടെ മുന്നൊരുക്കങ്ങളും പദ്ധതികളും തുറന്ന് പറയുമ്പോഴും ആദ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ കീവീസ് സ്‌കിപ്പര്‍ക്ക് സാധിക്കില്ല. ഈ വര്‍ഷമാദ്യം ഐ.പി.എല്‍ കളിക്കുമ്പോള്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് വില്ലനായത്. ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ ടോസ്സ് നേടിയ ന്യൂസിലാന്റ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 112-3 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
Conbtent Highliht: kane williamson’s hopes on 2023 icc worldcup