ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. 205 പന്തില്‍ 104 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. 11 ബൗണ്ടറിയാണ് വില്യംസണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല നേട്ടങ്ങളും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഈ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് വില്യംസണ്‍ സ്വന്തമാക്കിയത്. 2023ല്‍ താരത്തിന്റെ നാലാം റെഡ് ബോള്‍ സെഞ്ച്വറിയാണിത്.
മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെയും ഉസ്മാന്‍ ഖവാജയെയും മറികടന്നാണ് വില്യംസണ്‍ ഒന്നാമതെത്തിയിരിക്കുന്നത്.
2023ല്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – രാജ്യം – മാച്ച് – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 6* – 10 – 4
ഉസ്മാന്‍ ഖവാജ – ഓസ്‌ട്രേലിയ – 11 – 20 – 3
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 11 – 20 – 3
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജോ റൂട്ട് എന്നിവരടക്കം എട്ട് താരങ്ങള്‍ ഈ വര്‍ഷം രണ്ട് ടെസ്റ്റ് സെഞ്ച്വറി വീതം നേടിയിട്ടുണ്ട്.
ഇതിന് പുറമെ ടെസ്റ്റ് സെഞ്ച്വറി കണക്കില്‍ ഫാബ് ഫോറില്‍ വിരാട് കോഹ്‌ലിയെ മറികടക്കാനും കെയ്ന്‍ വില്യംസണായി. ടെസ്റ്റില്‍ താരത്തിന്റെ 29ാം ടണ്‍ നേട്ടമാണിത്. വിരാടിനും 29 സെഞ്ച്വറി വീതമാണ് ഉള്ളതെങ്കിലും കുറവ് മത്സരങ്ങള്‍ കളിച്ചതാണ് വില്യംസണെ വിരാടിന് മുമ്പിലെത്തിച്ചത്.
ഫാബ് ഫോറില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – മത്സരം – ഇന്നിങ്‌സ് – സെഞ്ച്വറി – റണ്‍സ് എന്നീ ക്രമത്തില്‍)
സ്റ്റീവ് സ്മിത് – 102 – 181 – 32 – 9,320
ജോ റൂട്ട് – 135 – 207 – 30 – 11,416
കെയ്ന്‍ വില്യംസണ്‍ – 95* – 165 – 29 – 8,228
വിരാട് കോഹ്‌ലി – 111 – 198 – 29 – 8,676
അതേസമയം, വില്യസണിന്റെ സെഞ്ച്വറി കരുത്തില്‍ ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ ഏഴ് ലീഡ് നേടിയിരുന്നു. 317 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ കിവികള്‍ നേടിയത്. 42 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും 41 റണ്‍സടിച്ച ഡാരില്‍ മിച്ചലുമാണ് ഓസീസ് നിരയില്‍ നിര്‍ണായകമായത്.
ബംഗ്ലാദേശിനായി തൈജുല്‍ ഇസ്‌ലാം നാല് വിക്കറ്റ് നേടിയപ്പോള്‍ മോമിനുല്‍ ഹഖ് മൂന്ന് വിക്കറ്റും നേടി. മെഹിദി ഹസന്‍, നയീം ഹസന്‍, ഷോരിഫുള്‍ ഇസ് ലാം എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ഏഴ് റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് 100 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 39 ഓവര്‍ പിന്നിടുമ്പോള്‍ 114 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് കടുവകള്‍.
ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായ മഹ്‌മുദുല്‍ ഹസന്‍ ജോയ്, സാക്കിര്‍ ഹസന്‍ എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ജോയ് റണ്‍ ഔട്ടായപ്പോള്‍ അജാസ് പട്ടേലാണ് ഹസനെ പുറത്താക്കിയത്.
95 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും 63 പന്തില്‍ 398 റണ്‍സ് നേടിയ മോമിനുല്‍ ഹഖുമാണ് ക്രീസില്‍.
Content highlight: Kane Williamson completes 29th test century