| Saturday, 31st December 2022, 11:49 am

വില്ലിച്ചായന്‍ ന്നാ സുമ്മാവാ... രണ്ട് കിരീടം നേടിയ റിക്കി പോണ്ടിങ്ങിനോ ജോസ് ബട്‌ലറിനോ പോലുമില്ലാത്ത റെക്കോഡ് കീശയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. നാലാം ഇന്നിങ്‌സില്‍ 138 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ ന്യൂസിലാന്‍ഡ് വിജയത്തിലേക്ക് കുതിക്കവെ വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിച്ചതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്.

കിവികള്‍ ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം അവസാനിപ്പിച്ചത്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 438 റണ്‍സ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്ഥാനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 280 പന്തില്‍ നിന്നും 161 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.

ബാബറിന് പുറമെ ആഘാ സല്‍മാനും സെഞ്ച്വറി നേടിയിരുന്നു. 103 റണ്‍സാണ് സല്‍മാന്‍ സ്വന്തമാക്കിയത്.

പാകിസ്ഥാനെ പോലെ തന്നെ പിച്ചിന്റെ ആനുകൂല്യം ബ്ലാക് ക്യാപ്‌സും മുതലെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് സ്‌കോറും പറപറന്നു. ഒമ്പത് വിക്കറ്റിന് 612 റണ്‍സ് എന്ന നിലയില്‍ ക്യാപ്റ്റന്‍ ടിം സൗത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

395 പന്തില്‍ 21 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 200 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്. ഇതോടെ ഒരു നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്.

പത്ത് രാജ്യങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള ആദ്യ നോണ്‍ ഏഷ്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയത്.

നേരത്തെ, ഇന്ത്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, യു.എ.ഇ, ഇംഗ്ലണ്ട്, സിംബാബ്‌വേ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം സെഞ്ച്വറി നേടിയ വില്യംസണ്‍ പാകിസ്ഥാന്‍ മണ്ണില്‍ നിന്നും നൂറടിച്ചതോടെയാണ് റെക്കോഡിന് ഉടമയായത്.

അതേസമയം, വില്യംസണ് പുറമെ ടോം ലാഥമിന്റെ സെഞ്ച്വറിയും ഇഷ് സോധിയുടെ ഇന്നിങ്‌സുമാണ് ന്യൂസിലാന്‍ഡിനെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

174 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 311ന് എട്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

138 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം ചെയ്‌സ് ചെയ്ത് സ്വന്തമാക്കും എന്ന് കരുതിയിടത്ത് നിന്നുമാണ് വെളിച്ചക്കുറവ് പാകിസ്ഥാന് തുണയായത്. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണാണ് കളിയിലെ താരം.

ജനുവരി രണ്ടിനാണ് പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ്. ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Content Highlight: Kane Williamson becomes the first non Asian batter to score test centuries in 10 different countries

We use cookies to give you the best possible experience. Learn more