| Friday, 8th March 2024, 8:17 am

'ഇരട്ട സെഞ്ച്വറി'യുടെ മികവില്‍ ന്യൂസിലാന്‍ഡ്; ഓസീസിനെതിരെ അവര്‍ പുതിയ റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരം ഹഗ്ലെ ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 162 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഓപ്പണിങ് ഇറങ്ങിയ ടോം ലാതം 69 പന്തില്‍ 38 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും വില്‍ യങ്ങിന് 57 പന്തില്‍ നിന്ന് 14 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. ശേഷം ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ ക്ലാസ് ബാറ്റര്‍ കേന്‍ വില്യംസണ്‍ 37 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറി അടക്കം 17 റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. ജോഷ് ഹെയര്‍സല്‍ വുഡിന്റെ ഒരു എല്‍.ബി.ഡബ്ലിയു അപ്പീലിലായിരുന്നു താരം പുറത്തായത്. എന്നാല്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ റെക്കോഡ് ഇട്ടുകൊണ്ടായിരുന്നു വില്യംസണ്‍ തുടങ്ങിയത്. താരത്തിന്റെ നൂറാം ടെസ്റ്റ് മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

ഇതുവരെ ടെസ്റ്റില്‍ നിന്നും 8692 റണ്‍സ് ആണ് താരം നേടിയത്. 251 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 55.1 ആവറേജും താരത്തിനുണ്ട്. 51.43 സ്‌ട്രൈക്ക് റേറ്റില്‍ 32 സെഞ്ച്വറികളും ആറ് ഇരട്ട സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

എന്നാല്‍ വില്യംസണ് പുറമേ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തിക്കും തന്റെ നൂറാം ടെസ്റ്റ് ആഘോഷമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. 20 പന്തില്‍ നിന്ന് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 26 റണ്‍സ് ആണ് സൗത്തി നേടിയത്. 100 മത്സരങ്ങളിലായി 2098 റണ്‍സാണ് ഈ ഓള്‍ റൗണ്ടര്‍ നേടിയത്. 77 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 16.14 ആവറേജും താരത്തിലുണ്ട്. കൂടാതെ 378 വിക്കറ്റും 15 ഫൈഫറും താരത്തിന്റെ അക്കൗണ്ടില്‍ ഉണ്ട്. അതിനുപുറമേ ഒരു ടെന്‍ വിക്കറ്റ് ഹോള്‍ഡും സൗത്തി സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തില്‍ ടോം ബ്ലെന്‍ഡല്‍ 22 റണ്‍സ് നേടിയപ്പോള്‍ മാറ്റ് ഹെന്റി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. യുവതാരം രചിന്‍ രവീന്ദ്ര അടക്കമുള്ള താരങ്ങള്‍ക്ക് രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല.

ഓസ്‌ട്രേലിയക്കുവേണ്ടി ജോഷ് ഹേസല്‍വുഡ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 13 ഓവര്‍ എറിഞ്ഞ താരം നാല് മെയ്ഡന്‍ അടക്കം 31 റണ്‍സ് വിട്ടുകൊടുത്താണ് വിക്കറ്റ് വേട്ട നടത്തിയത്. 2.33 എന്ന് ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. താരത്തിനും പുറമേ മിച്ചല്‍ സ്റ്റാര്‍ട്ട് മൂന്നു വിക്കറ്റുകളും പാട്ട് കമ്മിസും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റുകളും നേടി.

Content Highlight: Kane Williamson And Tim Southee In Record Achievement

We use cookies to give you the best possible experience. Learn more