ടി-20 ലോകകപ്പില്‍ ഫോമിലേക്ക് മടങ്ങിയെത്തി കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് വില്യംസണ്‍ തന്റെ തിരിച്ചുവരവിന്റെ സൂചനകള്‍ എതിരാളികള്‍ക്ക് നല്‍കിയത്.
കഴിഞ്ഞ മത്സരങ്ങളില്‍ കെയ്ന്‍ വില്യംസണ്‍ തെറ്റില്ലാത്ത സ്‌കോര്‍ നേടിയെങ്കിലും ആ ഇന്നിങ്‌സുകള്‍ ഒരിക്കലും ടി-20 ഫോര്‍മാറ്റിന് ചേര്‍ന്നതായിരുന്നില്ല.
എന്നാല്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സ്‌ഫോടനാത്മകമായ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 35 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 61 റണ്‍സാണ് വില്യംസണ്‍ സ്വന്തമാക്കിയത്.
174.29 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു കെയ്ന്‍ വില്യംസണ്‍ റണ്ണടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സും മികച്ച സ്‌ട്രൈക്ക് റേറ്റും ഇതുതന്നെയാണ്.
നേരത്തെ, ഓസ്‌ട്രേലിയക്കെതിരെ 23 പന്തില്‍ നിന്നും 23 റണ്‍സും ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ നിന്നും എട്ട് റണ്‍സുമായിരുന്നു താരം നേടിയത്.
കിവീസ് തോറ്റ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 40 പന്തില്‍ നിന്നും 40 റണ്‍സുമാണ് താരം നേടിയത്. 180 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ 40 പന്തില്‍ 40 റണ്‍സെടുത്ത താരത്തിന്റെ മെല്ലെപ്പോക്കിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
എന്നാലിപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലുള്ള ഇന്നിങ്‌സാണ് കെയ്ന്‍ വില്യംസണ്‍ പുറത്തെടുത്തത്.
വില്യംസണെ പോലെ സമാനമായി വിമര്‍ശനങ്ങള്‍ നേരിട്ട ക്യാപ്റ്റനായിരുന്നു പ്രോട്ടീസ് നായകന്‍ തെംബ ബാവുമ. എന്നാല്‍, കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബാവുമയും കയ്യടി നേടിയിരുന്നു.
19 പന്തില്‍ നിന്നും നാല് ഫോറും ഒരു സിക്‌സറുമുള്‍പ്പടെ 36 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2022 ലോകകപ്പിലെ ബാവുമയുടെ മികച്ച പ്രകടനമാണിത്.
കെയ്ന്‍ വില്യംസണെ പോലെ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിന് ആവശ്യമുള്ളപ്പോള്‍ ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ബാവുമക്ക് സാധിച്ചിരുന്നു. എന്നാല്‍ പ്രോട്ടീസ് കളിയില്‍ പരാജയപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന കെ.എല്‍. രാഹുലും രോഹിത് ശര്‍മയും തെറ്റില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
എന്നാല്‍, ഇവര്‍ക്കൊപ്പം വിമര്‍ശനങ്ങള്‍ ഏറ്റവുവാങ്ങുമ്പോഴും പരാജയത്തില്‍ നിന്നും തുടര്‍പരാജയത്തിലേക്ക് പോവുകയാണ് പാക് നായകന്‍ ബാബര്‍ അസം. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും മികച്ച പ്രകടം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.
ബാബറിനെ പോലെ സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ട താരങ്ങളെല്ലാം തന്നെ മികച്ച ഇന്നിങ്‌സ് പുറത്തെടുക്കുമ്പോള്‍ പാക് നായകന്റെ വെടിക്കെട്ടിനാണ് ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
Content Highlight: Kane Williamson and Temba Bavuma back in form