പറയുന്നതൊക്കെ ശരിയാ, പക്ഷെ അതൊരു കൊള്ളാവുന്ന പരിപാടിയല്ല, ഞങ്ങളാരും അങ്ങനെ ചെയ്യൂല; ഇന്ത്യക്കെതിരെ ഒളിയമ്പെറിഞ്ഞ് കെയ്ന്‍ വില്യംസണ്‍
Sports
പറയുന്നതൊക്കെ ശരിയാ, പക്ഷെ അതൊരു കൊള്ളാവുന്ന പരിപാടിയല്ല, ഞങ്ങളാരും അങ്ങനെ ചെയ്യൂല; ഇന്ത്യക്കെതിരെ ഒളിയമ്പെറിഞ്ഞ് കെയ്ന്‍ വില്യംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th November 2022, 4:48 pm

ടി-20 ലോകകപ്പ് അവസാനിച്ചു, ഇനി ഇന്ത്യ-ന്യൂസിലാന്‍ഡ് സീരിസിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സീരിസിലെ ടി-20 ഫോര്‍മാറ്റില്‍ ഹര്‍ദിക് പാണ്ഡ്യയും ഏകദിനത്തില്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.

കഴിഞ്ഞ ദിവസം കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായ ന്യൂസിലാന്‍ഡ് സ്‌ക്വാഡിനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബര്‍ 18ന് ആരംഭിക്കുന്ന സീരിസില്‍ ടി-20യിലും ഏകദിനത്തിലും മൂന്ന് വീതം മാച്ചുകളാണ് ഉണ്ടാവുക.

മാച്ചിന് മുമ്പ് ഇന്ത്യയെ പേരെടുത്ത് പറയാതെ ഒന്ന് വിമര്‍ശിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ‘മന്‍കാദിങ്’ എന്ന നോണ്‍ സ്‌ട്രൈക്കറെ റണ്‍ ഔട്ടാക്കുന്ന രീതിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്.

സമീപകാലത്ത് ഇന്ത്യന്‍ സൂപ്പര്‍താരം ദീപ്തി ശര്‍മ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഷാര്‍ലറ്റ് ഡീനിനെ പുറത്താക്കിയതോടെ മന്‍കാദിങ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്‍കാദിങ്ങിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയത് ആര്‍. അശ്വിനായിരുന്നു.

ഐ.സി.സി അംഗീകരിച്ച രീതിയായിട്ടും ഇതിനെ പല ക്രിക്കറ്റര്‍മാരും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ദീപ്തി ശര്‍മക്കെതിരെ ഇംഗ്ലണ്ട് പുരുഷതാരങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് അശ്വിനടക്കമുള്ളവര്‍ ദീപ്തിയെയും മന്‍കാദിങ്ങിനെയും പ്രതിരോധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നോണ്‍ സ്‌ട്രൈക്കറെ ഔട്ടാക്കുന്ന ഈ രീതിയോട് താന്‍ യോജിക്കുന്നില്ലെന്നാണ് കെയ്ന്‍ വില്യംസണ്‍ പറയുന്നത്. ഇതൊരു മികച്ച രീതിയായി താന്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇതേ കുറിച്ച് ഒരുപാട് ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ട്. പക്ഷെ ഞങ്ങളെന്തായാലും അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തിപരമായി ഇത് കളിയിലെ മികച്ച ഒരു രീതിയായി ഞാന്‍ കണക്കാക്കുന്നില്ല.

ഒരു കണക്കിന് നോക്കുമ്പോള്‍ ഈ രീതിക്ക് പ്രാധാന്യമുണ്ടെന്ന് തോന്നിയേക്കാം. അതായത് നിങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ കളിക്കുന്നു അതിനൊപ്പം ആരെങ്കിലും നേരത്തെ ക്രീസ് വിട്ടുപോയി ഒരു അധികനേട്ടം കൊയ്യാതിരിക്കാന്‍ കൂടി നിങ്ങള്‍ ശ്രദ്ധിക്കുന്നു, എന്ന് വേണമെങ്കില്‍ പറയാം.

പക്ഷെ, ആളുകള്‍ കളി കാണാനെത്തുന്നത് ബാറ്റും ബോളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാനാണ്, അല്ലാതെ ഒരു ബോള്‍ എറിയാതെ പോകുന്നത് കണ്ട് ആരും ആരും ആവേശഭരിതരാകാറില്ല,’ കെയ്ന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള സീരിസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് താരം സംസാരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇന്ത്യന്‍ കളിക്കാരുടെ പേരുകളൊന്നും പറഞ്ഞില്ലെങ്കിലും കെയ്‌ന്റെ വാക്കുകള്‍ ചെന്നു തറച്ചിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ തന്നെയാണ്. കെയ്‌ന്റെ വാക്കുകളെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

Content Highlight: Kane Williamson against Mankading