| Saturday, 19th June 2021, 6:31 pm

കണ്ടോത്ത് ഗോപിയുടെ ചരിത്രമിതാണ്, ഇപ്പോള്‍ പറയുന്നത് ശുദ്ധ നുണയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെ. സുധാകരന്‍ പത്രസമ്മേളനത്തില്‍ ഒരാളെ വിളിച്ചിരുത്തിയിരുന്നു, കണ്ടോത്ത് ഗോപി. ദിനേശ് ബീഡി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി താന്‍ സമരം നടത്തിയെന്നും ഈ സമരത്തിനിടെ പിണറായി വിജയന്‍ 1977 ല്‍ തന്നെ ആക്രമിച്ചെന്നുമായിരുന്നു ആരോപണം.

ആരാണ് ഈ കണ്ടോത്ത് ഗോപിയെന്ന് നോക്കിയാല്‍ തന്നെ പറയുന്നത് ശുദ്ധ നുണയാണെന്ന് മനസിലാവും. 1972 വരെ ആര്‍.എസ്.എസിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തകനായിരുന്നു ഈ കണ്ടോത്ത് ഗോപി. ഈ സമയത്ത് തൊഴിലാളി സമരങ്ങളെത്തുടര്‍ന്ന് ബീഡി & സിഗാര്‍ വര്‍ക്കേര്‍സ് കണ്ടീഷന്‍ ആന്‍ഡ് എംപ്ലോയിമെന്റ്‌സ് ആക്ട് നിലവില്‍ വന്നതിനാല്‍ മംഗലാപുരം ആസ്ഥാനമായ ഗണേഷ് ബീഡി സ്ഥാപനങ്ങള്‍ കേരളത്തില്‍ അടച്ചുപൂട്ടുകയും തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്തിരുന്നു.

ഈ സമയത്ത് ജനസംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ഗണേഷ് ബീഡിയുടെ മുതലാളിക്ക് വേണ്ടി ഔട്ട് വര്‍ക്ക് എന്ന പരിപാടി ധര്‍മ്മടത്ത് നടന്നിരുന്നു. അതിന് ചുക്കാന്‍ പിടിച്ചത് കണ്ടോത്ത് ഗോപിയായിരുന്നു.

മാത്രവുമല്ല ദിനേശ് ബീഡി പൂട്ടിക്കുന്നതിനും അതിന്റെ ട്രേഡ് മാര്‍ക്ക് ഗണേഷ് ബീഡിക്ക് കിട്ടാനും വേണ്ടി കേസ് കൊടുത്തതും ഇതേ കണ്ടോത്ത് ഗോപിയാണെന്ന് ചരിത്ര രേഖകള്‍ വെച്ച് പരിശോധിച്ചാല്‍ മനസിലാവും. ഈ വ്യക്തിയാണ് ഇപ്പോള്‍ ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് വേണ്ടി രംഗത്ത് എത്തിയിരുന്നു എന്ന് പറയുന്നത്.

1969 ല്‍ ധര്‍മ്മടത്ത് ദിനേശ് ബീഡി കത്തിക്കാന്‍ എത്തിയവരുടെ കൂട്ടത്തിലും ഇതേ കണ്ടോത്ത് ഗോപിയുണ്ടായിരുന്നു. അതോടുകൂടി നാട്ടില്‍ നിന്ന് പോയ ഇയാള്‍ പിന്നീട് കോണ്‍ഗ്രസ് ആയിട്ടാണ് തിരിച്ചെത്തുന്നത്.

1977 ല്‍ പിണറായി വിജയന്‍ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം നടത്തിയെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. പൊലീസ് അന്ന് കേസ് എടുത്തില്ലെന്നും പിണറായി വിജയന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒഴിവാക്കിയെന്നുമാണ് ആരോപണം. അതുതന്നെ ഏറ്റവും വലിയ വിഢ്ഡിത്തം ആണ്.

1969 മുതല്‍ ഏകദേശം 1979 വരെ കാലയളവില്‍ കേരളത്തില്‍ ഭരിക്കുന്നത് ഇടതുപക്ഷമല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. മാത്രവുമല്ല അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ അതിക്രൂരമായി പൊലീസ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലെ തന്നെ പൊലീസാണ് ഇത്തരത്തില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.

അത്തരത്തിലുള്ള പൊലീസ് പിണറായി വിജയന്റെ സ്വാധീനം മൂലം കേസെടുത്തില്ല എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്ന ഒന്നല്ല. മുമ്പ് ദിനേശ് ബീഡി പിടിച്ചെടുക്കാന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഗോപാലന്‍ മാസ്റ്ററിനെതിരെ വ്യാജ കേസ് കൊടുത്തയാളുകളാണ് ഈ കണ്ടോത്ത് ഗോപിയും സംഘവും.

മറ്റൊന്ന് കെ.സുധാകരനും ഈ കണ്ടോത്ത് ഗോപിയും തമ്മിലുള്ള ഈ വലിയ ഐക്യം ആര്‍.എസ്.എസിന്റെ പഴയ ജനസംഘം ബന്ധമാണ്. കെ. സുധാകരന്‍ കോണ്‍ഗ്രസ് ആവുന്നതിന് മുമ്പ് തന്നെ ജനതാ പാര്‍ട്ടിയുടെ നേതാവായിരുന്നു.

ജനസംഘവും സ്വതന്ത്ര പാട്ടിയും ചേര്‍ന്ന് ഭാരതീയ ലോക്ദള്‍ ഉണ്ടായി. 1977ല്‍ കെ.ജി മാരാര്‍ മത്സരിച്ച ഉദുമ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഭാരവാഹിയായിരുന്നു കെ.സുധാകരന്‍. ഏത് പാര്‍ട്ടിയില്‍ പോയാലും അത് കുട്ടിച്ചോറാക്കുക എന്നത് സുധാകരന്റെ ശൈലിയാണ്. ലോക്ദള്‍ പാര്‍ട്ടിയില്‍ കെ.ജി. മാരാര്‍ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കുകയും പാര്‍ട്ടിയില്‍ മാരാര്‍ക്ക് എതിരായി സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു.

പിന്നീട് ഒരു നീണ്ടകാലത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് വരാന്‍ വേണ്ടി അന്നത്തെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. രാമകൃഷ്ണനെ സമീപിക്കുകയും രാമകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ലീഡര്‍ കെ. കരുണാകരനോട് സംസാരിക്കുകയുമായിരുന്നു ചെയ്തത്.

അന്ന് കരുണാകരന്‍ ചോദിച്ചത് ‘മൂലക്കിരിക്കുന്ന കോടാലി എടുത്ത് കാലിലിടണോ രാമകൃഷ്ണ’ എന്നായിരുന്നു. ഈ ചോദ്യത്തില്‍ തന്നെ ഏത് പാര്‍ട്ടിയില്‍ പോയാലും ഇത്തരത്തില്‍ കുത്തിതിരുപ്പുകളാണ് കെ. സുധാകരന്‍ നടത്തുന്നതെന്ന് കാണാന്‍ കഴിയും.

ഗോപിയുടെ ആരോപണം വന്നപ്പോള്‍ തന്നെ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പ്രസ്താവനയും വന്നു. പിണറായി വിജയനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന്. സ്വാഭാവികമായി വി.മുരളീധരനും ഈക്കാര്യമെല്ലാം പറയുന്നത് ചരിത്രപരമായി തന്നെ ഐക്യം ശക്തമാണ് എന്നുള്ളതിന് തെളിവാണ്.

പഴയ ജനസംഘം ഐക്യം ഇപ്പോഴും ശക്തമാണ് അതുകൊണ്ടാണല്ലോ താന്‍ ബി.ജെ.പിയിലേക്ക് വേണമെങ്കില്‍ പോകുമെന്ന് സുധാകരന്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്. പിന്നെ മുരളീധരന്‍ കഴിഞ്ഞ കുറെ കാലമായി എന്തുകേട്ടാലും ഉടനെ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന തരത്തിലാണ് പറയുന്നത്. സമീപകാലത്തെ അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കേരളം കാണുന്നതാണ്.

തയ്യാറാക്കിയത്: അശ്വിന്‍ രാജ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more