കോഴിക്കോട്: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭ പ്രതിനിധികള്‍ കാന്ധമാല്‍ മുതല്‍ മണിപ്പൂര്‍ വരെയുള്ള വിഷയങ്ങള്‍ തന്റേടത്തോടെ പറയേണ്ടിയിരുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രപൊലീത്ത. അല്ലായെങ്കില്‍ അവരുടെ ഈ നിശബ്ദത മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പറയാന്‍ കഴിയാവുന്ന സന്ദര്‍ഭമായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ നിര്‍ബന്ധമായും പറയേണ്ടിയിരുന്നു എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രപൊലീത്ത പറഞ്ഞു.
മണിപ്പൂരില്‍ സ്ത്രീയെ നഗ്നയാക്കി നടത്തിച്ചത് കാണാത്തവര്‍ കേരളത്തില്‍ വന്ന് മഹിളാവികസനത്തെ കുറിച്ച് വാചാലാകുന്നതില്‍ അര്‍ത്ഥമില്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യനപക്ഷങ്ങള്‍ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വാക്കുകളില്‍ വികാരം കൊള്ളുന്നവര്‍ കര്‍ണാടകമുതല്‍ വടക്കോട്ട് നടക്കുന്ന ക്രൈസ്തവ വേട്ടയില്‍ വികാരം കൊള്ളാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. സജി ചെറിയാന്‍ പറഞ്ഞതിന്റെ പൊരുള്‍ ആര്‍ക്കും തള്ളിക്കയാനാകില്ലെന്നും ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് കൃത്യമായ അജണ്ടയുണ്ടെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രപൊലീത്ത പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യവും സാര്‍വലൗകികതയും മതസ്വാതന്ത്ര്യവും അപകടത്തിലാവുമ്പോള്‍ പ്രതിഷേധിക്കണം.നിരപരാധികള്‍ക്ക് നേരെ ആക്രമപരമ്പരകള്‍ അറങ്ങേറുമ്പോള്‍ നോക്കി നില്‍ക്കണോ? ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് ആരും മറക്കരുതെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രപൊലീത്ത പറഞ്ഞു.
content highlights: Kandhamal to Manipur; Those who attended the Prime Minister’s party should have spoken out about the persecution faced by Christians