| Thursday, 15th August 2019, 10:39 am

പ്രളയം പഠിപ്പിക്കുന്നതെന്താണ് ? പയ്യന്നൂരിലെ നിര്‍ദിഷ്ട എണ്ണ സംഭരണശാല വേണ്ടെന്നു തന്നെ

കെ. രാമചന്ദ്രന്‍

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് അല്പം തെക്കുമാറി കണ്ടങ്കാളിയിലെ തലോത്തുവയലില്‍ പി.ഓ.എല്‍ എന്ന പേരില്‍ ഒരു കൂറ്റന്‍ എണ്ണസംഭരണശാല സ്ഥാപിക്കാന്‍ എച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നീ എണ്ണക്കമ്പനികള്‍ ചേര്‍ന്ന് ശ്രമം തുടങ്ങുകയും അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുകയും ചെയ്തിട്ട് രണ്ടു വര്‍ഷമായി. 130 ഏക്ര ഭൂമി ഇതിനു വേണ്ടി പൊന്നും വിലയ്ക്കെടുത്തു കമ്പനിക്കു നല്കുവാനുള്ള ദൗത്യം കേരളസര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിനു വേണ്ടി പ്രത്യേകം ഒരു ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് പയ്യന്നൂരില്‍ ആരംഭിക്കുകയും ചെയ്തു.

വലിയ കണ്ടല്‍ക്കാടുള്‍പ്പെടുന്ന പുഴക്കരകൂടി ഇതിന്റെ പരിധിയില്‍ വരുന്നതിനാലും തീരദേശസംരക്ഷണ നിയമത്തിലെ പട്ടിക-1 ല്‍ വരുന്ന സ്ഥലമായതുകൊണ്ട് അതിനു അനുമതി ലഭിക്കാന്‍ സാധ്യത മങ്ങുന്നതിനാലും പിന്നീട് കമ്പനി അതിന്റെ ഭൂമി ആവശ്യം 85 ഏക്കറായി പരിമിതപ്പെടുത്തി. 6 കോടി 95 ലക്ഷം ലിറ്റര്‍ എണ്ണ സംഭരിക്കാവുന്ന 20 കൂറ്റന്‍ സംഭരണ ടാങ്കുകളാണ് ഇവിടെ നിര്‍മിക്കുക. രണ്ടു പുഴകളും വടക്കന്‍ കേരളത്തിലെ അനേകം പുഴകളുടെ സന്ധിക്കുന്ന ഒരുകായലും അതിന്റെ കരയിലെല്ലാം കണ്ടല്‍ക്കാടുകളും നിറഞ്ഞവിശാലമായ ഒരു തണ്ണീതടത്തിന്റെ നടുവിലാണ് ഈ ടാങ്കുകള്‍ ഉയര്‍ന്നു വരിക : ഇപ്പോള്‍ കൃഷി ചെയ്തു വരുന്ന നെല്‍വയലില്‍.

പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ ഒരു പ്രദേശമാണ് മണല്‍ നിറഞ്ഞ ഈ വയല്‍.കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍, തൊട്ടടുത്ത പുഴകളില്‍ നിന്നും കവ്വായി കായലില്‍ നിന്നും മീന്‍ പിടിച്ചും കക്ക വാരിയും ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണമനുഷ്യരുടെ ഉപജീവനമാര്‍ഗം ഭാവിയില്‍ അടയും. മണല്‍ കലര്‍ന്ന മണ്ണില്‍ എണ്ണ വീണാല്‍ അത് പെട്ടെന്ന് കിനിഞ്ഞിറങ്ങി തൊട്ടടുത്ത കായലിലൂടെ കണ്ണൂര്‍-കാസറഗോഡ് ജില്ലകളിലെ ഒട്ടനേകം പുഴകളിലേക്കു എത്തിച്ചേരും; അത് കായലിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ജലജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ടാങ്കറുകളില്‍ നിറക്കുമ്പോഴും, അവ കഴുകുമ്പോളും എണ്ണ വളരെ ചെറിയ തോതില്‍ മാത്രം മണ്ണില്‍ കലര്‍ന്നാലും, ഇത്രയും വലിയ കേന്ദ്രത്തില്‍നിന്നുള്ള ‘ചെറിയ’ അളവുപോലും കോമ്പൗണ്ടിനു തൊട്ടടുത്ത കായലിലും അതിലൂടെ മറ്റു പുഴകളിലും പാടയായി വ്യാപിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുക.

താഴ്ന്നു കിടക്കുന്ന ഈ പ്രദേശം മൂന്നു മീറ്റര്‍ മണ്ണിട്ടുയര്‍ത്തിയാല്‍ മാത്രമേ അത് റെയില്‍വേ ലൈനിന്റെ ലെവലില്‍ വരൂ; അത് ചെയ്യാന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഇടിച്ചുകൊണ്ടുവരുന്ന പതിനായിരക്കണക്കിനു ലോഡ് മണ്ണ് വേണ്ടിവരും; ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ ഇടനാടന്‍ കുന്നുകള്‍ ഇനിയും നശിപ്പിക്കേണ്ടിവരും. പ്രളയാനന്തരകേരളം തിരിച്ചറിഞ്ഞ ചില അടിസ്ഥാനസത്യങ്ങളെ അവഗണിച്ചു കൊണ്ടേ ഇത് ചെയ്യാന്‍ കഴിയൂ.

ഈ വര്‍ഷത്തെ പ്രളയം മൂലം അനേകം കുടുംബങ്ങള്‍ ഒഴിഞ്ഞു പോകേണ്ടി വന്നവയാണ് ഇതിന്റെ പരിസരത്തെ വീടുകള്‍. തലോത്ത് വയലിലേക്കു കടക്കുന്ന വഴിയില്‍ ഇപ്പോള്‍ അരയ്ക്കൊപ്പമാണ് വെള്ളം . ഇത്രയും വെള്ളക്കെട്ടുള്ള പ്രദേശത്ത് എണ്ണ സംഭരണി വേണമോ എന്നത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പുനഃപരിശോധിക്കേണ്ട കാര്യമാണ്.

എണ്ണ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ ആഗോളകാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 2030 ആവുമ്പോഴേക്കും വേണ്ടെന്നുവെക്കുമെന്നും പകരം ഇലക്ട്രിക്വാഹനങ്ങള്‍ വ്യാപകമാക്കുമെന്നും.പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ പദ്ധതിയുടെ പ്രസക്തി എന്താണ് ? ഏതാനും വര്‍ഷങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഇത്രയും ഭീമമായ ഒരു സംഭരണിവേണോ ? ഇത് തികച്ചും അനാവശ്യമല്ലേ ?

പെട്രോളിയം ഇന്ധന വിതരണത്തില്‍ ഇപ്പോള്‍ ഈ പ്രളയകാലത്ത് പോലും വലിയ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടാത്ത സ്ഥിതിക്ക്, നിലവിലുള്ള വികേന്ദ്രീകൃത വിതരണ ശൃംഖല വേണമെങ്കില്‍ അല്‍പ്പം കൂടി വികസിപ്പിച്ചാല്‍ കാര്യം നടക്കില്ലേ ? ഇനി അഥവാ എന്നിട്ടും പോരെന്നുണ്ടെങ്കില്‍ തണ്ണീര്‍തടമല്ലാത്തതും ശുദ്ധജലക്ഷാമം നേരിടാത്തതും പാരിസ്ഥിതികമായി ദുര്‍ബലമല്ലാത്തതുമായ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥാനം കണ്ടുപിടിക്കുകയല്ലേ ചെയ്യേണ്ടത് ?

പ്രളയക്കെടുതി വരുത്താതെ മഴവെള്ളത്തിനു കെട്ടിക്കിടക്കാന്‍ കളമൊരുക്കുന്ന ഈ വിശാലമായ തണ്ണീര്‍ത്തടം (ഫ്‌ളഡ്‌പ്ലെയിന്‍ ) ജലം സംരക്ഷിക്കുന്ന ഇടം കൂടിയാണ് എന്നത് അതിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. എണ്ണ ശാലയ്ക്കു ദിവസേന വേണ്ട ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം എവിടെ നിന്നു കൊണ്ടുവരുമെന്ന് പരിസ്ഥിതി പ്രത്യാഘാതപത്രികയില്‍ പറയുന്നില്ല.ഭൂഗര്‍ഭജലം ഊറ്റിയെടുക്കാം എന്നാവും വിചാരം. എന്നാല്‍ ഇങ്ങനെ ചെയ്താല്‍,തൊട്ടടുത്ത് ഉപ്പുവെള്ളം ഒഴുകുന്ന കായലായതിനാല്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറി നിലവിലുള്ള കുടിവെള്ളം പോലും ഇല്ലാതാവും എന്ന വലിയ ആപത്തുണ്ട്.

തൊട്ടടുത്തപ്രദേശങ്ങളില്‍,വീടുകള്‍മാത്രമല്ല, ധാരളം സ്‌കൂളുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍,വിവിധമതക്കാരുടെ ആരാധനാലയങ്ങള്‍,സാംസ്‌കാരിക സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയെല്ലാം ഉണ്ട് . പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുംപോലെ, ഏഴ് വടക്കന്‍ ജില്ലകളിലെ 334 വിതരണ കേന്ദ്രങ്ങളിലേക്ക് നിരന്തരം ഈ കേന്ദ്രത്തില്‍നിന്ന് ടാങ്കറുകള്‍ ഓടിക്കൊണ്ടിരിക്കുകയാണെങ്കില്‍ ഇപ്പോള്തന്നെ ട്രാഫിക് ദുസ്സഹമായ പയ്യന്നുര്‍ പ്രദേശത്തെ ഇടുങ്ങിയ റോഡുകളിലെ വാഹനത്തിരക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവിധത്തില്‍വര്‍ദ്ധിക്കും. കുട്ടികള്‍ തൊട്ടടുത്ത സ്‌കൂളുകളില്‍ എത്തിപ്പെടാന്‍പോലും കഷ്ടപ്പെടും.

പരിസ്ഥിതി പ്രത്യാഘാതപത്രിക തയ്യാറാക്കിയിട്ടുള്ളത് സുപ്രധാനമായ ഇത്തരം വസ്തുതകളൊന്നും തന്നെ പരിഗണിക്കാതെയാണ്എന്നത് സ്പഷ്ടമാണ്. മലിനീകരണനിയന്ത്രണബോര്‍ഡ് വിളിച്ചു ചേര്‍ത്ത, ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക് ഹിയറിങ്ങില്‍ എത്തിച്ചേര്‍ന്ന 1700 ആളുകളും ഈ പദ്ധതിയെ ഏകകണ്ഠമായി എതിര്‍ത്തത്കാര്യകാരണ സഹിതമാണ്. കളക്ടര്‍ അത് റിപ്പോര്‍ട്ടു ചെയ്തതായും കാണുന്നു. എന്നിട്ടും സ്ഥലമെടുപ്പ്‌നടപടികളുമായി മുന്നോട്ടു പോകുന്ന നിലപാടാണ് സര്‍ക്കാരില്‍നിന്നുണ്ടായത്.

നവരത്‌നക്കമ്പനികള്‍ക്കു വേണമെങ്കില്‍ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താന്‍ പ്രയാസമുണ്ടാവുമെന്നു തോന്നുന്നില്ല. കമ്പനികള്‍ക്കും വയല്‍ വിറ്റു കാശുണ്ടാക്കാമെന്നു കരുതുന്ന ഏതാനും ആളുകള്‍ക്കും പദ്ധതിവരുന്നത് മുന്‍കൂട്ടി അറിഞ്ഞു സ്ഥലം വാങ്ങിക്കൂട്ടിയഏതാനും റിയല്‍ എസ്‌റേറ്റുകാര്‍ക്കും അല്ലാതെ ഇതുകൊണ്ടു ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് വ്യക്തമാണ്. നിര്‍മാണപ്രവര്‍ത്തിയല്ലാതെ, ശാലയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആര്‍ക്കും പുതുതായി ജോലിയുണ്ടാവില്ലെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട് താനും

പാരിസ്ഥിതികമായോ സാമൂഹികമായോ സാംസ്‌കാരികമായോ യാതൊരു ന്യായീകരണവുമില്ലാത്ത പദ്ധതിയാണ് പയ്യന്നൂരില്‍ വരുന്നത് .അതും ഏതാനും വര്‍ഷം കൊണ്ട് തികച്ചും അനാവശ്യമായിത്തീരുന്ന ഒരു പദ്ധതി.രണ്ടു പ്രളയങ്ങളും പ്രളയാനന്തര ആസൂത്രണത്തില്‍ വരുത്തേണ്ട മാറ്റ ങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ നിര്‍ദേശങ്ങളും ഒന്നും സര്‍ക്കാരില്‍ ഒരു പുനരാലോചനയ്ക്കുള്ള പ്രേരണയാവില്ലെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്?

നശിപ്പിച്ചുകഴിഞ്ഞാല്‍ ഒരിക്കലും പുനഃസ്ഥാപിക്കാന്‍ കഴിയാത്ത അമൂല്യമായ പാരിസ്ഥിതിക സമ്പത്താണ് ഈ പദ്ധതി നടപ്പിലാക്കിയാല്‍ പയ്യന്നൂരില്‍ എന്നെന്നേക്കുമായി ഇല്ലാതാവുക. ഈ ബോധമാണ് ഇതിനെതിരെയുള്ള ജനകീയ ചെറുത്തുനില്പിനു് പ്രേരണയാവുന്നത്. രണ്ടുവര്‍ഷമായി പ്രതിരോധിക്കുന്ന പരിസ്ഥിതി സംഘടനകള്‍ ഇപ്പോഴും സമരപാതയിലാണ്.

പ്രളയാനന്തര സാഹചര്യത്തില്‍, സെപ്തംബര്‍ മാസത്തില്‍ , പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ സ്ഥലത്തെത്തുകയും തുടര്‍ന്നുള്ള സമരങ്ങള്‍ക്കും പാരിസ്ഥിതിക വീണ്ടെടുക്കലുകള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.വാതകചോര്‍ച്ച,അഗ്‌നിബാധ തുടങ്ങിയ കടുത്ത അപകടസാധ്യതകള്‍ തീരെ പരിഗണിക്കാതിരുന്നാല്‍ പോലും, പശ്ചിമ ഘട്ട നശീകരണത്തിനും തണ്ണീര്‍ത്തട വിനാശത്തിനും വന്‍ തോതില്‍ ഇടയാക്കുന്ന പയ്യന്നൂര്‍ സംഭരണി ഒരു മാരക വിപത്തായിത്തീരുമെന്ന തിരിച്ചറിവുണ്ടായി ,അതുപേക്ഷിക്കാനുള്ള വിവേകം ഇനിയെങ്കിലും സര്‍ക്കാര്‍ പ്രകടിപ്പിക്കുമെന്നു തന്നെയാണ് സാമാന്യജനങ്ങളുടെ പ്രതീക്ഷ.

കെ. രാമചന്ദ്രന്‍

We use cookies to give you the best possible experience. Learn more