| Saturday, 16th September 2017, 10:53 pm

കല്ലേന്‍ പൊക്കുടന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ടല്‍ സ്‌കൂളുമായി പിന്‍ഗാമികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ടല്‍ക്കാടുകള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പരിസ്ഥിതി സ്‌നേഹിയായിരുന്നു കല്ലേന്‍ പൊക്കുടന്‍. കണ്ണൂരിലെ പഴയങ്ങാടിയിലും പരിസരങ്ങളിലെയും പുഴയോരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്തിയ പൊക്കുടന്റെ ജീവിതം ഏറെ പ്രശസ്തമാണ്. പൊക്കുടന്‍ മരിച്ച് രണ്ടു വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയായി കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പിന്‍ഗാമികള്‍.


Also Read: അന്‍സിബ വിവാഹിതയായെന്ന് സോഷ്യല്‍മീഡിയില്‍ പ്രചരണം; സത്യാവസ്ഥ വെളിപ്പെടുത്തി താരം


പുതു തലമുറയ്ക്ക് കണ്ടല്‍ക്കാടുകളെക്കുറിച്ചും പുഴ ജീവിതത്തെക്കുറിച്ചുമുള്ള അര്‍ത്ഥവത്തായ അറിവുകള്‍ പകരുന്ന വിധത്തില്‍ കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കാനാണ് പൊക്കുടന്റെ പിന്‍ഗാമികളുടെ ശ്രമം. പഴയങ്ങാടിലെ മുട്ടുകണ്ടി പുഴക്കരയിലാണ് കണ്ടല്‍ സ്‌കൂള്‍ ഒരുങ്ങാന്‍ പോകുന്നത്.

തന്റെ ജീവിതം കണ്ടല്‍ക്കാടുകള്‍ക്കായി നീക്കിവെച്ച പൊക്കുടന്‍ സ്‌കൂളുകളിലും കോളജുകളിലും ചെന്ന് കണ്ടല്‍ക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് നിരവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്. അതേ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടലിനെയും പുഴജീവിതത്തെയും പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ നടത്തുക, ഇതുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് നടത്തുക, കണ്ടല്‍ ജീവിതത്തെയും പുഴ ജീവിതത്തെയും പുതിയ തലമുറയെ അനുഭവിപ്പിക്കുക, തുടങ്ങിയ ആശയങ്ങളാണ് കണ്ടല്‍ സ്‌കൂളിലൂടെ പ്രാവര്‍ത്തികമാക്കുക.


Dont Miss: ആന്‍ട്രിക്സ്-ദേവാസ് കരാര്‍; ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ക്ക് സമന്‍സ്


പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം തിരിച്ചു പിടിക്കാനുള്ള വഴികള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പൊക്കുടന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുക എന്ന ലക്ഷ്യവും പൊക്കുടന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. പൊക്കുടന്റെ ഇത്തരത്തിലുള്ള വേറിട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിന്‍മുറക്കാരും രംഗത്തിറങ്ങിയിരിക്കുന്നത്.

സെപ്റ്റംബര്‍ 27 നു കണ്ണൂര്‍ ജവഹര്‍ പബ്ലിക് ലൈബ്രറിയിലാണ് കല്ലേന്‍ പൊക്കുടന്റെ പരിനിര്‍വാണ ദിനം ആചരിക്കുന്നത്. ടി.വി. രാജേഷ് എം.എല്‍.എ ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വെച്ചാകും കണ്ടല്‍ സ്‌കൂളിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കുക.

We use cookies to give you the best possible experience. Learn more