| Sunday, 1st August 2021, 2:22 pm

ആക്രമണം ശക്തമാക്കി താലിബാന്‍; കാണ്ഡഹാറിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ റോക്കറ്റാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബുള്‍: അഫ്ഗാനില്‍ താലിബാന്‍ ആക്രമണം രൂക്ഷമാകുന്നു. കാണ്ഡഹാറിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് താലിബാന്‍ നടത്തുന്ന റോക്കറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

ആക്രമണത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കാണ്ഡഹാറില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. റോക്കറ്റ് ആക്രമണത്തില്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്നും എയര്‍പോര്‍ട്ട് ചീഫ് മസൂദ് പഷ്തൂണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെയും താലിബാന്‍ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

അതേസമയം താലിബാന്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യു.എന്നിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ 2400 ലധികം അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന നേരത്തെ പറഞ്ഞിരുന്നു. മെയ് മുതല്‍ ജൂണ്‍ വരെയുള്ള രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്നാണ് യു.എന്‍ വൃത്തങ്ങളുടെ റിപ്പോര്‍ട്ട്.

മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച ആക്രമണങ്ങള്‍ ഉച്ചസ്ഥായില്‍ എത്തിയിരിക്കുകയാണ്. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kandahar airport hit by rocket fire as Afghanistan fighting rages

We use cookies to give you the best possible experience. Learn more