ന്യൂദൽഹി: പ്രധാനമന്ത്രിയുടെ കവച് സുരക്ഷാ സംവിധാനം ഉണ്ടായിരുന്നെങ്കിൽ കാഞ്ചൻജംഗ അപകടം ഒഴിവാക്കാൻ സാധിക്കുമായിരുന്നെന്ന് ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് ഇന്ത്യയുടെ റിപ്പോർട്ട്. ട്രെയിനുകൾക്കും ട്രാക്കുകൾക്കുമിടയിൽ റേഡിയോ, ജി.പി.എസ് സിഗ്നലുകൾ കടത്തിവിട്ട് കൂട്ടിയിടികൾ തടയാൻ നിർമിച്ച സാങ്കേതിക വിദ്യയാണ് കവച്.
ഇന്ത്യയിൽ ദേശീയ ധനകാര്യ സുതാര്യത ഉറപ്പ് വരുത്താൻ സ്ഥാപിച്ച കൂട്ടായ്മയാണ് എഫ്.എ.എൻ.
കാഞ്ചൻജംഗ ദുരന്തത്തിന് ശേഷം എഫ്.എ.എൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ റെയിൽവേ മേഖലയിൽ നടന്നതായി കണ്ടെത്തി. കവച് സംവിധാനം നിർമിക്കാൻ വേണ്ടിയുള്ള ഫണ്ടുകൾ പാത്രങ്ങളും ഫർണിച്ചറുകളും വാങ്ങാൻ വേണ്ടി ദുരുപയോഗം ചെയ്തു എന്നാണ് എഫ്.എ.എൻ കണ്ടെത്തിയത്. സാമ്പത്തിക ലാഭത്തിനായി പൊതുജനങ്ങളുടെ സുരക്ഷയിൽ റെയിൽവേ അധികൃതർ വിട്ടുവീഴ്ച ചെയ്‌തെന്നും അവർ കൂട്ടിച്ചേർത്തു.
ട്രെയിനുകളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ നടത്തുന്നതിലും വലിയ വീഴ്ചകൾ നടന്നെന്ന് എഫ്.എ.എൻ പറഞ്ഞു. ട്രെയിനുകളിലെ തിരക്ക് കൂടിയതും അപകടത്തിന് കാരണമാണെന്ന് എഫ്.എ.എൻ കൂട്ടിച്ചേർത്തു.
2012 നും 2022 നും ഇടയിൽ ജനറൽ ക്ലാസ്സുകളിലെ സീറ്റുകൾ 50 ശതമാനത്തിൽ നിന്ന് 43 ശതമാനമായി കുറച്ചതിനാലാണ് തിരക്ക് വർധിച്ചതെന്നും എഫ്.എ.എൻ ചൂണ്ടിക്കാട്ടി . ട്രെയിനുകൾ കൃത്യ സമയത്ത് എത്തുന്നത് 79 ശതമാനത്തിൽ നിന്ന് 69 ശതമാനമായി കുറഞ്ഞു. ഇത്തരം വിഷയങ്ങൾക്ക് റെയിൽവേ യാതൊരു വിധ പ്രാധാന്യവും നൽകിയിട്ടില്ലെന്നും എഫ്.എ.എൻ. വിമർശിച്ചു. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം സെൽഫി ബൂത്തുകൾ നിർമിക്കാനാണ് റെയിൽവേ ശ്രമിച്ചതെന്നും അവർ വിമർശിച്ചു.
ഏകദേശം 7 ലക്ഷത്തിനടുത്ത് ചെലവ് വരുന്ന സെൽഫി ബൂത്തുകളാണ് റെയിൽവേ നിർമിച്ചത്. തുടർന്ന് റെയിൽവേ മേഖലയിൽ സർക്കാർ ഉടൻ തന്നെ അഴിച്ചുപണികൾ നടത്തണമെന്ന് എഫ്.എ.എൻ പറഞ്ഞു. അതിനായവർ ചില നിർദേശങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു.
കാഞ്ചൻജംഗ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സമാനമായ അപകടങ്ങൾ ഈ അടുത്തകാലത്ത് നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എഫ്.എ.എൻ പറഞ്ഞു. ട്രെയിനുകളിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് പാർലമെന്റിൽ അവതരിപ്പിക്കുകയും നിർദിഷ്ട സംവിധാനങ്ങൾ നടത്തുന്നതിനുള്ള സമയ പരിധി നിശ്ചയിക്കുകയും ചെയ്യുക,സുരക്ഷാ നടപടികൾ കൃത്യമായി ചെയ്തുവെന്ന റിപോർട്ടുകൾ പാർലമെന്റിൽ സമർപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് എഫ്.എ.എൻ മുന്നോട്ട് വെച്ചത്.
ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ്സ് ജൂൺ 17ന് രാവിലെ രംഗപാണി സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയ്‌നുമായി കൂട്ടിയിടിക്കുകയായിരുന്നു. 11 പേര് മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Highlight: Kanchanjunga tragedy: Lack of Kavach, diversion of funds behind accident, says report