ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ കാഞ്ചന്‍ജംഗ ട്രെയിന്‍ അപകടം സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍. പത്ത് പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായത് ഗുരുതര വീഴ്ചയെ തുടര്‍ന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് ട്രെയിന്‍പ്രൊട്ടക്ഷന്‍ സിസ്റ്റം ഉടന്‍ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് അടക്കം 10 പേരാണ് ജൂണ്‍ 17ന് നടന്ന അപകടത്തില്‍ മരിച്ചത്.
അഗര്‍ത്തലയില്‍ നിന്നുള്ള കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിയില്‍ വെച്ചാണ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്.
തകരാറുള്ള സിഗ്നലുകള്‍ മറികടക്കുന്നതിന് അപകടത്തില്‍പ്പെട്ട ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന് ടി/എ 912 എന്ന സിഗ്നല്‍ നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സിഗ്നല്‍ മറികടക്കുമ്പോള്‍ ട്രെയിന്‍ പൈലറ്റ് പിന്തുടരേണ്ട വേഗതയെ കുറിച്ച് അതോറിറ്റി പരാമര്‍ശിച്ചിട്ടില്ല.
ഇത്തരം സിഗ്നല്‍ നല്‍കുമ്പോള്‍ ലോക്കോ പൈലറ്റ് പത്ത് കിലോമീറ്റര്‍ വേഗതയിലാണ് ചുവപ്പ് സിഗ്നലിനെ സമീപിക്കേണ്ടതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പകല്‍ സമയത്ത് ഒരു മിനിറ്റും, രാത്രിയില്‍ രണ്ടുമിനിറ്റും സിഗ്നലില്‍ കാത്തിരിക്കുകയും വേണം.
എന്നാല്‍ സിഗ്നല്‍ തകരാറിലായത് മുതല്‍ അപകടം സംഭവിക്കുന്നത് വരെ പാതയില്‍ ഈ രണ്ട് ട്രെയിനുകള്‍ക്ക് പുറമേ മറ്റ് അഞ്ച് ട്രെയ്‌നുകള്‍ പ്രവേശിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കാഞ്ചന്‍ജംഗ എക്‌സ്പ്രസ് മാത്രമാണ് മണിക്കൂറില്‍ പരമാവധി 15 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയും ഓരോ തകരാറുള്ള സിഗ്നലിലും ഒരു മിനിറ്റ് നിര്‍ത്തുകയും ചെയ്തത്.