തമിഴിലെ ഹിറ്റ് സിനിമാ ഫ്രാഞ്ചൈസിയാണ് കാഞ്ചന സീരീസ്. രാഘവ ലോറന്‍സ് കഥയെഴുതി സംവിധാനം ചെയ്ത് നായകനായി 2007ലാണ് ഈ സീരീസിലെ ആദ്യ ചിത്രമായ മുനി പുറത്തിറങ്ങിയത്. വന്‍ വിജയമായി മാറിയ മുനിയുടെ രണ്ടാം ഭാഗം കാഞ്ചന എന്ന പേരില്‍ 2011ല്‍ പുറത്തിറങ്ങിയിരുന്നു. ആദ്യഭാഗത്തെക്കാള്‍ വലിയ വിജയമായി കാഞ്ചന മാറി.
തുടര്‍ന്ന് രണ്ട് ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങുകയും ഗംഭീര വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ കാഞ്ചന 4 അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസായ ഗോള്‍ഡ്‌മൈന്‍ പിക്‌ചേഴ്‌സാണ് കാഞ്ചന 4ന്റെ നിര്‍മാതാക്കള്‍. ഗോള്‍ഡ്‌മൈനിന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് കാഞ്ചന 4.
മുന്‍ ഭാഗങ്ങളെക്കാള്‍ വന്‍ ബജറ്റിലാണ് കാഞ്ചന 4 ഒരുങ്ങുന്നതെന്ന് നിര്‍മാതാവ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 100 കോടി ബജറ്റില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കാഞ്ചന 4 പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് ജനുവരി 23ന് ആരംഭിച്ചിരുന്നു. ഈ വര്‍ഷം അവസാനം ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ബോളിവുഡ് താരം നോറ ഫത്തേഹിയും പൂജ ഹെഗ്‌ഡേയുമാണ് ചിത്രത്തിലെ നായികമാര്‍. തമിഴില്‍ നോറയുടെ അരങ്ങേറ്റം കൂടിയാണ് കാഞ്ചന 4. ആദ്യ ഭാഗങ്ങളിലേത് പോലെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ രാഘവ ലോറന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴിലെ മറ്റൊരു ഹിറ്റ് സിനിമാ ഫ്രാഞ്ചൈസിയായ അരന്മനൈയുടെ നാലാം ഭാഗം കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയിരുന്നു. സുന്ദര്‍ സി. സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു അരന്മനൈ 4. ചിത്രത്തിന്റെ വിജയമാണ് കാഞ്ചനക്ക് തുടര്‍ഭാഗം പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Kanchana 4 shooting started and aiming for release in this year