തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ശൂദ്രജാതികളെ സംബന്ധിച്ചിടത്തോളം അത് നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു. ഈ നടപടികളിലൂടെ ഒ.ബി.സിക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴിലുകളിലും ഉന്നത പൊതുവിദ്യാഭ്യാസമേഖലയിലും സ്ഥാനങ്ങള്‍ സംവരണം ചെയ്യപ്പെട്ടു. പരമ്പരാഗതമായി തൊഴിലാളികളും കൈത്തൊഴിലുകാരുമായ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ശൂദ്ര ജാതികളെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വര്‍ഗ്ഗീകരണമാണ് മറ്റു പിന്നോക്കക്കാര്‍ (ഒ.ബി.സി) എന്നത്. ബ്രാഹ്മണിക്കല്‍ ക്രമത്തിനുള്ളിലെ നാലാമത്തെ വര്‍ണമായ, ഏറ്റവും താഴത്തെ വര്‍ണമായ ശൂദ്ര ജാതികളെ ഇന്ത്യന്‍ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന വിഭാഗമായി മണ്ഡല്‍ കമ്മീഷന്‍ തിരിച്ചറിഞ്ഞിരുന്നു.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിരവധി മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാല്‍ ഈ വിഭാഗം മുന്നോക്ക ജാതികളേക്കാല്‍ വളരെയധികം പിന്നിലായിരുന്നു. എന്നിട്ടും സ്വാതന്ത്ര്യം മുതല്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും – ഔദ്യോഗികമായി പറഞ്ഞാല്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും – വേണ്ടി നടപ്പാക്കപ്പെട്ട പോസിറ്റീവ് വിവേചന സമ്പ്രദായത്തില്‍ (system of positive discrimination) നിന്നും ഇവര്‍ ഒഴിവാക്കപ്പെട്ടു. ഇവിടെയാണ് മണ്ഡല്‍ കമ്മീഷന്‍ ശരിയായവിധം മറ്റുപിന്നോക്ക ജാതിക്കാര്‍ക്കായി (ഒ.ബി.സി) ഒരു പ്രത്യേക വര്‍ഗ്ഗീകരണം നിര്‍മ്മിച്ചെടുത്തത്.
ബ്രാഹ്മണരില്‍ നിന്നും വൈശ്യരില്‍ നിന്നും, എന്തിനേറെ ശൂദ്രരിലെ ഒരു വിഭാഗത്തില്‍ നിന്നു പോലും കനത്ത തിരിച്ചടിയാണ് ഈ സംവരണ നടപടികള്‍ അഭിമുഖീകരിച്ചത്. ശൂദ്രര്‍ക്കുള്ളിലെ ജാതിശ്രേണിയുടെ ഏറ്റവും മുകളിലെ തട്ടിലുള്ള താരതമ്യേന അഭിവൃദ്ധിയുള്ള, ഭൂവുടമാ വിഭാഗങ്ങള്‍ – കമ്മ, റെഡ്ഡി, ഗൗഡ, നായര്‍, ജാട്ട്, പട്ടേല്‍, മറാത്താസ്, ഗുജ്ജാര്‍, യാദവ മുതലായ ജാതിക്കാര്‍ – ദശകങ്ങള്‍ കൊണ്ട് സ്വയം സംസ്‌കൃതവല്‍ക്കരിക്കുകയും ബ്രാഹ്മണ-ബനിയ ജാതിക്കാരുടെ അതേ സ്വഭാവങ്ങളും മുന്‍വിധികളും ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയുമാണ്.
1996ല്‍ പ്രസിദ്ധീകരിക്കപ്പെട്ട Why I am not a Hindu എന്ന എന്റെ കൃതിയില്‍ ഈ ശൂദ്ര “മേല്‍ജാതി”ക്കാരെ ഞാന്‍ “നവക്ഷത്രിയര്‍”എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ജാതിവ്യവസ്ഥയിലെ രണ്ടാം വര്‍ണമായിരുന്ന ക്ഷത്രിയവിഭാഗങ്ങളുടെ എണ്ണച്ചുരുക്കം കൊണ്ടുണ്ടായിട്ടുള്ള ഒഴിവിലേയ്ക്ക്, അതേ കര്‍ത്തവ്യങ്ങളും പദവിയും ഇത്തരത്തിലുള്ള സംസ്‌കൃതവല്‍ക്കരണത്തിലൂടെ തങ്ങള്‍ക്ക് ആര്‍ജ്ജിച്ചെടുക്കാനാവുമെന്നുള്ള അവരുടെ പ്രതീക്ഷയെ പ്രതിഫലിപ്പിക്കുന്നതിനായിരുന്നു അവരെ നവക്ഷത്രിയര്‍ എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചത്.
ഒരു തലമുറയുടെ മൊത്തം വ്യാപ്തിയിലേയ്ക്ക് മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പില്‍ വന്നിട്ട് രണ്ടര ദശകക്കാലം പൂര്‍ത്തിയാകുന്നു. സംവരണം ശൂദ്ര ഒ.ബി.സിക്കാരെ എത്രമാത്രം മുന്നോട്ട് കൊണ്ടുവന്നു? സംവരണത്തെ എതിര്‍ത്ത മേല്‍ജാതി ശൂദ്രര്‍ക്ക് അതുകൊണ്ട് എന്ത് നേട്ടമുണ്ടായി? ഇന്ത്യയില്‍ ഇന്ന് ശൂദ്രര്‍ സ്വയം കണ്ടെത്തുന്നതെവിടെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായിരിക്കുന്നു.
ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കില്‍ അതിന്റെ ഏതാണ്ട് പകുതിയോളം ജനസംഖ്യയും ശൂദ്രജാതിയിലാണ് ഉള്‍ക്കൊള്ളുന്നത്. ശൂദ്ര “മേല്‍ജാതി”ക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഒ.ബി.സി ജാതികള്‍ ജനസംഖ്യയുടെ 52 ശതമാനത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് 1980കളില്‍ മണ്ഡല്‍ കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. ഇന്നത് 65 കോടിയില്‍പ്പരം ആള്‍ക്കാരോളം വരും, അതായത് അമേരിക്കന്‍ ജനസംഖ്യയുടെ ഇരട്ടി ജനങ്ങള്‍!
പാക്കിസ്ഥാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയുടെ മൂന്നിരട്ടിയില്‍പ്പരം ആള്‍ക്കാര്‍! അത്രത്തോളം പേര്‍ ഈ ജാതിയില്‍ ഉണ്ടാകും. താരതമ്യത്തിനായി പറയുകയാണെങ്കില്‍, “മുന്നോക്ക”ജാതിക്കാര്‍ അതായത് ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗം എന്നിവരില്‍ ഉള്‍പ്പെടാത്ത ഹിന്ദുജാതിക്കാര്‍ മൊത്തത്തില്‍ ചേര്‍ന്നാല്‍തന്നെ ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് 20 ശതമാനത്തില്‍ കൂടുതല്‍ വരില്ല.
എന്നാല്‍ വന്‍ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗമായിട്ടും രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ സമസ്ത വശങ്ങളിലും അത് സര്‍ക്കാര്‍, വ്യവസായ, മതപര, വിദ്യാഭ്യാസമേഖലകളിലൊക്കെയുമുള്ള അധികാര നിലകള്‍ പരിശോധിച്ചാല്‍ അങ്ങേയറ്റം പ്രാതിനിധ്യം കുറഞ്ഞവരായി ശൂദ്രരുടെ സ്ഥിതി ഇപ്പോഴും തുടരുന്നു. വിശിഷ്യ ദേശീയ തലത്തില്‍, ഇവര്‍ ബ്രാഹ്മണ, വൈശ്യ (പ്രത്യേകിച്ചും ബനിയ) ജാതിക്കാരുടെ കീഴെയായിട്ടാണ് സ്ഥാനപ്പെട്ട് നില്‍ക്കുന്നത്.
ഒരു വിചിത്രമായ സ്ഥാനത്ത് ഇന്ന് എത്തിനില്‍ക്കുന്ന മേല്‍ജാതി ശൂദ്രരുടെ കാര്യവും വ്യത്യസ്തമല്ല. മറ്റ് ശൂദ്രജാതികളില്‍ നിന്നും തങ്ങള്‍ മേലെയാണ് എന്നുള്ള പിടിവാശിയാണ് ഒ.ബി.സി ലിസ്റ്റില്‍ നിന്നും ഇവര്‍ ഒഴിവാക്കപ്പെട്ടുന്നതില്‍ പ്രവര്‍ത്തിച്ചത്. സംവരണസ്ഥാനങ്ങള്‍ ലഭിക്കാനായി ഈ വിഭാഗത്തില്‍പ്പെട്ട ദശലക്ഷക്കണക്കിനു ശൂദ്രര്‍ തങ്ങളെക്കൂടി ഒ.ബി.സിവിഭാഗത്തിലെ അംഗങ്ങളായി പരിഗണിക്കണമെന്ന് രാജ്യത്തുടനീളം ഇന്ന് ആവശ്യമുയര്‍ത്തികൊണ്ടിരിക്കുകയാണ്.
ദേശീയ സമ്പദ്ഘടനയില്‍ എവിടെയാണ് ശൂദ്രര്‍? ഇവരിലെ സമ്പന്നവിഭാഗം പോലും ഇപ്പോഴും കാര്‍ഷിക സമ്പദ്ഘടനയെയാണ് ആശ്രയിക്കുന്നത്. ശൂദ്രരുടെ പരമ്പരാഗതമായ മുഖ്യ ആശ്രയമാണ് അത്. വ്യാവസായിക – ധനപരമായ മേഖലകളില്‍ പറയത്തക്ക നേട്ടമൊന്നും അവര്‍ക്ക് ഉണ്ടാക്കാനായിട്ടില്ല. ആ മേഖലകളിലൊക്കെ അധീശത്വം സ്ഥാപിച്ചിട്ടുള്ളത് ബനിയ ജാതിക്കാരാണ്. എപ്പോഴുമുള്ളതുപോലെ അവരെയാണ് ശൂദ്രര്‍ മൂലധനത്തിനായി ആശ്രയിക്കുന്നതും. അമ്പാനി, അദാനി, മിത്തല്‍ മുതലായ പ്രബലരായ വ്യാവസായിക കുടുംബങ്ങളെ എതിര്‍ക്കാന്‍ പോന്ന ഒരു വ്യാവസായിക കുടുംബം പോലും ശൂദ്രര്‍ക്കിടയിലില്ല.
ദരിദ്ര ശൂദ്രര്‍ക്കിടയിലാകട്ടെ അദ്ധ്വാനവിഭാഗമായ ജാതികള്‍ (labouring castes) വയലുകളില്‍ പണിയെടുക്കുന്നത് തുടരുകയാണ്. ഇന്നവര്‍ കെട്ടിടനിര്‍മ്മാണ സൈറ്റുകളിലേക്കും ഫാക്ടറികളിലേക്കും കൂടി പണിയെടുക്കുന്നത് വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇവര്‍ക്കൊപ്പം ആധുനികവ്യവസായത്തിന്റെ വരവോടെ പരമ്പരാഗതകഴിവുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ട ശൂദ്ര കൈവേലക്കാരും വമ്പിച്ച തോതില്‍ അണിനിരക്കുന്നുണ്ട്.
ദേശീയബോധത്തിലും സംസ്‌കാരത്തിലും എവിടെയാണ് ശൂദ്രര്‍ എത്തിനില്‍ക്കുന്നത്? വര്‍ത്തമാനകാല ഇന്ത്യയുടെ മുന്‍നിര ബൗദ്ധിക, ദാര്‍ശനിക, സാമൂഹ്യരാഷ്ട്രീയമണ്ഡലങ്ങളില്‍ ഇവര്‍ക്ക് പറയത്തക്ക പങ്കൊന്നുമില്ല. യഥാര്‍ത്ഥസ്വാധീനമുള്ള ഒരു പദവിയും ശൂദ്രപുരുഷനുപോലും – ശൂദ്ര സ്ത്രീകളുടെ കാര്യം പറയേണ്ടതുമില്ല – ഹിന്ദുമതത്തില്‍ അനുവദിച്ച് നല്‍കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ ഈ മതം എല്ലായിടങ്ങളിലും ശൂദ്രരെ അങ്ങേയറ്റം ക്രൂരമായി കഴുത്തുഞെരിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ശൂദ്രരാണെങ്കിലും അവര്‍ക്ക് ആ മതത്തിനുള്ളില്‍ ശബ്ദമില്ല. പൗരോഹിത്യത്തിലേയ്ക്ക് ചേര്‍ന്ന ശൂദ്രര്‍ക്കെതിരെ രൂഢമായിരിക്കുന്ന ജാത്യാധിക്ഷേപം തന്നെ അവരാപദവി ആഗ്രഹിക്കാന്‍ പോലും പാടില്ല എന്നതാണല്ലോ. മാത്രവുമല്ല ഇന്ത്യയുടെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളില്‍ തങ്ങള്‍ക്കുള്ള സാമൂഹ്യ, രാഷ്ട്രീയ സ്ഥാനത്തെ കുറിച്ച് സംസാരിക്കാനാവുന്ന ശൂദ്രബുദ്ധിജീവികള്‍ ഇല്ല എന്ന് തന്നെ പറയാം. ഉള്ളവര്‍ തന്നെ ദേശീയ സംവാദങ്ങളില്‍ നിന്നും ആവുംവിധം വേര്‍പെട്ട് സംസ്ഥാനതലത്തിലോ പ്രാദേശിക തലത്തിലോ പ്രാദേശിക ഭാഷയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ശൂദ്ര മനസുകള്‍ക്ക് അക്കാദമിക രംഗങ്ങളും മാധ്യമരംഗങ്ങളും വളരെ കുറഞ്ഞ ഇടങ്ങളാണ് നല്‍കുന്നതും. രാജ്യത്തെങ്ങും ശൂദ്രരുടെ വിദ്യാഭ്യാസനേട്ടങ്ങള്‍ അങ്ങേയറ്റം ദരിദ്രമാണ് എന്നതിന് അപവാദങ്ങള്‍ ഇല്ല. എല്ലാ ബൗദ്ധിക-ആത്മീയ പ്രവര്‍ത്തനങ്ങളിലും അവര്‍ ബ്രാഹ്മണനേതൃത്വത്തിന് ഏതാണ്ട് ഒട്ടാകെയും കീഴടങ്ങിയിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലും ദേശീയ സര്‍ക്കാരിലും ശൂദ്രരുടെ സ്ഥാനമെന്താണ്? ഉന്നത ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലും ഇവരുടെ പ്രാതിനിധ്യം ശുഷ്‌കമാണ്. ശൂദ്ര നേതാക്കള്‍ കേവലം പ്രാദേശിക ശക്തികള്‍ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും യാദവര്‍, ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും കമ്മ, റെഡ്ഡി, കപ്പു, വെലമ്മമാര്‍ മുതലായ ചില ശൂദ്ര മേല്‍ജാതികള്‍ക്ക് വളരെ കാര്യക്ഷമമായിതന്നെ അതിശക്തമായ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളുടെയും അതിലെ നേതാക്കളുടെയും അധികാരം അവരുടെ സ്വസംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നവയാണ്. മാത്രവുമല്ല വിശാലമായ ഐക്യത്തെ തടയുന്ന ജാതി-പ്രാദേശികതാ സങ്കുചിതത്വങ്ങളിലാണ് മിക്കപ്പോഴും ഈ അധികാരം അടിയുറച്ചിരിക്കുന്നതും. കേന്ദ്രത്തിലുള്ള ശക്തികളുമായി സംഖ്യത്തിലേര്‍പ്പെടാനുള്ള ഈ നേതാക്കളുടെ ശ്രമങ്ങള്‍ ഇവരുടെ കീഴടങ്ങലിനെയാണ് അടിവരയിടുന്നത്. കൂടാതെ തങ്ങളുടെ ശൂദ്രനിയോജകമണ്ഡലങ്ങളില്‍ പ്രസ്തുത സംഖ്യത്തിന്റെ അര്‍ത്ഥവത്തായ നേട്ടങ്ങള്‍ ഇനിയും കൊണ്ടുവരാനായിട്ടുമില്ല. കോണ്‍ഗ്രസ്, ബി.ജെ.പി മുതലായ ദേശീയ പാര്‍ട്ടികളില്‍ ഒന്നില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയുന്ന അധികാരവൃത്തങ്ങളില്‍ ശൂദ്രരുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരാള്‍ പോലുമില്ല. ഈ രണ്ട് പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് ബ്രാഹ്മണരും ബനിയകളുമാണ്.
ശൂദ്രരുടെ മൗലിക സ്ഥാനങ്ങളില്‍ മാറ്റം വന്നിട്ടില്ല. നാലാം വര്‍ണക്കാരെന്ന നിലയില്‍, അവര്‍ണരുടെ അഥവാ ദലിതരുടെയും ആദിവാസികളുടെയും മാത്രം മുകളില്‍ സ്ഥാനമുള്ളവര്‍ എന്ന നിലയിലാണ് ബ്രാഹ്മണിക്കല്‍ വിശ്വാസം അവരെ ഇപ്പോഴും നിര്‍വ്വചിക്കുന്നത്. ജാതിവ്യവസ്ഥയോട് അങ്ങേയറ്റം കൂറുള്ള ഇന്ത്യന്‍ സമൂഹം അവരെ ജാതിസ്ഥാനത്തിനനുസരിച്ചുള്ള കര്‍ത്തവ്യങ്ങളിലാണ് നിലനിര്‍ത്തിയിരിക്കുന്നത്.
“”ശൂദ്രരെകുറിച്ചുള്ള ഒരു പുസ്തകവും സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഒട്ടും തന്നെ അധികപ്പറ്റായിരിക്കുകയില്ല”” എന്നാണ് 1946ല്‍ ബി.ആര്‍. അംബേദ്ക്കര്‍ “ആരാണ് ശൂദ്രര്‍? ഇന്തോ-ആര്യന്‍ സമൂഹത്തില്‍ അവരെങ്ങനെ നാലാം വര്‍ണ്ണമായിത്തീര്‍ന്നു?” എന്ന തന്റെ കൃതിയില്‍ കുറിച്ചിട്ടുള്ളത്. ശൂദ്രരുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള അംബേദ്ക്കറിന്റെ സിദ്ധാന്തത്തെ കുറിച്ചും ശൂദ്രര്‍ ഇന്തോ-ആര്യന്‍ വിഭാഗത്തില്‍പെട്ടവരായിരുന്നോ എന്നതിനെ കുറിച്ചും പുതിയ പുരാവസ്തുപഠനങ്ങളും ജനറ്റിക്ക് പഠനങ്ങളും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട് എങ്കിലും അതിനുമപ്പുറത്തേക്ക് ശൂദ്രരെക്കുറിച്ചുള്ള സാഹിത്യത്തില്‍ ഇക്കാലങ്ങള്‍ക്കിടക്ക് ശുഷ്‌കമായി മാത്രമേ മാറ്റങ്ങള്‍ വന്നിട്ടുമുള്ളു. സ്വതന്ത്ര ഇന്ത്യയിലെ ശൂദ്രരുടെ കഷ്ടതയിലേയ്ക്ക് ഒരു ഗവേഷകനും തന്റെ അന്വേഷണം തിരിച്ചുവിട്ടിട്ടില്ല. ശൂദ്ര ചരിത്രത്തെ കുറിച്ചോ സംസ്‌കാരത്തെ കുറിച്ചോ നല്ല പുസ്തകങ്ങളൊന്നുമില്ല. മാധ്യമമേഖലയിലാകട്ടെ ശൂദ്രരെക്കുറിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറത്തേക്ക് നീളുന്ന എഴുത്തുകളൊന്നും വന്നിട്ടുമില്ല.
ലളിതമായി പറഞ്ഞാല്‍ ശൂദ്രരുടെ പ്രശ്നങ്ങള്‍ അവരുടെ തന്നെ ശ്രദ്ധയിലേക്ക് ആരും ഇതുവരെ കൊണ്ടുവന്നിട്ടില്ല. ചരിത്രപരവും രാഷ്ട്രീയപരവും ആത്മീയപരവുമായ ആത്മബോധം സൃഷ്ടിക്കുന്നതിലും തങ്ങളുടെ വിമോചനത്തിനായി ഒരു വിശാല ഇന്ത്യന്‍ പ്രസ്ഥാനമായി സ്വയം ഉയരുന്നതിനും പ്രചോദനമെന്നോണം ദളിതര്‍ക്ക് അവരെ കുറിച്ചുള്ള അംബേദ്കറിന്റെ എഴുത്തുകള്‍ ഉപകരിച്ചതുപോലെ ശൂദ്രരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ പോലും ശൂദ്രര്‍ക്ക് പ്രയോജനകരമായിത്തീര്‍ന്നില്ല. ഒരു ഐക്യബോധത്തിന്റെ അഭാവത്തിലാണ് ശൂദ്രര്‍ അപരിഷ്‌കൃത (unreformed) ഹിന്ദുമതത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഈ ഹിന്ദുമതമാകട്ടെ ശൂദ്രരെ കാണുന്നത് ജന്മസിദ്ധമായി തന്നെ ബ്രാഹ്മണിക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യസ്ഥാപനങ്ങളുടെയും കീഴില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ വളഞ്ഞുനില്‍ക്കുന്നവരായിട്ടാണ്. അതുകൊണ്ട് എക്കാലത്തെയും പോലെ ഇപ്പോഴും ശൂദ്രരെ കുറിച്ചുള്ള രചനകള്‍ ഒട്ടും തന്നെ അധികപ്പറ്റായിരിക്കില്ല.
ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് നരേന്ദ്ര മോദിയെന്ന പ്രഖ്യാപനങ്ങളിലൂടെ ഒരൂ ശൂദ്രപ്രതിനിധിയെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് 2014ല്‍ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. മിക്കവരും ഈ പ്രഖ്യാപനത്തെ അര്‍ഹിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാക്കാതെയാണ് സ്വീകരിച്ചത്. മോദിയുള്‍പ്പെടുന്ന ഗുജറാത്തിലെ മോധ് ഗഞ്ചികളെന്ന ജാതിവിഭാഗത്തെ അടുത്ത് നിന്ന് പരിശോധിക്കുകയാണെങ്കില്‍ അദ്ദേഹം അവകാശപ്പെടുന്ന ആ ശൂദ്രപദവിയെ നമുക്ക് സംശയിക്കേണ്ടിവരും.
പാചക എണ്ണ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തുന്ന വ്യവസായത്തിലാണ് മോധ് ഘഞ്ചി വിഭാഗക്കാര്‍ ചരിത്രപരമായി ഏര്‍പ്പെട്ടിരുന്നത്. അടുത്തകാലത്ത് അവര്‍ പലചരക്ക് സ്റ്റോറുകള്‍ (kirana store) നടത്താന്‍ ആരംഭിച്ചു. ബ്രാഹ്മണിക്കല്‍ മനസുകള്‍ ഹീനമായ തൊഴിലായി പരിഗണിച്ചിരുന്ന കാര്‍ഷികോത്പാദനവുമായും കാര്‍ഷികതൊഴിലുമായും കൂടുതല്‍ ബന്ധപ്പെട്ട് നില്‍ക്കുന്ന ശൂദ്രജാതികളില്‍ നിന്നും ഇത് അവരെ വേറിട്ട് നിര്‍ത്തി.
തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ കാര്‍ക്കശ്യമായും ക്രമീകൃതമായി നിലനിര്‍ത്തപ്പെട്ടിരിക്കുന്നത്. അതാകട്ടെ വ്യാപാരം മൂന്നാം വര്‍ണമായ വൈശ്യര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുള്ളതുമാണ്. വ്യാപാരത്തിലുള്ള മോധ് ഗഞ്ചികളുടെ പങ്കാളിത്തം അവരുടെ വൈശ്യ പദവിയുടെ അടയാളമാണ്. ഗുജറാത്തില്‍ അവരെ “ഹീന”ജാതിയായല്ല (neech caste) കണക്കുന്നത്. ഈ സമുദായത്തിന്റെ സസ്യാഹാരസ്വഭാവം അവരുടെ ശൂദ്ര പാരമ്പര്യത്തേക്കാള്‍ വൈശ്യപാരമ്പര്യത്തെ(Root)യാണ് സൂചിപ്പിക്കുന്നത്. മോധ് ഗഞ്ച് പാരമ്പരാഗതമായി സാക്ഷരരാണ്. വ്യാപാരികള്‍ അങ്ങനെയായിരിക്കും. ഇതും അവര്‍ ശൂദ്രരല്ലാ എന്നുള്ളതിന്റെ മറ്റൊരു സൂചനയാണ്. ജാതി നിയമപ്രകാരം പഠനമോ വായനയോ എഴുത്തോ ശൂദ്രര്‍ക്ക് അനുവദനീയമല്ല. ഇത്തരമൊരു വിലക്കിനെ ആരെങ്കിലും മറികടന്നാല്‍ പ്രാകൃതമായ ശിക്ഷാവിധികളാണ് കല്‍പ്പിക്കപ്പെട്ടിരുന്നതും.
മണ്ഡല്‍ കമ്മിറ്റി ശിപാര്‍ശകള്‍ ആദ്യമായി നടപ്പാക്കിയപ്പോള്‍ മോധ് ഗഞ്ചുകളെ ഒ.ബി.സി വിഭാഗത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 1994ലാണ് ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ അവര്‍ക്ക് ഒ.ബി.സി പദവി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇവരെ 1999ലാണ് തങ്ങളുടെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം 2 വര്‍ഷം കഴിഞ്ഞാണ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിത്തീരുന്നത്. 2002, 2007, 2012 കാലങ്ങളില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിലൊരിക്കല്‍ പോലും ഒ.ബി.സിക്കാരനാണ് താനെന്ന് പ്രഖ്യാപിക്കുന്നത് ഗുണമായി അദ്ദേഹം കണ്ടതുമില്ല. അതേസമയം ഒരു ബനിയ ഐഡന്റിറ്റിയാണ് അന്ന് അദ്ദേഹം മുന്നോട്ട് വെച്ചത്. മാത്രവുമല്ല രാജ്യത്തെ ഏറ്റവും പ്രബലരായ വ്യാവസായിക-വ്യാപാര സമുദായമായ ബനിയകളാകട്ടെ വലിയൊരളവുവരെ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ആളായി ആശ്ലേഷിക്കുകയും ചെയ്തിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പ് പ്രചരണകാലത്ത് മാത്രമാണ് മോദി തന്റെ ഒ.ബി.സി പദവി പെട്ടെന്ന് ഓര്‍ത്തെടുത്തത്.
ഒ.ബി.സി പദവിയെ ഇത്തരത്തില്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തിയ ഒരേയൊരു ബി.ജെ.പി നേതാവ് നരേന്ദ്രമോദി മാത്രമല്ല. ഒരു ബനിയ ജാതിയില്‍ ജനിച്ച ബീഹാറിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോദിയും ഇപ്പോള്‍ ഒ.ബി.സി പട്ടികയിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളില്‍, വിശേഷിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബനിയജാതിക്കാരില്‍പ്പെടുന്ന വിഭാഗങ്ങള്‍ തന്നെ സ്വയം ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ണം കൊണ്ടും സമ്പത്തുകൊണ്ടും തൊഴില്‍ കൊണ്ടും സാക്ഷരതകൊണ്ടുമൊക്കെ ചരിത്രപരമായി നേട്ടങ്ങളുള്ള ഈ സമുദായങ്ങള്‍ എങ്ങനെയാണ് ഒ.ബി.സി പദവിക്ക് അര്‍ഹരായിത്തീര്‍ന്നത് എന്നത് ദുരൂഹമാണ്. ബനിയ ജാതിയെ മുഖ്യരാഷ്ട്രീയ ശക്തിയാക്കാന്‍ സഹായിക്കുന്ന ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇത്.
എല്ലാ ശൂദ്രരുടെയും കണ്ണുതുറപ്പിക്കേണ്ട ഒരു കാര്യമായിരിക്കണം ഇത്. വര്‍ണമാനദണ്ഡങ്ങളില്‍ താഴെത്തട്ടില്‍ സ്ഥിതിചെയ്യുന്നവര്‍ക്കുവേണ്ടി അവരുടെ യഥാര്‍ത്ഥ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ഉപാധിയാണ് ഒ.ബി.സി വര്‍ഗ്ഗീകരണം. എന്നാല്‍ ഒ.ബി.സി പദവി അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത ഒരു വിഭാഗം അതിനെ തങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കാനായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബുദ്ധിമുട്ടുകളുമായോ താല്‍പര്യങ്ങളുമായോ പാര്‍ട്ടികളുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത നേതാക്കളാലും പാര്‍ട്ടികളാലും തങ്ങള്‍ പ്രതിനിധീകരിക്കപ്പെടുമെന്ന് തെറ്റിധരിക്കപ്പെട്ട് ശൂദ്രര്‍ വഞ്ചിക്കപ്പെടുകയാണ്. ഇത് യഥാര്‍ത്ഥ ശൂദ്രപ്രതിനിധികള്‍ക്ക് അധികാരപദവികള്‍ നിഷേധിക്കപ്പെടുന്ന കാര്യവുമാണ്.
സമാനമായ ഒരു പ്രവണത ശൂദ്രര്‍ക്കിടയിലും ഉണ്ട്. ശൂദ്രര്‍ക്കുള്ളിലെ തന്നെ വര്‍ണ ശ്രേണിയില്‍ താഴെത്തട്ടില്‍ വരുന്ന ചില വിഭാഗങ്ങള്‍ ഔദ്യോഗിക നേട്ടങ്ങള്‍ക്കായി പട്ടികജാതി പദവി അന്വേഷിക്കുകയാണ്. ദലിത് ജാതികള്‍ക്കുമുകളില്‍ ശൂദ്ര അധികാരം സ്ഥാപിക്കുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്ന വിമര്‍ശന ചിന്തകളെ, പ്രത്യേകിച്ചും ദലിതരില്‍ നിന്നുള്ള വിമര്‍ശന ചിന്തകളെ ശൂദ്രരുടെ ഈ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നുണ്ട്. മേല്‍ജാതി ശൂദ്രരുടെ സംസ്‌കൃതവല്‍ക്കരണത്തിനു വിപരീതമായ ദിശയിലേയ്ക്കാണ് ശൂദ്രരുടെ ദലിതവല്‍ക്കരണം സഞ്ചരിക്കുന്നത്. ജാതിസംഘര്‍ഷങ്ങളെ മൂര്‍ച്ഛകൂട്ടുന്നതില്‍ നിന്നും വിഭിന്നമായി ജാതിക്കെതിരെ പോരാടുന്നവര്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്താനാണ് ഇത് സഹായകമാകുന്നത്.
ദേശീയ രാഷ്ട്രീയവ്യവസ്ഥ ബനിയ നിയന്ത്രണത്തിന്‍ കീഴിലേക്ക് വീഴുന്നതാണ് മോദിയുടെ നേതൃത്വത്തില്‍ നടന്ന 2014ലെ ബി.ജെ.പിയുടെ വിജയം അര്‍ത്ഥമാക്കുന്നത്. മോദിക്ക് ബനിയ വ്യവസായികളായ ഗൗതം അധാനിയുടെയും അമ്പാനിമാരുടെയും പിന്തുണയുണ്ടായിരുന്നു. മോദിസര്‍ക്കാര്‍ തിരിച്ച് അവരെ സഹായിക്കുകയും ചെയ്യുന്നു. മോദിയുടെ രണ്ടാമനായ അമിത് ഷാ ബി.ജെ.പി പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടു. ഭരണപാര്‍ട്ടിയെ തന്നെ ഒരു ബനിയ നയിക്കുന്നു എന്നാണ് അതിനര്‍ത്ഥം. മുമ്പ് ഒരു “”ബ്രാഹ്മണ-ബനിയ””പാര്‍ട്ടി എന്ന നിലയിലാണ് ബി.ജെ.പി പ്രശസ്തമായിരുന്നതെങ്കില്‍ ഇന്നത് വന്‍തോതില്‍ ഒരു “”ബനിയ-ബ്രാഹ്മണ”” പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.
ഈ പദ്ധതിയിലെ ശൂദ്രസ്ഥാനത്തെ കുറിച്ച് മനസിലാക്കണമെങ്കില്‍ 2017ലെ കാബിനറ്റിലെ ഒട്ടനവധി സുപ്രധാന പദവികള്‍ അലങ്കരിച്ചിരുന്ന എം. വെങ്കയ്യ നായിഡുവിനെ പ്രസ്തുത പദവികളില്‍ നിന്നും നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയും രാജ്യത്തെ വൈസ്പ്രസിഡന്റ് എന്ന ആഡംബര പദവിയിലേയ്ക്ക് മാത്രമായി ചുരുക്കിയ നടപടിയിലേയ്ക്ക് നമ്മള്‍ ശ്രദ്ധനല്‍കണം. ഇന്ന് അദ്ദേഹം സര്‍ക്കാരിലെ പ്രമുഖ ശൂദ്രമുഖമെന്ന നിലയിലുള്ള കര്‍ത്തവ്യമാണ് നിറവേറ്റുന്നതെങ്കിലും വാസ്തവത്തില്‍ അധികാരരഹിതനാണ്. അല്ലെങ്കില്‍ നമുക്ക് ആന്ധ്രാപ്രദേശിന്റെ ശൂദ്രസമുദായത്തില്‍പ്പെടുന്ന മുഖ്യമന്ത്രിയായ എന്‍ ചന്ദ്രബാബുനായിഡുവിലേക്ക് നോക്കാം. 2014ല്‍ ഒരു പുതിയ സര്‍ക്കാരിലേക്ക് വളരെ ഉത്സാഹഭരിതനായാണ് അദ്ദേഹം മുന്നേറിയത്. അദ്ദേഹത്തിന്റെ സംസ്ഥാനത്തിന് പ്രത്യേക സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അധികാരം ഉറപ്പിച്ച ശേഷം മോദിയും ഷായും ആ വാഗ്ദാനങ്ങള്‍ ലംഘിക്കുകയും അദ്ദേഹത്തെ പറഞ്ഞയക്കുകയും ചെയ്തു. ബീഹാര്‍ മുഖ്യമന്ത്രിയായ നിധീഷ്‌കുമാര്‍ അതേ തരത്തിലുള്ള കരാറിലാണ് മോദിയും ഷായുമായും ബന്ധപ്പെട്ടിരുന്നത്. അദ്ദേഹത്തിനും സമാനമായ അവഹേളനം അനുഭവിക്കേണ്ടിവന്നു.
ശൂദ്രരുടെ ആവശ്യങ്ങളെ സഹായിച്ചുകൊണ്ടല്ല, മറിച്ച് ബനിയ മൂലധനത്തിന്റെ ആവശ്യങ്ങളെ സഹായിച്ചുകൊണ്ടാണ് മോദി അധികാരത്തിലേക്ക് വളര്‍ന്നുവന്നത്. ബനിയ ജാതിയിയിലെ തായ്‌വേരും ഒപ്പം ഒ.ബി.സി സര്‍ട്ടിഫിക്കറ്റും – ഈ കോമ്പിനേഷന്‍ ആണ് ഇന്നത്തെ ബി.ജെ.പിയുടെ ആദര്‍ശമുഖമായി മോദിയെ മാറ്റിത്തീര്‍ത്തത്. എണ്ണം കൊണ്ട് തങ്ങളുടെ ശക്തിക്കായി ബി.ജെ.പി കൂടുതലും ശൂദ്ര വോട്ടുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അവരാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് പ്രധാനമെങ്കില്‍ മറ്റ് ശൂദ്ര നേതാക്കളെ പിന്തുണച്ചുകൊണ്ട് വേണം അവരെ തങ്ങളിലേയ്ക്ക് അടുപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ മോദി ചെയ്തതുപോലെ ഒ.ബി.സികാര്‍ഡ് ഇറക്കിക്കളിക്കുന്നതില്‍ വേറാരും തന്നെ ബനിയകളെ പ്രീതിപ്പെടുത്തിയില്ല.
(തുടരും)
(കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച “Where are the Shudras? Why the Shudras are lost in today”s India” എന്ന ദീര്‍ഘ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം)
വിവര്‍ത്തനം: ഷഫീക്ക് സുബൈദ ഹക്കീം