ഗ്രേറ്റ് ഡിപ്രെഷന്‍ കാലത്ത്, 1933നും 39നും മധ്യേ, ഫ്രാങ്ക്‌ളില്‍ ഡി റൂസ്വെല്‍റ്റ് നടപ്പാക്കിയ ‘പുത്തന്‍ സാമ്പത്തിക നയങ്ങളാണ്’ (ന്യൂ ഡീല്‍) കടുത്ത മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ അമേരിക്കയെ സഹായിച്ചത്.
ന്യൂ ഡീല്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവന്നു. ഗവണ്‍മെന്റിന്റെ പദ്ധതികളിലൂടെയും സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും പൗരന്മാര്‍ക്ക് ജോലി നല്‍കിയും, ജനങ്ങളുടെ പക്കല്‍ പണം ഉറപ്പാക്കിയും ജീവിത നിലവാരം മെച്ചപ്പെടുത്താനായിരുന്നു ന്യൂ ഡീല്‍ ലക്ഷ്യം വെച്ചത്.
‘ആശ്വാസം, നവീകരണം, വീണ്ടെടുപ്പ്’ എന്നതായിരുന്നു ന്യൂ ഡീലിന്റെ പ്രമേയം.
മഹാ സാമ്പത്തിക മാന്ദ്യം കാരണം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥക്ക് സംഭവിച്ചതിനു സമാനമായ സ്ഥിതിവിശേഷത്തിലാണ് ഇന്ന് കൊവിഡ് മഹാമാരി കാരണം ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആര്‍.എസ്.എസ്-നരേന്ദ്രമോദി സര്‍ക്കാര്‍ കൂട്ടുകെട്ട് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന സാമ്പത്തിക നിര്‍ദേശങ്ങള്‍ ‘പഴഞ്ചന്‍ ഇടപാട്’ (ഓള്‍ഡ് ഡീല്‍) എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളു. റൂസ്വെല്‍റ്റിന്റെ ‘ന്യൂ ഡീലിന്’ കടകവിരുദ്ധമാണ് ഇത്.
ആര്‍.എസ്.എസ്സിന്റെ തലസ്ഥാനമായ നാഗ്പൂരില്‍ നിന്ന് എഴുതപ്പെട്ടതുപോലെയാണ് ഈ നിര്‍ദേശങ്ങള്‍. (‘ഗുപ്തന്‍മാരുടെ സുവര്‍ണകാലത്തെ’ മനസ്സില്‍കണ്ട്) ആഡംബരപൂര്‍ണമായ ഒരു സാമ്രാജ്യത്തെ കെട്ടിപ്പടുത്താന്‍ എന്നവണ്ണമാണ് പുതിയ നിര്‍ദേശങ്ങളുടെ സ്വഭാവം.
അംബാനിമാരും അദാനിമാരും നയിക്കുന്ന സ്വകാര്യ മേഖലയിലേക്ക് വീണ്ടും വീണ്ടും പണമെത്തിക്കുന്ന ലക്ഷ്മീ ദേവിയുടെ വേഷമാണ് ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയിരിക്കുന്നത്. പ്രതിരോധം ഉള്‍പ്പടെയുള്ള സുപ്രധാന മേഖലകളില്‍ സ്വകാര്യവല്‍ക്കരണം സൂചിപ്പിച്ചുകൊണ്ട് 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പദ്ധതി അവര്‍ പ്രഖ്യാപിച്ച രീതി തന്നെ കൊവിഡ്-19 സാമ്പത്തിക ഉത്തേജന പാക്കേജിന്റെ യഥാര്‍ത്ഥ കഥ വെളിവാക്കുന്നു.
പുതിയ വ്യാവസായിക പ്രഭുക്കള്‍ക്ക് സേവചെയ്യാനാണ് മണ്ണില്‍ പണിയെടുക്കുന്നവരോടും, കര്‍ഷകരോടും, മൃഗപരിപാലനം ചെയ്യുന്നവരോടും, കൈത്തൊഴിലുകാരോടും, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് സ്വന്തം ഗ്രാമങ്ങളിലെത്തിയ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളോടും ധനമന്ത്രി ആവശ്യപ്പെടുന്നത്.
സമ്പദ്വ്യവസ്ഥയെക്കുറിച്ചും ധനവിതരണത്തെക്കുറിച്ചും ഉള്ള ‘വര്‍ണധര്‍മ പാരമ്പര്യത്തെ’ ബലപ്പെടുത്തുന്നതും വളമേകുന്നതുമാണ് ഈ ഉത്തേജന പാക്കേജ്. മണ്ണില്‍ കായികമായി കഠിനാധ്വാനം ചെയ്യുന്നവര്‍ തങ്ങളുടെ കടമയെന്നോണം ‘വര്‍ണധര്‍മ്മ സമാജിന്’ അവര്‍ സേവാ ചെയ്യണം.
തങ്ങള്‍ ഏര്‍പ്പെടുന്ന പണികളെ മാന്യമായി ശമ്പളം ലഭിക്കേണ്ട ജോലിയെന്ന തരത്തില്‍ പരിഗണിക്കാന്‍ പോലും അവര്‍ക്ക് അര്‍ഹതയില്ല. കിലോമീറ്ററുകളോളം നടന്ന്, പട്ടിണി കിടന്ന്, ലോക്ക്ഡൗണില്‍ ജീവന്‍ വെടിഞ്ഞവര്‍ രാജ്യത്തിനുവേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നാണ്. ഇത് ‘പരമ്പരയുടെ’ ഭാഗമാണെന്നുമാണ്.
ഗുപ്തന്‍മാരുടെ ‘സുവര്‍ണ കാലത്തിനു’ സമാനമായി പൊതുസ്വത്തുക്കള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റി, പുതിയൊരു ‘സുവര്‍ണകാലം’ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നത്. മികച്ച ഉത്പാദക സമൂഹമായിരുന്ന ശൂദ്രരുടെ പതനത്തിനായിരുന്നു ഗുപ്ത കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഗുപ്തന്മാരുടെ സുവര്‍ണ കാലഘട്ടം ശൂദ്രരെ ഇരുമ്പുയുഗത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. കൊവിഡിന് ശേഷമുള്ള ‘ആത്മനിര്‍ഭര്‍ ഭാരതില്‍’ സമാനമായ സ്ഥിതിയാണ് സംഭവിക്കാന്‍ പോകുന്നത്.
ആകെ 1.3 ബില്യണ്‍ ജനങ്ങളുള്ള, രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ നിന്നും ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സൂറത്ത് പോലെയുള്ള നഗരങ്ങളില്‍ പണിയെടുക്കുന്ന 200-250 മില്യണ്‍ കുടിയേറ്റ തൊഴിലാളികളുള്ള ഒരു രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് വെറും നാല് മണിക്കൂര്‍ മാത്രം നല്‍കിയത് എന്തുകൊണ്ട്?
നാലോ അഞ്ചോ ദിവസം നല്‍കി തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ഒരു ധാരണയിലെത്താനും ഉദരത്തില്‍ അല്‍പം ഭക്ഷണമായും ശ്വാസകോശത്തില്‍ കൊറോണവൈറസ് ഇല്ലാതെയും കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടില്‍ തിരികെയെത്താനും സാധിക്കുമായിരുന്നു.
ട്രെയിനുകളും, ബസ്സും ടാക്സിയും അപ്പോള്‍ ഉപയോഗത്തിലുണ്ടായിരുന്നു. മെയ് 24നുള്ള പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഭൂമികുലുക്കം പോലെ കൊറോണവൈറസ് ജനങ്ങളില്‍ എത്തും എന്നതരത്തില്‍ ഭയം ജനിപ്പിക്കുകയാണുണ്ടായത്. മാര്‍ച്ച് 24 ന് ശേഷം തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളേ ഉണ്ടായിരുന്നില്ല.
കാരണം അത് മാര്‍ച്ച് 24 ന് രാത്രി വിഛേദിക്കപ്പെട്ടു. നിര്‍മാണത്തൊഴിലാളികള്‍ക്കു കോണ്‍ട്രാക്ടര്‍മാരോട് സംസാരിക്കാന്‍ സാധിച്ചില്ല. ചെറിയ ഫാക്റ്ററികളിലും തുണിക്കടകളിലും ജോലിനോക്കിയിരുന്നവര്‍ക്ക് തങ്ങളുടെ സ്ഥാപന ഉടമകളെ കാണനോ തങ്ങള്‍ ജോലിയെടുത്ത ദിവസം വരെയുള്ള ശമ്പളം ആവശ്യപ്പെടാനോ സാധിച്ചില്ല.
ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കു എവിടെ താമസിക്കുമെന്നോ, എന്ത് കഴിക്കണമെന്നോ, എങ്ങനെ ജീവിക്കണമെന്നോ അറിയാത്ത അവസ്ഥ വന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെയായി അവര്‍ നിരത്തിലേക്കിറങ്ങി. വെള്ളമോ, ഭക്ഷണമോ, ചിലപ്പോള്‍ ചെരുപ്പോ ഇല്ലാതെ സ്വന്തം ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി ദേശീയ പാതകളിലൂടെ അവര്‍ നടന്നു. മാര്‍ച്ച് 25 ആയപ്പോഴേക്ക് തന്നെ തൊഴിലാളികള്‍ റോഡില്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങളുണ്ടായി. പട്ടിണിയും, ഉഷ്ണവും ക്ഷീണവും കാരണം കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് സാധാരണമായിക്കഴിഞ്ഞു.
ഈ ദുരന്തങ്ങളും ഹൃദയഭേദകമായ ദൃശ്യങ്ങളും മോദി ഗവണ്മെന്റിന്റെ അംഗങ്ങളെ ബാധിച്ചതായി ഒരു തെളിവുമില്ല. ദേശവ്യാപകമായി അടച്ചിടല്‍ പ്രഖ്യാപിച്ച മോദിയുടെ ‘ഉറച്ച തീരുമാനത്തെ’ പ്രകീര്‍ത്തിക്കുന്നതില്‍ അഭിരമിക്കുകയായിരുന്നു ദേശീയ മാധ്യമങ്ങള്‍. മോദിയേക്കാള്‍ കരുത്തനായ ഒരു നേതാവ് സ്വതന്ത്ര ഇന്ത്യയുടെ കഴിഞ്ഞ എഴുപത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഉണ്ടായിട്ടില്ല എന്ന് പ്രഖ്യാപിച്ചു.
കത്തിജ്വലിക്കുന്ന സൂര്യന് താഴെ, പട്ടിണിവയറുമായി, സ്യൂട്‌കേസിനു മുകളില്‍ ഉറങ്ങിക്കിടക്കുന്ന മക്കളെയും വലിച്ചുകൊണ്ടു ആയിരങ്ങള്‍ കാല്‍നടയായി പോകുന്നതിനു കാരണമാകുന്നതാണോ ധീരനായ നേതാവിന്റെ ധീരമായ തീരുമാനം?
മഹാമാരിയെ മുന്‍നിര്‍ത്തി ഇങ്ങനെ ഒരു തീരുമാനം തിടുക്കത്തില്‍ എന്തിന് കൈക്കൊണ്ടു? തൊഴിലാളികളുടെ മരണവും ദുരിതങ്ങളും അതിജീവനവും ഒന്നും ആര്‍.എസ്.എസ്-ബി.ജെ.പി സര്‍ക്കാര്‍ കൂട്ടായ്മയെയോ, അവരെ താങ്ങുന്ന വ്യവസായികളെയും പണക്കാരെയുമോ ഒരുതരത്തിലും വേദനിപ്പിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.
അവരൊക്കെയും അപരര്‍ ആണ് – ദളിത്, ശൂദ്ര, ഒ.ബി.സി, ആദിവാസികള്‍. അവരുടെ ജീവിതങ്ങള്‍ക്ക് പുല്ലുവിലയാണ്. അവരുടെ തൊഴിലും അധ്വാനവും മാത്രമാണ് മറ്റുള്ളവര്‍ക്ക് വേണ്ടത്. അത് തന്നെ, ഒന്നുകില്‍ കുറഞ്ഞ വിലക്കോ, അല്ലെങ്കില്‍ സൗജന്യമായോ ലഭിക്കുകയും വേണം.
എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് ധനസഹായം ഒന്നും നല്‍കിയില്ല? പകുതി മരിച്ച അവസ്ഥയില്‍ സ്വന്തം വീടുകളില്‍ എത്തിപ്പെട്ട ശേഷം പട്ടിണി കാരണം വീണ്ടും നഗരകേന്ദ്രങ്ങളിലേക്കു തിരികെവരാനും, മുമ്പത്തേക്കാള്‍ കുറഞ്ഞ വിലക്ക് സ്വന്തം അദ്ധ്വാനം വില്‍ക്കുവാനും അവര്‍ നിര്‍ബന്ധിതരാകും. ഇന്ത്യയിലെ വ്യവസായികളാണ് ഈ ആശയം ഉപദേശിച്ചുകൊടുത്തത് എന്നാണ് തോന്നുന്നത്. സര്‍വോപരി, 2024 തെരഞ്ഞെടുപ്പിന്റെ ധനസമാഹരണത്തെക്കുറിച്ച് ചിന്തിക്കണമല്ലോ.
തൊഴിലാളികളുടെ കൈവശം പണം ലഭിച്ചിരുന്നെകില്‍ അവര്‍ വീണ്ടും തങ്ങള്‍ക്കു അന്യമെന്നു തോന്നുന്ന നഗരങ്ങളിലേക്കു തിരികെ പോകുകയില്ല. തൊഴിലാളികള്‍ നഗരങ്ങളിലേക്ക് തിരികെ വരാത്ത അവസ്ഥയെപ്പറ്റി മന്ത്രിമാര്‍ വ്യാകുലപ്പെടുന്നത് ഇതിനാലാണ്. ഇവര്‍ക്ക് അഞ്ചുദിവസമെങ്കിലും സമയമനുവദിച്ചിരുന്നെങ്കില്‍ മുബൈയിലും അഹമ്മദാബാദിലും ചെന്നൈയിലും ഹൈദരാബാദിലും ഒക്കെ സംഭവിച്ചതുപോലെ ഈ നഗരങ്ങളില്‍ വച്ച് വ്യാപിക്കുകയും പിടിപെടുകയും ചെയ്ത കൊറോണ വൈറസുമായി അവര്‍ സ്വന്തം വീടുകളിലേക്ക് പോകേണ്ടിവരുമായിരുന്നില്ല.
ഇപ്പോള്‍ അവരില്‍ പലരും സ്വന്തം ഗ്രാമങ്ങളിലേക്ക് വൈറസിനെ കൊണ്ടെത്തിച്ചുകഴിഞ്ഞു. ആ ചങ്ങലകള്‍ മുറിഞ്ഞിട്ടില്ല, അത് തൊഴിലാളികളുടെ മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്.
വിലകുറഞ്ഞ, അസംഘടിതരായ കുടിയേറ്റ തൊഴിലാളികളെ ഉപയോഗിച്ച് ചൈനയുമായി മത്സരിച്ച് അവരുടെ ആഗോള കമ്പോളത്തിലെ പങ്കാളിത്തം ഇന്ത്യക്ക് കൈക്കലാക്കാമെന്നാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും സ്വപ്നംകാണുന്നത്. ദേശീയവാദികളായ മാധ്യമങ്ങള്‍ വളര്‍ത്തിയ സ്വപ്നമാണ് ഇത്.
തമാശയെന്നല്ലാതെ മറ്റെന്ത് പറയാന്‍. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അങ്ങനെ ചിന്തിക്കുന്നില്ല. അവര്‍ കരുതുന്നത് ലോക്ഡൗണ്‍ കഴിയുന്നതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ആഗോള കമ്പോളത്തില്‍ നിറയുമെന്നാണ്. കമ്പോളത്തില്‍ താമര വിരിയുന്നത് കണ്ട് ചൈനീസ് ഡ്രാഗണ്‍ ഓടിയൊളിക്കുമെന്നാണ് അവര്‍ കരുതുന്നത്.
ഈ ‘ഓള്‍ഡ് ഡീലിന്റെ’ പ്രഖ്യാപനത്തോടെ കുത്തക മുതലാളിമാര്‍ തേര് തെളിയിക്കുന്ന ‘സുവര്‍ണകാലം’ വരുമെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വിശ്വസിക്കാന്‍ താല്‍പര്യപ്പെടുന്നത്.
എന്നാല്‍, ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യ, ഏക-പാര്‍ട്ടി ചൈനയില്‍ വെറും നാലുമണിക്കൂര്‍ നല്‍കിയാണോ അടച്ചിടല്‍ പ്രഖ്യാപിച്ചത് എന്നതാണ് മൗലികമായ ചോദ്യം. നമ്മുടേതുപോലെ കോണ്‍ട്രാക്ടര്‍ാരുടെ ബന്ധനത്തില്‍പെട്ട് ശോചനീയമായ അവസ്ഥയിലല്ല അവിടുത്തെ തൊഴിലിടങ്ങള്‍.
ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അടച്ചിടല്‍ പ്രഖ്യാപിച്ചാലും ചൈനയില്‍ ഇവിടെ സംഭവിച്ചതുപോലെ പട്ടിണി കിടക്കയും കിലോമീറ്ററുകള്‍ നടക്കുകയും വേണ്ടി വരില്ല. ജിന്‍പിങ് അതിന് ശ്രമിച്ചിരുന്നെങ്കില്‍ തന്നെ അത് അദ്ദേഹത്തിന്റെ അവസാനമാകുമായിരുന്നു. എന്നാല്‍ പ്രതിപക്ഷം വെറും കാണികളായി മാറിയപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ബി.ജെ.പിയെ സംരക്ഷിച്ച രീതി ശ്രദ്ധിക്കൂ.
ഈ ‘പഴഞ്ചന്‍ നയങ്ങള്‍’ (ഓള്‍ഡ് ഡീല്‍) ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പാടെ തകര്‍ക്കാനാണ് പോകുന്നത്. ഗ്രേറ്റ് ഡിപ്രഷനെക്കാള്‍ മോശമായ സ്ഥിതിയായിരിക്കും ഇന്ത്യ ലോക്കഡൗണിനു ശേഷം കാണാന്‍ പോകുന്നത്. ഉദാരീകരണ-ആഗോളീകരണ സമയത്ത് 1991-കളില്‍ സ്വകാര്യ വത്കരിച്ച മേഖലകളില്‍ പലതും സര്‍ക്കാര്‍ അധീനതയില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈ സാമ്പത്തികാവസ്ഥയയെ മറികടക്കാന്‍ പറ്റിയ ഏറ്റവും ഉചിതമായ മാര്‍ഗം.
എന്നാല്‍ ആഗോളീകരണം തന്നെ അസ്തമിക്കുന്ന സമയത്ത് സര്‍ക്കാര്‍ ഉടമസ്ഥതകള്‍ക്കല്ല ഊന്നല്‍ എന്നതാണ് വിരോധാഭാസം. നേര്‍വിപരീതമായി, സ്വകാര്യവത്കരണമാണ് ‘ഓള്‍ഡ് ഡീലിന്റെ’ കാമ്പ്. കൊവിഡ് ബാധിച്ച ജനവിഭാഗത്തിന് യാതൊരു സമാശ്വാസവും വീണ്ടെടുപ്പും ഇത് പ്രദാനം ചെയ്യില്ല. മറിച്ച് അവരെ നശിപ്പിക്കുക മാത്രമാണ് ചെയ്യുക.
കര്‍ഷകരെയും തൊഴിലാളികളെയും പോലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും ഒന്ന് മനസിലാക്കേണ്ടതുണ്ട്. സര്‍വ്വതും സ്വകാര്യവത്കരിച്ചുകഴിഞ്ഞുള്ള ഗുപ്ത കാലഘട്ടത്തിനു സമാനമായ ആ സുവര്‍ണ കാലത്ത് അവര്‍ക്ക് യാതൊരു സ്ഥാനവും ഉണ്ടാവില്ല. ഈ ‘പഴഞ്ചന്‍ ഇടപാട്’ ഒരു ‘സമസ്ത ഇടപാടാണ്’.
കടപ്പാട്- ദ വയര്‍