| Wednesday, 18th October 2017, 10:55 am

എഴുത്തിലൂടെ ക്രിസ്ത്യന്‍ അജണ്ട നടപ്പിലാക്കുന്നുവെന്ന ആരോപണം തീര്‍ത്തും വസ്തുതാവിരുദ്ധം: കാഞ്ച ഐലയ്യ വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ എഴുത്തില്‍ ക്രിസ്ത്യന്‍ അജണ്ടയുണ്ടെന്ന ആരോപണങ്ങള്‍ക്കെതിരെ എഴുതുക്കാരന്‍ കാഞ്ച ഐലയ്യ. തനിക്കെതിരെ ആര്യ വൈശ്യ പ്രക്ഷോഭകരും മദര്‍ തെരേസയെയും പരിപൂര്‍ണാനന്ദ സ്വാമിയും ഉന്നയിക്കുന്ന ആരോപണം പരിപൂര്‍ണമായും അസത്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

തന്റെ ഗ്രാമമായ വാറങ്കല്‍ ജില്ലയിലെ ചെന്നാരപ്പെട്ട് മേഖലയിലുള്ള പപ്പൈയ്യപ്പെട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിച്ച ഗുഡ് ഷെപ്പേര്‍ഡ് സൊസൈറ്റിയുമായി അക്കാദമിക് ബന്ധം മാത്രമാണുള്ളത്. ഈ സൊസൈറ്റിയുടെ ഫണ്ട് ശേഖരണവുമായോ സ്‌കൂളിന്റെ മാനേജുമെന്റുമായോ തനിക്കൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ മേഖലകളില്‍ എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ഈ സ്‌കൂള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണിത്. ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരോ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരോ ആണ്. സ്വന്തം ഗ്രാമങ്ങളില്‍ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യമിട്ട് തൊണ്ണൂറുകളുടെ അവസാനം ഇത്തരം സ്‌കൂളുകള്‍ രാജ്യം മുഴുവന്‍ സ്ഥാപിക്കാന്‍ ഈ സംഘടനയോട് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറയുന്നു.


Must Read: മുദ്രാ വായ്പ നല്‍കാമെന്നു പറഞ്ഞ് ജനരക്ഷായാത്രയിലേക്ക് ക്ഷണിച്ചു; ഭക്ഷണപ്പൊതി നല്‍കി മടക്കി


കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും ബന്ധപ്പെടുകയും ഇവര്‍ക്ക് ഇംഗ്ലീഷ്, കണക്ക് എന്നിവയില്‍ നല്ല പരിജ്ഞാനവും തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് അവബോധവും ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനായി – തൊഴിലിന്റെ മഹത്വം നമ്മുടെ കാലഘട്ടത്തില്‍ – എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറുന്നു.

ഈ അക്കാദമിക് വര്‍ഷം ഈ സ്‌കൂളില്‍ 376 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ സംഘടന ഇത്തരം 107 സ്‌കൂളുകള്‍ നടത്തുന്നു. ഇവയെല്ലാം കുഗ്രാമങ്ങളിലുമാണ്. ഈ സ്‌കൂളുകളിലായി 27,000 കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍നിന്നും നാലുകുട്ടികള്‍ക്ക് മെഡിസിന് അഡ്മിഷന്‍ ലഭിച്ചു. കുറച്ചുപേര്‍ക്ക് എന്‍.ഐ.ടിയിലും അഡ്മിഷന്‍ കിട്ടി. പലകുട്ടികളും നല്ല എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നു. ഈ സ്‌കൂളില്ലായിരുന്നുവെങ്കില്‍ ഈ കുട്ടികള്‍ക്ക് ഇതൊന്നും സ്വപ്നം കാണാന്‍ കൂടി കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്ന ആല്‍ബര്‍ട്ട് ലെയല്‍ എന്നയാള്‍ മഹബൂബ് നഗര്‍ ജില്ലയിലെ കൗകുന്തള എന്ന അയാളുടെ ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും അമ്മയെ പ്രിന്‍സിപ്പളായി നിയമിക്കുകയും ചെയ്തിരുന്നു. ഇത് പ്രസ്തുത സംഘടനയില്‍ ചില പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ ആര്‍ക്കുവേണമെങ്കിലും പപ്പൈയ്യപ്പെട്ട് സ്‌കൂളിനെയും കൗകന്തള സ്‌കൂളിനെയും താരതമ്യ പഠനത്തിന് വിധേയമാക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഈ ലെയല്‍ എന്ന വ്യക്തിയും നോട്ടിന് വോട്ട് വിവാദത്തില്‍ മധ്യസ്ഥം വഹിച്ച ജറുസലേം മറ്റൈയ്യ എന്നയാളും പരിപൂര്‍ണാനന്ദ സ്വാമിയും ചേര്‍ന്ന് ആരോപണങ്ങള്‍ തനിക്കെതിരെ അഴിച്ചുവിടുകയാണ്. പരിപൂര്‍ണാനന്ദ സ്വാമി മദര്‍തെരേസയെ സ്ത്രീകളെ കടത്തുന്നയാള്‍ എന്ന ആരോപിച്ചയാളാണ്. ഇദ്ദേഹം പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരോ മറ്റു പിന്നോക്ക വിഭാങ്ങളില്‍ പെട്ടവരോ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് എതിരുനില്‍ക്കുന്നയാളുമാണ്. ഇത് വളരെ അപകടരമായ പ്രവണതയാണെന്നും കാഞ്ച ഐലയ്യ പറയുന്നു.

“സാമാജിക സ്മഗ്ലര്‍ലു: കോമാട്ടൊല്ലു” എന്ന പുസ്തകത്തിലൂടെ കാഞ്ച ഐലയ്യ ക്രിസ്ത്യന്‍ അജണ്ട നടപ്പിലാക്കുന്നു എന്ന ആരോപണവുമായി ആര്യവൈശ്യ വിഭാഗം രംഗത്തുവന്നിരുന്നു. എസ്.സി എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെയും മറ്റും ക്രിസ്തുമതത്തിലേക്ക് കൊണ്ടുപോകാനാണ് കാഞ്ച ഐലയ്യയുടെ ശ്രമമെന്നായിരുന്നു ഇവരുടെ ആരോപണം.

ക്രിസ്ത്യന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാരോപിച്ച് കെ. നാഗരാജു എന്നയാള്‍ കാഞ്ച ഐലയ്യയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ച ഐലയ്യയ്‌ക്കെതിരെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കാഞ്ച ഐലയ്യ ക്രിസ്ത്യന്‍ സമുദായത്തിന് ആളെക്കൂട്ടാനായി പ്രവര്‍ത്തിക്കുകയാണെന്നും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെയും മറ്റും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന് അദ്ദേഹത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഫണ്ടായി ലഭിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more