അംബേദ്ക്കര്‍ രാഷ്ട്രീയവും മാര്‍ക്‌സിസവും; സി.പി.ഐ.എം പാര്‍ട്ടികോണ്‍ഗ്രസിന് ശേഷം
Opinion
അംബേദ്ക്കര്‍ രാഷ്ട്രീയവും മാര്‍ക്‌സിസവും; സി.പി.ഐ.എം പാര്‍ട്ടികോണ്‍ഗ്രസിന് ശേഷം
കാഞ്ചാ ഐലയ്യ ഷെപ്‌ഹേഡ്
Wednesday, 25th April 2018, 6:09 pm

കഴിഞ്ഞയാഴ്ച സി.പി.ഐ.എമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന സെഷനില്‍ പങ്കെടുക്കുകയുണ്ടായി. ജീവിതത്തിലാദ്യമായാണ് ഇത്തരമൊരു പരിപാടിയില്‍ അതിത്ഥിയായി പങ്കെടുക്കുന്നത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും അതിന് ശേഷവും കുറച്ചുകാലം സി.പി.ഐ (എം.എല്‍) നാഗി റെഡ്ഡി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന ഒട്ടുമിക്ക എം.എല്‍ ഗ്രൂപ്പുകളും ചെറിയ ഗ്രൂപ്പുകളായിരുന്നു.

നാഗി റെഡ്ഡി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചത് സൈദ്ധാന്തികമായും ആശയപരമായും അടിത്തറയുണ്ടാക്കാന്‍ സഹായിച്ചെങ്കിലും ദേശീയതലത്തിലുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം എനിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി രംഗത്ത് പരിചയവും ദേശീയതലത്തില്‍ സാന്നിധ്യവുമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുകയും പാര്‍ലമെന്റില്‍ കാര്യപ്പെട്ട സാന്നിധ്യവുമുണ്ടായിരുന്ന സി.പി.ഐ.എം ആശയതലത്തില്‍ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെങ്കില്‍ ദല്‍ഹിയില്‍ അധികാരത്തിലേക്കെത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

2004ല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് രാജ്യത്തിന്റെ രാഷ്ട്രീയ,സാമ്പത്തിക നയങ്ങളെ സ്വാധീനിക്കാന്‍ സാധിച്ചു. ഇതുകൊണ്ട് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ആര്‍.ടി.ഐ ആക്ട് തുടങ്ങിയവ പോലുള്ളവ നടപ്പാക്കാന്‍ സാധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച ഒന്നാം യു.പി.എ സര്‍ക്കാരിന് കീഴില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ നന്നായി പുരോഗമിച്ചു എന്നാണ് എന്റെ അഭിപ്രായം.

 

ഏതൊരു സര്‍ക്കാരിലെയും കമ്മ്യൂണിസ്റ്റ് സാന്നിധ്യം അഴിമതിക്ക് തടസ്സമാണ്. 34 വര്‍ഷത്തെ ബംഗാളിലെ ഭരണവും 25 വര്‍ഷത്തെ ത്രിപുയിലെ ഭരണവും 1956 മുതല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നു വിവിധ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും അഴിമതി നടത്തിയിട്ടില്ല.

പാര്‍ലമെന്റേതര പോരാട്ടം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് അവരുടെ ഇപ്പോഴുമുള്ള പ്രശ്നം. പാര്‍ലമെന്ററി മാര്‍ഗ്ഗം അടവുനയമാണെന്നും എന്നാല്‍ വിപ്ലവമാര്‍ഗ്ഗം പ്രത്യയ ശാസ്ത്രപരമായ തന്ത്രമാണെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണവര്‍. ഈയൊരു ഒഴിവിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും ദല്‍ഹി ഭരിക്കുന്നത്.

എന്നാല്‍ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ശൈലിയും ഭാവവും വ്യത്യസ്തമായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് മൂന്നാംമുന്നണിക്ക് വേണ്ടി സി.പി.ഐ.എം പ്രവര്‍ത്തിക്കുമെന്ന തോന്നലാണ് കിട്ടുന്നത്. പാര്‍ട്ടികോണ്‍ഗ്രസിന് മൊത്തത്തിലുണ്ടായിരുന്നത് അച്ചടക്കത്തിന്റെ പരിവേഷമായിരുന്നു. വേദിയുടെ മുകളിലുണ്ടായിരുന്ന ബാനറില്‍ മാര്‍ക്സിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ, ദാസ് ക്യാപിറ്റല്‍ കവര്‍പേജുകളുടെ ചിത്രവുമുണ്ടായിരുന്നു.

വായനയിലും എഴുത്തിലും മറ്റു രാഷ്ട്രീയക്കാരേക്കാള്‍ മാര്‍ക്സിസ്റ്റുകള്‍ മെച്ചപ്പെട്ടവരാണ്. കേന്ദ്രത്തില്‍ നിര്‍ണായ സ്വാധീന ശക്തിയായി അവര്‍ക്കെത്താന്‍ കഴിഞ്ഞാല്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള ആഗോള ട്രെന്‍ഡുകളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. കോണ്‍ഗ്രസിനേക്കാള്‍ നന്നായി മാര്‍ക്സിസ്റ്റുകള്‍ക്ക് ഇക്കാര്യം ചെയ്യാന്‍ കഴിയും. അന്താരാഷ്ട്ര സംവിധാനങ്ങളോട് പരിചയമില്ലാത്തതിനാല്‍ ബി.ജെ.പി നേതൃത്വത്തെ ഇക്കാര്യത്തില്‍ മാര്‍ക്സിസ്റ്റുകളുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല. മാത്രവുമല്ല ബി.ജെ.പി നേതാക്കള്‍ക്ക് പുരാണങ്ങളിലേക്ക് ഉള്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്. അതില്‍ ജനക്ഷേമകരമായി ഒന്നുമില്ല. ആഗോള തലത്തിലുള്ള പരീക്ഷണങ്ങള്‍ പഠിച്ചുകൊണ്ട് ക്ഷേമ ജനാധിപത്യം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.

ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്

ഭാവിയുടെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റുകളും അംബേദ്ക്കറൈറ്റുകളും ചേര്‍ന്നുള്ള കൂട്ടായ്മയായ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് (ബി.എല്‍.എഫ്) ആയിരിക്കുമെന്ന് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവായ സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി പറഞ്ഞിരിക്കുകയാണ്. നിരവധി അംബേദ്ക്കറൈറ്റ്-ഫൂലൈറ്റ്- എസ്.എസി-എസ്.ടി-ഒ.ബി.സി പാര്‍ട്ടികളുമായി ചേര്‍ന്ന് തെലങ്കാന സി.പി.ഐ.എം ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സഖ്യം രൂപീകരിച്ചിരിക്കുകയാണ്.

ഈ പാര്‍ട്ടികള്‍ മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ, അംബേദ്ക്കര്‍, കാറല്‍ മാര്‍ക്സ് എന്നിവരെ ഒന്നിച്ചൊരു ബാനറില്‍ നിരത്തിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്‌സിന്റെയും അംബേദ്ക്കറുടെയും ഡെമോക്രസി-വെല്‍ഫെയറിസം സിദ്ധാന്തങ്ങളുടെ പരീക്ഷണമാണ്. മാര്‍ക്‌സും അംബേദ്ക്കറും തമ്മിലുള്ള ആശയപര ബന്ധത്തിലേക്ക് യെച്ചൂരി കടന്നിട്ടില്ലെങ്കിലും ഈ പരീക്ഷണത്തെ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാവുന്ന പോസിറ്റീവായ തുടക്കമായാണ് പാര്‍ട്ടി കാണുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ദല്‍ഹിയില്‍ അധികാരത്തിലെത്തുകയെന്ന തരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ നിലപാട് മാറ്റുകയാണെങ്കില്‍-നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സായുധ വിപ്ലവം ഉപേക്ഷിച്ച് അധികാരത്തിലെത്തിയ പോലെ- അതു തന്നെ ജനാധിപത്യത്തെ മാറ്റത്തിനുള്ള മാര്‍ഗമായി കണ്ട അംബേദ്ക്കറുടെ ആശയത്തെ സ്വീകരിക്കലായിരിക്കും. മാര്‍ക്‌സിയന്‍ വെല്‍ഫെയറിസവുമായി അംബേദ്ക്കറൈറ്റ് സോഷ്യോ-ഇക്കണോമിക് പരിഷ്‌ക്കാരങ്ങള്‍ സംയോജിപ്പിച്ചാല്‍ തന്നെ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.

സായുധ വിപ്ലവം ഉപേക്ഷിച്ച് സമയാധിഷ്ഠിതമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഊന്നിയ വാഗ്ദന പത്രികകള്‍ മുന്നോട്ടുവെച്ച് വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തുകയെന്നതാണ് അംബേദ്ക്കറിസത്തിന്റെ പ്രധാന ആശയങ്ങള്‍

കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയെ കാസ്റ്റ്-ക്ലാസ് സൊസൈറ്റിയെന്ന് അംംഗീകരിക്കുന്നു എന്നുകൂടി അര്‍ത്ഥം ഇതിനുണ്ട്. ക്രമേണയുള്ള ഡെമോക്രാറ്റിക് വെല്‍ഫെയറിസത്തിലൂടെ ജാതീയവും വര്‍ഗ്ഗപരവുമായ അടിച്ചമര്‍ത്തലും ചൂഷണവും അവസാനിപ്പിക്കാനാകും. കോണ്‍ഗ്രസും ബി.ജെ.പിയുമടക്കം അംബേദ്ക്കര്‍ക്ക് സ്തുതി പാടുന്നുണ്ടെങ്കിലും ജാതി ഉന്മൂലനം ചെയ്യപ്പെടണമെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ പുതിയ സിദ്ധാന്തത്തിലൂടെയും പ്രയോഗത്തിലൂടെയും ജാതി ഉന്മൂലനം ചെയ്യാനും വര്‍ഗവിവേചനം അവസാനിപ്പിക്കുന്നതിനുമുള്ള സാധ്യത കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്.

 

എന്റെ അഭിപ്രായത്തില്‍ പിന്തുടരാന്‍ പറ്റിയ നല്ലമാര്‍ഗം ഇന്ത്യയിലെ ജാതിയും ആഗോളതലത്തില്‍ ശുദ്ധസോഷ്യലിസവും വര്‍ഗവിപ്ലവവും ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍. അംബേദ്കറൈറ്റ് സിദ്ധാന്തത്തില്‍ ഉറച്ച് ജാതികേന്ദ്രീകൃതമായ വഴിയിലൂടെ യു.പിയില്‍ ബി.എസ്.പി വിജയിച്ചത് പ്രധാനമാണ്. എന്നാല്‍ പ്രാവര്‍ത്തിക തലത്തില്‍ മൗലികമായ പരീക്ഷണമല്ലാതായിത്തീരുന്നു. ആ പരീക്ഷണത്തില്‍ സൈദ്ധാന്തികമായ ഒരു കാര്‍ക്കശ്യം ഉണ്ടായിരുന്നില്ല. ക്ഷേമജനാധിപത്യം ആഗോളതലത്തിലുള്ള പരീക്ഷണമാണെന്ന് കണക്കിലെടുക്കുമ്പോള്‍ ജനാധിപത്യപരമായ പരിവര്‍ത്തനങ്ങള്‍ ശുദ്ധ അംബേദ്ക്കറിസത്തില്‍ മാത്രം അടിസ്ഥാനമാക്കി നേടിയെടുക്കാനാവില്ല. അതീവഗൗരമായി അംബേദ്ക്കറൈറ്റ് ചിന്തകളെ മനസിലാക്കുകയാണെങ്കില്‍ ആഗോളതലത്തിലും പ്രാദേശികമായും കാര്യങ്ങളെ കൂട്ടിയിണക്കാന്‍ കമ്മ്യൂണിസ്റ്റുകളാണ് കൂടുതല്‍ മെച്ചപ്പെട്ടത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനോ ജാതീയെ ഉന്മൂലനം ചെയ്യുന്നതിനോ അല്ല മുസ്‌ലിംങ്ങളെ ആക്രമിക്കാന്‍ വേണ്ടിമാത്രമാണ് ബി.ജെ.പി ബുദ്ധിജീവികള്‍ അംബേദ്ക്കറെ പഠിക്കുന്നത് കോണ്‍ഗ്രസുകാര്‍ കരുതുന്നത് നെഹ്‌റുവിയന്‍ ജനാധിപത്യത്തില്‍ അംബേദ്ക്കറിസവും അടങ്ങിയിട്ടുണ്ടെന്നാണ്. എന്നാല്‍ അങ്ങനെയല്ല. അതേ സമയം അംബേദ്ക്കറുടെയും നെഹ്‌റുവിന്റെയും ആശയങ്ങള്‍ ഒന്നിച്ചുചേരുന്ന പല മേഖലകളുമുണ്ട്.

തെലങ്കാനയില്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് നിലവില്‍ വന്നത് രാഷ്ട്രീയപരവും ആശയപരവുമായ സംവാദം വഴി ഈയൊരു വലിയ ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടിയാണ്. കമ്മ്യൂണിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും ആവരണം പൊട്ടിച്ച് പുറത്തെത്തിക്കുന്നതിന് വേണ്ടിയാണ്. ക്ഷേമജനാധിപത്യത്തിന് ആഴം കൂട്ടുക എന്ന ലക്ഷ്യം വെച്ച് സാമൂഹികനീതി എന്ന അജണ്ട പരിവര്‍ത്തനം ചെയ്യാനും അധികാരം പിടിക്കുന്നതിന് വേണ്ടി മാര്‍ക്‌സിസ്റ്റുകളും അംബേദ്ക്കറൈറ്റുകളും സംവാദം ആരംഭിച്ചിട്ടുണ്ട്. ഇത് സ്‌കൂള്‍, കോളേജ്, സര്‍വകലാശാല വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി ചെറുപ്പത്തില്‍ മുതല്‍ വര്‍ഗ-ചൂഷക ബന്ധങ്ങളും ജാതിഉന്മൂലന സിദ്ധാന്തവും കുട്ടികളിലെത്തിക്കാനുള്ള പരിപാടിയുടെ ഭാഗമാണ്. ഇത് മതത്തിനപ്പുറത്തേക്ക് മതേതരത്വത്തെ സംബന്ധിച്ചുള്ള സംവാദം മുന്നോട്ട് കൊണ്ടു പോകുന്നതിനും ജാതി, വര്‍ഗം, മതം, വംശം, എന്നിവയെ കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ്.

ജാതീയപരവും വര്‍ഗപരവും ലിംഗപരവുമായ വിവേചനങ്ങളെ കൈകാര്യം ചെയ്യുന്നതിന് മാര്‍ക്‌സും അംബേദ്ക്കറും നിരവധി തിയററ്റിക്കല്‍ ടൂളുകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ഒരാളെ മറ്റൊരാളുടെ വെളിച്ചത്തില്‍ വായിക്കുകയെന്നത് പ്രതിജ്ഞാബദ്ധരായ മാര്‍ക്‌സിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും ബി.എസ്.പി പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യമായതാണ്.

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്