| Saturday, 10th November 2018, 12:38 pm

ശൂദ്ര ഇടങ്ങള്‍

കാഞ്ചാ ഐലയ്യ ഷെപ്‌ഹേഡ്

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ശൂദ്രജാതികളെ സംബന്ധിച്ചിടത്തോളം അത് നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു. ഈ നടപടികളിലൂടെ ഒ.ബി.സിക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴിലുകളിലും ഉന്നത പൊതുവിദ്യാഭ്യാസമേഖലയിലും സ്ഥാനങ്ങള്‍ സംവരണം ചെയ്യപ്പെട്ടു. പരമ്പരാഗതമായി തൊഴിലാളികളും കൈത്തൊഴിലുകാരുമായ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ശൂദ്ര ജാതികളെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വര്‍ഗ്ഗീകരണമാണ് മറ്റു പിന്നോക്കക്കാര്‍ (ഒ.ബി.സി) എന്നത്. ബ്രാഹ്മണിക്കല്‍ ക്രമത്തിനുള്ളിലെ നാലാമത്തെ വര്‍ണമായ, ഏറ്റവും താഴത്തെ വര്‍ണമായ ശൂദ്ര ജാതികളെ ഇന്ത്യന്‍ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന വിഭാഗമായി മണ്ഡല്‍ കമ്മീഷന്‍ തിരിച്ചറിഞ്ഞിരുന്നു.

സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിരവധി മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാല്‍ ഈ വിഭാഗം മുന്നോക്ക ജാതികളേക്കാല്‍ വളരെയധികം പിന്നിലായിരുന്നു. എന്നിട്ടും സ്വാതന്ത്ര്യം മുതല്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും – ഔദ്യോഗികമായി പറഞ്ഞാല്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും – വേണ്ടി നടപ്പാക്കപ്പെട്ട പോസിറ്റീവ് വിവേചന സമ്പ്രദായത്തില്‍ (system of positive discrimination) നിന്നും ഇവര്‍ ഒഴിവാക്കപ്പെട്ടു. ഇവിടെയാണ് മണ്ഡല്‍ കമ്മീഷന്‍ ശരിയായവിധം മറ്റുപിന്നോക്ക ജാതിക്കാര്‍ക്കായി (ഒ.ബി.സി) ഒരു പ്രത്യേക വര്‍ഗ്ഗീകരണം നിര്‍മ്മിച്ചെടുത്തത്.

ബ്രാഹ്മണരില്‍ നിന്നും വൈശ്യരില്‍ നിന്നും, എന്തിനേറെ ശൂദ്രരിലെ ഒരു വിഭാഗത്തില്‍ നിന്നു പോലും കനത്ത തിരിച്ചടിയാണ് ഈ സംവരണ നടപടികള്‍ അഭിമുഖീകരിച്ചത്. ശൂദ്രര്‍ക്കുള്ളിലെ ജാതിശ്രേണിയുടെ ഏറ്റവും മുകളിലെ തട്ടിലുള്ള താരതമ്യേന അഭിവൃദ്ധിയുള്ള, ഭൂവുടമാ വിഭാഗങ്ങള്‍ – കമ്മ, റെഡ്ഡി, ഗൗഡ, നായര്‍, ജാട്ട്, പട്ടേല്‍, മറാത്താസ്, ഗുജ്ജാര്‍, യാദവ മുതലായ ജാതിക്കാര്‍ – ദശകങ്ങള്‍ കൊണ്ട് സ്വയം സംസ്‌കൃതവല്‍ക്കരിക്കുകയും ബ്രാഹ്മണ-ബനിയ ജാതിക്കാരുടെ അതേ സ്വഭാവങ്ങളും മുന്‍വിധികളും ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയുമാണ്.

1996ല്‍ പ്രസിദ്ധീകരിക്കപ്പെട്ട Why I am not a Hindu എന്ന എന്റെ കൃതിയില്‍ ഈ ശൂദ്ര “മേല്‍ജാതി”ക്കാരെ ഞാന്‍ “നവക്ഷത്രിയര്‍”എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ജാതിവ്യവസ്ഥയിലെ രണ്ടാം വര്‍ണമായിരുന്ന ക്ഷത്രിയവിഭാഗങ്ങളുടെ എണ്ണച്ചുരുക്കം കൊണ്ടുണ്ടായിട്ടുള്ള ഒഴിവിലേയ്ക്ക്, അതേ കര്‍ത്തവ്യങ്ങളും പദവിയും ഇത്തരത്തിലുള്ള സംസ്‌കൃതവല്‍ക്കരണത്തിലൂടെ തങ്ങള്‍ക്ക് ആര്‍ജ്ജിച്ചെടുക്കാനാവുമെന്നുള്ള അവരുടെ പ്രതീക്ഷയെ പ്രതിഫലിപ്പിക്കുന്നതിനായിരുന്നു അവരെ നവക്ഷത്രിയര്‍ എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചത്.

ഒരു തലമുറയുടെ മൊത്തം വ്യാപ്തിയിലേയ്ക്ക് മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പില്‍ വന്നിട്ട് രണ്ടര ദശകക്കാലം പൂര്‍ത്തിയാകുന്നു. സംവരണം ശൂദ്ര ഒ.ബി.സിക്കാരെ എത്രമാത്രം മുന്നോട്ട് കൊണ്ടുവന്നു? സംവരണത്തെ എതിര്‍ത്ത മേല്‍ജാതി ശൂദ്രര്‍ക്ക് അതുകൊണ്ട് എന്ത് നേട്ടമുണ്ടായി? ഇന്ത്യയില്‍ ഇന്ന് ശൂദ്രര്‍ സ്വയം കണ്ടെത്തുന്നതെവിടെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായിരിക്കുന്നു.

ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കില്‍ അതിന്റെ ഏതാണ്ട് പകുതിയോളം ജനസംഖ്യയും ശൂദ്രജാതിയിലാണ് ഉള്‍ക്കൊള്ളുന്നത്. ശൂദ്ര “മേല്‍ജാതി”ക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഒ.ബി.സി ജാതികള്‍ ജനസംഖ്യയുടെ 52 ശതമാനത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് 1980കളില്‍ മണ്ഡല്‍ കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. ഇന്നത് 65 കോടിയില്‍പ്പരം ആള്‍ക്കാരോളം വരും, അതായത് അമേരിക്കന്‍ ജനസംഖ്യയുടെ ഇരട്ടി ജനങ്ങള്‍!

പാക്കിസ്ഥാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയുടെ മൂന്നിരട്ടിയില്‍പ്പരം ആള്‍ക്കാര്‍! അത്രത്തോളം പേര്‍ ഈ ജാതിയില്‍ ഉണ്ടാകും. താരതമ്യത്തിനായി പറയുകയാണെങ്കില്‍, “മുന്നോക്ക”ജാതിക്കാര്‍ അതായത് ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗം എന്നിവരില്‍ ഉള്‍പ്പെടാത്ത ഹിന്ദുജാതിക്കാര്‍ മൊത്തത്തില്‍ ചേര്‍ന്നാല്‍തന്നെ ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് 20 ശതമാനത്തില്‍ കൂടുതല്‍ വരില്ല.

എന്നാല്‍ വന്‍ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗമായിട്ടും രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ സമസ്ത വശങ്ങളിലും അത് സര്‍ക്കാര്‍, വ്യവസായ, മതപര, വിദ്യാഭ്യാസമേഖലകളിലൊക്കെയുമുള്ള അധികാര നിലകള്‍ പരിശോധിച്ചാല്‍ അങ്ങേയറ്റം പ്രാതിനിധ്യം കുറഞ്ഞവരായി ശൂദ്രരുടെ സ്ഥിതി ഇപ്പോഴും തുടരുന്നു. വിശിഷ്യ ദേശീയ തലത്തില്‍, ഇവര്‍ ബ്രാഹ്മണ, വൈശ്യ (പ്രത്യേകിച്ചും ബനിയ) ജാതിക്കാരുടെ കീഴെയായിട്ടാണ് സ്ഥാനപ്പെട്ട് നില്‍ക്കുന്നത്.

ഒരു വിചിത്രമായ സ്ഥാനത്ത് ഇന്ന് എത്തിനില്‍ക്കുന്ന മേല്‍ജാതി ശൂദ്രരുടെ കാര്യവും വ്യത്യസ്തമല്ല. മറ്റ് ശൂദ്രജാതികളില്‍ നിന്നും തങ്ങള്‍ മേലെയാണ് എന്നുള്ള പിടിവാശിയാണ് ഒ.ബി.സി ലിസ്റ്റില്‍ നിന്നും ഇവര്‍ ഒഴിവാക്കപ്പെട്ടുന്നതില്‍ പ്രവര്‍ത്തിച്ചത്. സംവരണസ്ഥാനങ്ങള്‍ ലഭിക്കാനായി ഈ വിഭാഗത്തില്‍പ്പെട്ട ദശലക്ഷക്കണക്കിനു ശൂദ്രര്‍ തങ്ങളെക്കൂടി ഒ.ബി.സിവിഭാഗത്തിലെ അംഗങ്ങളായി പരിഗണിക്കണമെന്ന് രാജ്യത്തുടനീളം ഇന്ന് ആവശ്യമുയര്‍ത്തികൊണ്ടിരിക്കുകയാണ്.

ദേശീയ സമ്പദ്ഘടനയില്‍ എവിടെയാണ് ശൂദ്രര്‍? ഇവരിലെ സമ്പന്നവിഭാഗം പോലും ഇപ്പോഴും കാര്‍ഷിക സമ്പദ്ഘടനയെയാണ് ആശ്രയിക്കുന്നത്. ശൂദ്രരുടെ പരമ്പരാഗതമായ മുഖ്യ ആശ്രയമാണ് അത്. വ്യാവസായിക – ധനപരമായ മേഖലകളില്‍ പറയത്തക്ക നേട്ടമൊന്നും അവര്‍ക്ക് ഉണ്ടാക്കാനായിട്ടില്ല. ആ മേഖലകളിലൊക്കെ അധീശത്വം സ്ഥാപിച്ചിട്ടുള്ളത് ബനിയ ജാതിക്കാരാണ്. എപ്പോഴുമുള്ളതുപോലെ അവരെയാണ് ശൂദ്രര്‍ മൂലധനത്തിനായി ആശ്രയിക്കുന്നതും. അമ്പാനി, അദാനി, മിത്തല്‍ മുതലായ പ്രബലരായ വ്യാവസായിക കുടുംബങ്ങളെ എതിര്‍ക്കാന്‍ പോന്ന ഒരു വ്യാവസായിക കുടുംബം പോലും ശൂദ്രര്‍ക്കിടയിലില്ല.

ദരിദ്ര ശൂദ്രര്‍ക്കിടയിലാകട്ടെ അദ്ധ്വാനവിഭാഗമായ ജാതികള്‍ (labouring castes) വയലുകളില്‍ പണിയെടുക്കുന്നത് തുടരുകയാണ്. ഇന്നവര്‍ കെട്ടിടനിര്‍മ്മാണ സൈറ്റുകളിലേക്കും ഫാക്ടറികളിലേക്കും കൂടി പണിയെടുക്കുന്നത് വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇവര്‍ക്കൊപ്പം ആധുനികവ്യവസായത്തിന്റെ വരവോടെ പരമ്പരാഗതകഴിവുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ട ശൂദ്ര കൈവേലക്കാരും വമ്പിച്ച തോതില്‍ അണിനിരക്കുന്നുണ്ട്.

ദേശീയബോധത്തിലും സംസ്‌കാരത്തിലും എവിടെയാണ് ശൂദ്രര്‍ എത്തിനില്‍ക്കുന്നത്? വര്‍ത്തമാനകാല ഇന്ത്യയുടെ മുന്‍നിര ബൗദ്ധിക, ദാര്‍ശനിക, സാമൂഹ്യരാഷ്ട്രീയമണ്ഡലങ്ങളില്‍ ഇവര്‍ക്ക് പറയത്തക്ക പങ്കൊന്നുമില്ല. യഥാര്‍ത്ഥസ്വാധീനമുള്ള ഒരു പദവിയും ശൂദ്രപുരുഷനുപോലും – ശൂദ്ര സ്ത്രീകളുടെ കാര്യം പറയേണ്ടതുമില്ല – ഹിന്ദുമതത്തില്‍ അനുവദിച്ച് നല്‍കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ ഈ മതം എല്ലായിടങ്ങളിലും ശൂദ്രരെ അങ്ങേയറ്റം ക്രൂരമായി കഴുത്തുഞെരിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ശൂദ്രരാണെങ്കിലും അവര്‍ക്ക് ആ മതത്തിനുള്ളില്‍ ശബ്ദമില്ല. പൗരോഹിത്യത്തിലേയ്ക്ക് ചേര്‍ന്ന ശൂദ്രര്‍ക്കെതിരെ രൂഢമായിരിക്കുന്ന ജാത്യാധിക്ഷേപം തന്നെ അവരാപദവി ആഗ്രഹിക്കാന്‍ പോലും പാടില്ല എന്നതാണല്ലോ. മാത്രവുമല്ല ഇന്ത്യയുടെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളില്‍ തങ്ങള്‍ക്കുള്ള സാമൂഹ്യ, രാഷ്ട്രീയ സ്ഥാനത്തെ കുറിച്ച് സംസാരിക്കാനാവുന്ന ശൂദ്രബുദ്ധിജീവികള്‍ ഇല്ല എന്ന് തന്നെ പറയാം. ഉള്ളവര്‍ തന്നെ ദേശീയ സംവാദങ്ങളില്‍ നിന്നും ആവുംവിധം വേര്‍പെട്ട് സംസ്ഥാനതലത്തിലോ പ്രാദേശിക തലത്തിലോ പ്രാദേശിക ഭാഷയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ശൂദ്ര മനസുകള്‍ക്ക് അക്കാദമിക രംഗങ്ങളും മാധ്യമരംഗങ്ങളും വളരെ കുറഞ്ഞ ഇടങ്ങളാണ് നല്‍കുന്നതും. രാജ്യത്തെങ്ങും ശൂദ്രരുടെ വിദ്യാഭ്യാസനേട്ടങ്ങള്‍ അങ്ങേയറ്റം ദരിദ്രമാണ് എന്നതിന് അപവാദങ്ങള്‍ ഇല്ല. എല്ലാ ബൗദ്ധിക-ആത്മീയ പ്രവര്‍ത്തനങ്ങളിലും അവര്‍ ബ്രാഹ്മണനേതൃത്വത്തിന് ഏതാണ്ട് ഒട്ടാകെയും കീഴടങ്ങിയിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിലും ദേശീയ സര്‍ക്കാരിലും ശൂദ്രരുടെ സ്ഥാനമെന്താണ്? ഉന്നത ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലും ഇവരുടെ പ്രാതിനിധ്യം ശുഷ്‌കമാണ്. ശൂദ്ര നേതാക്കള്‍ കേവലം പ്രാദേശിക ശക്തികള്‍ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും യാദവര്‍, ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും കമ്മ, റെഡ്ഡി, കപ്പു, വെലമ്മമാര്‍ മുതലായ ചില ശൂദ്ര മേല്‍ജാതികള്‍ക്ക് വളരെ കാര്യക്ഷമമായിതന്നെ അതിശക്തമായ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളുടെയും അതിലെ നേതാക്കളുടെയും അധികാരം അവരുടെ സ്വസംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നവയാണ്. മാത്രവുമല്ല വിശാലമായ ഐക്യത്തെ തടയുന്ന ജാതി-പ്രാദേശികതാ സങ്കുചിതത്വങ്ങളിലാണ് മിക്കപ്പോഴും ഈ അധികാരം അടിയുറച്ചിരിക്കുന്നതും. കേന്ദ്രത്തിലുള്ള ശക്തികളുമായി സംഖ്യത്തിലേര്‍പ്പെടാനുള്ള ഈ നേതാക്കളുടെ ശ്രമങ്ങള്‍ ഇവരുടെ കീഴടങ്ങലിനെയാണ് അടിവരയിടുന്നത്. കൂടാതെ തങ്ങളുടെ ശൂദ്രനിയോജകമണ്ഡലങ്ങളില്‍ പ്രസ്തുത സംഖ്യത്തിന്റെ അര്‍ത്ഥവത്തായ നേട്ടങ്ങള്‍ ഇനിയും കൊണ്ടുവരാനായിട്ടുമില്ല. കോണ്‍ഗ്രസ്, ബി.ജെ.പി മുതലായ ദേശീയ പാര്‍ട്ടികളില്‍ ഒന്നില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയുന്ന അധികാരവൃത്തങ്ങളില്‍ ശൂദ്രരുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരാള്‍ പോലുമില്ല. ഈ രണ്ട് പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് ബ്രാഹ്മണരും ബനിയകളുമാണ്.

ശൂദ്രരുടെ മൗലിക സ്ഥാനങ്ങളില്‍ മാറ്റം വന്നിട്ടില്ല. നാലാം വര്‍ണക്കാരെന്ന നിലയില്‍, അവര്‍ണരുടെ അഥവാ ദലിതരുടെയും ആദിവാസികളുടെയും മാത്രം മുകളില്‍ സ്ഥാനമുള്ളവര്‍ എന്ന നിലയിലാണ് ബ്രാഹ്മണിക്കല്‍ വിശ്വാസം അവരെ ഇപ്പോഴും നിര്‍വ്വചിക്കുന്നത്. ജാതിവ്യവസ്ഥയോട് അങ്ങേയറ്റം കൂറുള്ള ഇന്ത്യന്‍ സമൂഹം അവരെ ജാതിസ്ഥാനത്തിനനുസരിച്ചുള്ള കര്‍ത്തവ്യങ്ങളിലാണ് നിലനിര്‍ത്തിയിരിക്കുന്നത്.

“”ശൂദ്രരെകുറിച്ചുള്ള ഒരു പുസ്തകവും സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഒട്ടും തന്നെ അധികപ്പറ്റായിരിക്കുകയില്ല”” എന്നാണ് 1946ല്‍ ബി.ആര്‍. അംബേദ്ക്കര്‍ “ആരാണ് ശൂദ്രര്‍? ഇന്തോ-ആര്യന്‍ സമൂഹത്തില്‍ അവരെങ്ങനെ നാലാം വര്‍ണ്ണമായിത്തീര്‍ന്നു?” എന്ന തന്റെ കൃതിയില്‍ കുറിച്ചിട്ടുള്ളത്. ശൂദ്രരുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള അംബേദ്ക്കറിന്റെ സിദ്ധാന്തത്തെ കുറിച്ചും ശൂദ്രര്‍ ഇന്തോ-ആര്യന്‍ വിഭാഗത്തില്‍പെട്ടവരായിരുന്നോ എന്നതിനെ കുറിച്ചും പുതിയ പുരാവസ്തുപഠനങ്ങളും ജനറ്റിക്ക് പഠനങ്ങളും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട് എങ്കിലും അതിനുമപ്പുറത്തേക്ക് ശൂദ്രരെക്കുറിച്ചുള്ള സാഹിത്യത്തില്‍ ഇക്കാലങ്ങള്‍ക്കിടക്ക് ശുഷ്‌കമായി മാത്രമേ മാറ്റങ്ങള്‍ വന്നിട്ടുമുള്ളു. സ്വതന്ത്ര ഇന്ത്യയിലെ ശൂദ്രരുടെ കഷ്ടതയിലേയ്ക്ക് ഒരു ഗവേഷകനും തന്റെ അന്വേഷണം തിരിച്ചുവിട്ടിട്ടില്ല. ശൂദ്ര ചരിത്രത്തെ കുറിച്ചോ സംസ്‌കാരത്തെ കുറിച്ചോ നല്ല പുസ്തകങ്ങളൊന്നുമില്ല. മാധ്യമമേഖലയിലാകട്ടെ ശൂദ്രരെക്കുറിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറത്തേക്ക് നീളുന്ന എഴുത്തുകളൊന്നും വന്നിട്ടുമില്ല.

ലളിതമായി പറഞ്ഞാല്‍ ശൂദ്രരുടെ പ്രശ്നങ്ങള്‍ അവരുടെ തന്നെ ശ്രദ്ധയിലേക്ക് ആരും ഇതുവരെ കൊണ്ടുവന്നിട്ടില്ല. ചരിത്രപരവും രാഷ്ട്രീയപരവും ആത്മീയപരവുമായ ആത്മബോധം സൃഷ്ടിക്കുന്നതിലും തങ്ങളുടെ വിമോചനത്തിനായി ഒരു വിശാല ഇന്ത്യന്‍ പ്രസ്ഥാനമായി സ്വയം ഉയരുന്നതിനും പ്രചോദനമെന്നോണം ദളിതര്‍ക്ക് അവരെ കുറിച്ചുള്ള അംബേദ്കറിന്റെ എഴുത്തുകള്‍ ഉപകരിച്ചതുപോലെ ശൂദ്രരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ പോലും ശൂദ്രര്‍ക്ക് പ്രയോജനകരമായിത്തീര്‍ന്നില്ല. ഒരു ഐക്യബോധത്തിന്റെ അഭാവത്തിലാണ് ശൂദ്രര്‍ അപരിഷ്‌കൃത (unreformed) ഹിന്ദുമതത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഈ ഹിന്ദുമതമാകട്ടെ ശൂദ്രരെ കാണുന്നത് ജന്മസിദ്ധമായി തന്നെ ബ്രാഹ്മണിക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യസ്ഥാപനങ്ങളുടെയും കീഴില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ വളഞ്ഞുനില്‍ക്കുന്നവരായിട്ടാണ്. അതുകൊണ്ട് എക്കാലത്തെയും പോലെ ഇപ്പോഴും ശൂദ്രരെ കുറിച്ചുള്ള രചനകള്‍ ഒട്ടും തന്നെ അധികപ്പറ്റായിരിക്കില്ല.


ഒ.ബി.സിവിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് നരേന്ദ്ര മോദിയെന്ന പ്രഖ്യാപനങ്ങളിലൂടെ ഒരൂ ശൂദ്രപ്രതിനിധിയെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് 2014ല്‍ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. മിക്കവരും ഈ പ്രഖ്യാപനത്തെ അര്‍ഹിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാക്കാതെയാണ് സ്വീകരിച്ചത്. മോദിയുള്‍പ്പെടുന്ന ഗുജറാത്തിലെ മോധ് ഗഞ്ചികളെന്ന ജാതിവിഭാഗത്തെ അടുത്ത് നിന്ന് പരിശോധിക്കുകയാണെങ്കില്‍ അദ്ദേഹം അവകാശപ്പെടുന്ന ആ ശൂദ്രപദവിയെ നമുക്ക് സംശയിക്കേണ്ടിവരും.

പാചക എണ്ണ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തുന്ന വ്യവസായത്തിലാണ് മോധ് ഘഞ്ചി വിഭാഗക്കാര്‍ ചരിത്രപരമായി ഏര്‍പ്പെട്ടിരുന്നത്. അടുത്തകാലത്ത് അവര്‍ പലചരക്ക് സ്റ്റോറുകള്‍ (kirana store) നടത്താന്‍ ആരംഭിച്ചു. ബ്രാഹ്മണിക്കല്‍ മനസുകള്‍ ഹീനമായ തൊഴിലായി പരിഗണിച്ചിരുന്ന കാര്‍ഷികോത്പാദനവുമായും കാര്‍ഷികതൊഴിലുമായും കൂടുതല്‍ ബന്ധപ്പെട്ട് നില്‍ക്കുന്ന ശൂദ്രജാതികളില്‍ നിന്നും ഇത് അവരെ വേറിട്ട് നിര്‍ത്തി.

തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ കാര്‍ക്കശ്യമായും ക്രമീകൃതമായി നിലനിര്‍ത്തപ്പെട്ടിരിക്കുന്നത്. അതാകട്ടെ വ്യാപാരം മൂന്നാം വര്‍ണമായ വൈശ്യര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുള്ളതുമാണ്. വ്യാപാരത്തിലുള്ള മോധ് ഗഞ്ചികളുടെ പങ്കാളിത്തം അവരുടെ വൈശ്യ പദവിയുടെ അടയാളമാണ്. ഗുജറാത്തില്‍ അവരെ “ഹീന”ജാതിയായല്ല (neech caste) കണക്കുന്നത്. ഈ സമുദായത്തിന്റെ സസ്യാഹാരസ്വഭാവം അവരുടെ ശൂദ്ര പാരമ്പര്യത്തേക്കാള്‍ വൈശ്യപാരമ്പര്യത്തെ(Root)യാണ് സൂചിപ്പിക്കുന്നത്. മോധ് ഗഞ്ച് പാരമ്പരാഗതമായി സാക്ഷരരാണ്. വ്യാപാരികള്‍ അങ്ങനെയായിരിക്കും. ഇതും അവര്‍ ശൂദ്രരല്ലാ എന്നുള്ളതിന്റെ മറ്റൊരു സൂചനയാണ്. ജാതി നിയമപ്രകാരം പഠനമോ വായനയോ എഴുത്തോ ശൂദ്രര്‍ക്ക് അനുവദനീയമല്ല. ഇത്തരമൊരു വിലക്കിനെ ആരെങ്കിലും മറികടന്നാല്‍ പ്രാകൃതമായ ശിക്ഷാവിധികളാണ് കല്‍പ്പിക്കപ്പെട്ടിരുന്നതും.

മണ്ഡല്‍ കമ്മിറ്റി ശിപാര്‍ശകള്‍ ആദ്യമായി നടപ്പാക്കിയപ്പോള്‍ മോധ് ഗഞ്ചുകളെ ഒ.ബി.സി വിഭാഗത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 1994ലാണ് ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ അവര്‍ക്ക് ഒ.ബി.സി പദവി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇവരെ 1999ലാണ് തങ്ങളുടെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം 2 വര്‍ഷം കഴിഞ്ഞാണ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിത്തീരുന്നത്. 2002, 2007, 2012 കാലങ്ങളില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിലൊരിക്കല്‍ പോലും ഒ.ബി.സിക്കാരനാണ് താനെന്ന് പ്രഖ്യാപിക്കുന്നത് ഗുണമായി അദ്ദേഹം കണ്ടതുമില്ല. അതേസമയം ഒരു ബനിയ ഐഡന്റിറ്റിയാണ് അന്ന് അദ്ദേഹം മുന്നോട്ട് വെച്ചത്. മാത്രവുമല്ല രാജ്യത്തെ ഏറ്റവും പ്രബലരായ വ്യാവസായിക-വ്യാപാര സമുദായമായ ബനിയകളാകട്ടെ വലിയൊരളവുവരെ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ആളായി ആശ്ലേഷിക്കുകയും ചെയ്തിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പ് പ്രചരണകാലത്ത് മാത്രമാണ് മോദി തന്റെ ഒ.ബി.സി പദവി പെട്ടെന്ന് ഓര്‍ത്തെടുത്തത്.

ഒ.ബി.സി പദവിയെ ഇത്തരത്തില്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തിയ ഒരേയൊരു ബി.ജെ.പി നേതാവ് നരേന്ദ്രമോദി മാത്രമല്ല. ഒരു ബനിയ ജാതിയില്‍ ജനിച്ച ബീഹാറിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോദിയും ഇപ്പോള്‍ ഒ.ബി.സി പട്ടികയിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളില്‍, വിശേഷിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബനിയജാതിക്കാരില്‍പ്പെടുന്ന വിഭാഗങ്ങള്‍ തന്നെ സ്വയം ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ണം കൊണ്ടും സമ്പത്തുകൊണ്ടും തൊഴില്‍ കൊണ്ടും സാക്ഷരതകൊണ്ടുമൊക്കെ ചരിത്രപരമായി നേട്ടങ്ങളുള്ള ഈ സമുദായങ്ങള്‍ എങ്ങനെയാണ് ഒ.ബി.സി പദവിക്ക് അര്‍ഹരായിത്തീര്‍ന്നത് എന്നത് ദുരൂഹമാണ്. ബനിയ ജാതിയെ മുഖ്യരാഷ്ട്രീയ ശക്തിയാക്കാന്‍ സഹായിക്കുന്ന ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇത്.

എല്ലാ ശൂദ്രരുടെയും കണ്ണുതുറപ്പിക്കേണ്ട ഒരു കാര്യമായിരിക്കണം ഇത്. വര്‍ണമാനദണ്ഡങ്ങളില്‍ താഴെത്തട്ടില്‍ സ്ഥിതിചെയ്യുന്നവര്‍ക്കുവേണ്ടി അവരുടെ യഥാര്‍ത്ഥ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ഉപാധിയാണ് ഒ.ബി.സി വര്‍ഗ്ഗീകരണം. എന്നാല്‍ ഒ.ബി.സി പദവി അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത ഒരു വിഭാഗം അതിനെ തങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കാനായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബുദ്ധിമുട്ടുകളുമായോ താല്‍പര്യങ്ങളുമായോ പാര്‍ട്ടികളുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത നേതാക്കളാലും പാര്‍ട്ടികളാലും തങ്ങള്‍ പ്രതിനിധീകരിക്കപ്പെടുമെന്ന് തെറ്റിധരിക്കപ്പെട്ട് ശൂദ്രര്‍ വഞ്ചിക്കപ്പെടുകയാണ്. ഇത് യഥാര്‍ത്ഥ ശൂദ്രപ്രതിനിധികള്‍ക്ക് അധികാരപദവികള്‍ നിഷേധിക്കപ്പെടുന്ന കാര്യവുമാണ്.

സമാനമായ ഒരു പ്രവണത ശൂദ്രര്‍ക്കിടയിലും ഉണ്ട്. ശൂദ്രര്‍ക്കുള്ളിലെ തന്നെ വര്‍ണ ശ്രേണിയില്‍ താഴെത്തട്ടില്‍ വരുന്ന ചില വിഭാഗങ്ങള്‍ ഔദ്യോഗിക നേട്ടങ്ങള്‍ക്കായി പട്ടികജാതി പദവി അന്വേഷിക്കുകയാണ്. ദലിത് ജാതികള്‍ക്കുമുകളില്‍ ശൂദ്ര അധികാരം സ്ഥാപിക്കുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്ന വിമര്‍ശന ചിന്തകളെ, പ്രത്യേകിച്ചും ദലിതരില്‍ നിന്നുള്ള വിമര്‍ശന ചിന്തകളെ ശൂദ്രരുടെ ഈ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നുണ്ട്. മേല്‍ജാതി ശൂദ്രരുടെ സംസ്‌കൃതവല്‍ക്കരണത്തിനു വിപരീതമായ ദിശയിലേയ്ക്കാണ് ശൂദ്രരുടെ ദലിതവല്‍ക്കരണം സഞ്ചരിക്കുന്നത്. ജാതിസംഘര്‍ഷങ്ങളെ മൂര്‍ച്ഛകൂട്ടുന്നതില്‍ നിന്നും വിഭിന്നമായി ജാതിക്കെതിരെ പോരാടുന്നവര്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്താനാണ് ഇത് സഹായകമാകുന്നത്.

ദേശീയ രാഷ്ട്രീയവ്യവസ്ഥ ബനിയ നിയന്ത്രണത്തിന്‍ കീഴിലേക്ക് വീഴുന്നതാണ് മോദിയുടെ നേതൃത്വത്തില്‍ നടന്ന 2014ലെ ബി.ജെ.പിയുടെ വിജയം അര്‍ത്ഥമാക്കുന്നത്. മോദിക്ക് ബനിയ വ്യവസായികളായ ഗൗതം അധാനിയുടെയും അമ്പാനിമാരുടെയും പിന്തുണയുണ്ടായിരുന്നു. മോദിസര്‍ക്കാര്‍ തിരിച്ച് അവരെ സഹായിക്കുകയും ചെയ്യുന്നു. മോദിയുടെ രണ്ടാമനായ അമിത് ഷാ ബി.ജെ.പി പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടു. ഭരണപാര്‍ട്ടിയെ തന്നെ ഒരു ബനിയ നയിക്കുന്നു എന്നാണ് അതിനര്‍ത്ഥം. മുമ്പ് ഒരു “”ബ്രാഹ്മണ-ബനിയ””പാര്‍ട്ടി എന്ന നിലയിലാണ് ബി.ജെ.പി പ്രശസ്തമായിരുന്നതെങ്കില്‍ ഇന്നത് വന്‍തോതില്‍ ഒരു “”ബനിയ-ബ്രാഹ്മണ”” പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.

ഈ പദ്ധതിയിലെ ശൂദ്രസ്ഥാനത്തെ കുറിച്ച് മനസിലാക്കണമെങ്കില്‍ 2017ലെ കാബിനറ്റിലെ ഒട്ടനവധി സുപ്രധാന പദവികള്‍ അലങ്കരിച്ചിരുന്ന എം. വെങ്കയ്യ നായിഡുവിനെ പ്രസ്തുത പദവികളില്‍ നിന്നും നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയും രാജ്യത്തെ വൈസ്പ്രസിഡന്റ് എന്ന ആഡംബര പദവിയിലേയ്ക്ക് മാത്രമായി ചുരുക്കിയ നടപടിയിലേയ്ക്ക് നമ്മള്‍ ശ്രദ്ധനല്‍കണം. ഇന്ന് അദ്ദേഹം സര്‍ക്കാരിലെ പ്രമുഖ ശൂദ്രമുഖമെന്ന നിലയിലുള്ള കര്‍ത്തവ്യമാണ് നിറവേറ്റുന്നതെങ്കിലും വാസ്തവത്തില്‍ അധികാരരഹിതനാണ്. അല്ലെങ്കില്‍ നമുക്ക് ആന്ധ്രാപ്രദേശിന്റെ ശൂദ്രസമുദായത്തില്‍പ്പെടുന്ന മുഖ്യമന്ത്രിയായ എന്‍ ചന്ദ്രബാബുനായിഡുവിലേക്ക് നോക്കാം. 2014ല്‍ ഒരു പുതിയ സര്‍ക്കാരിലേക്ക് വളരെ ഉത്സാഹഭരിതനായാണ് അദ്ദേഹം മുന്നേറിയത്. അദ്ദേഹത്തിന്റെ സംസ്ഥാനത്തിന് പ്രത്യേക സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അധികാരം ഉറപ്പിച്ച ശേഷം മോദിയും ഷായും ആ വാഗ്ദാനങ്ങള്‍ ലംഘിക്കുകയും അദ്ദേഹത്തെ പറഞ്ഞയക്കുകയും ചെയ്തു. ബീഹാര്‍ മുഖ്യമന്ത്രിയായ നിധീഷ്‌കുമാര്‍ അതേ തരത്തിലുള്ള കരാറിലാണ് മോദിയും ഷായുമായും ബന്ധപ്പെട്ടിരുന്നത്. അദ്ദേഹത്തിനും സമാനമായ അവഹേളനം അനുഭവിക്കേണ്ടിവന്നു.

ശൂദ്രരുടെ ആവശ്യങ്ങളെ സഹായിച്ചുകൊണ്ടല്ല, മറിച്ച് ബനിയ മൂലധനത്തിന്റെ ആവശ്യങ്ങളെ സഹായിച്ചുകൊണ്ടാണ് മോദി അധികാരത്തിലേക്ക് വളര്‍ന്നുവന്നത്. ബനിയ ജാതിയിയിലെ തായ്‌വേരും ഒപ്പം ഒ.ബി.സി സര്‍ട്ടിഫിക്കറ്റും – ഈ കോമ്പിനേഷന്‍ ആണ് ഇന്നത്തെ ബി.ജെ.പിയുടെ ആദര്‍ശമുഖമായി മോദിയെ മാറ്റിത്തീര്‍ത്തത്. എണ്ണം കൊണ്ട് തങ്ങളുടെ ശക്തിക്കായി ബി.ജെ.പി കൂടുതലും ശൂദ്ര വോട്ടുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അവരാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് പ്രധാനമെങ്കില്‍ മറ്റ് ശൂദ്ര നേതാക്കളെ പിന്തുണച്ചുകൊണ്ട് വേണം അവരെ തങ്ങളിലേയ്ക്ക് അടുപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ മോദി ചെയ്തതുപോലെ ഒ.ബി.സികാര്‍ഡ് ഇറക്കിക്കളിക്കുന്നതില്‍ വേറാരും തന്നെ ബനിയകളെ പ്രീതിപ്പെടുത്തിയില്ല.


സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്താണ് ബനിയകളുടെ രാഷ്ട്രീയാധികാരം ഉച്ഛസ്ഥായിയിലെത്തിയത്. അതിനായി രണ്ട് നേതാക്കളെ അവര്‍ക്ക് ആശ്രയിക്കാന്‍ കഴിഞ്ഞിരുന്നു; എം.കെ.ഗാന്ധിയെയും രാം മനോഹര്‍ ലോഹ്യയെയും. വ്യവസായ-വ്യാപാരമേഖലയിലും സ്വകാര്യ പത്രമേഖലയിലും വമ്പിച്ച സ്വാധീനം അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും തുടര്‍ന്നുവന്ന നെഹ്റുവിയന്‍ കാലത്ത് ബ്രാഹ്മണമേധാവിത്വമുള്ള കോണ്‍ഗ്രസിനു കീഴില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടാകെയും അവര്‍ അദൃശ്യരായിപ്പോവുകയായിരുന്നു. പുതുതായി ഉയര്‍ന്നുവന്ന് ബി.ജെ.പിയായി രൂപപരിവര്‍ത്തനം സംഭവിച്ച അന്നത്തെ ജനസംഘിലേയ്ക്ക് ഈ ബനിയ ജാതിക്കാര്‍ ഒഴുകി. എന്നാല്‍ അടുത്തകാലം വരെയും അതിന്റെ നേതൃത്വം ബ്രാഹ്മണരുടെ കൈകളിലായിരുന്നു.

ജാതിവ്യവസ്ഥയിലെ തങ്ങളുടെ പദവിയെ ഉല്ലംഘിച്ചുകൊണ്ട്, എന്തിനേറെ ബ്രാഹ്മണാധികാരത്തെ തന്നെ പിന്നിലാക്കിക്കൊണ്ട് എങ്ങനെയാണ് ബനിയകള്‍ക്ക് ദേശീയസര്‍ക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലേയ്ക്ക് ഇങ്ങനെ കുതിക്കാനായത്? ബ്രാഹ്മണരുടെ സന്യാസമൂല്യവ്യവസ്ഥക്ക് കീഴില്‍ ഒരുകാലത്ത് ബനിയ ജാതിക്കാരുടെ തൊഴിലിനെ അഥവാ കച്ചവടത്തെ അന്തസ്സില്ലാത്തതായാണ് കരുതിയിരുന്നത്. ശൂദ്രരുടെ അദ്ധ്വാനവും കാര്‍ഷികോത്പാദനവും ഇന്നുപോലും മോശമായി പരിഗണിക്കുന്ന സമീപനത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അത്. എന്നാലിന്ന് ബനിയജാതിയെയും അവരുടെ ജാതിപരമായ തൊഴിലിനെയും അന്തസ്സായാണ് പരിഗണിക്കുന്നത്. ശൂദ്രരുടെ തൊഴിലിനും പദവിക്കും പുരാതനകാലം മുതലുള്ള അവസ്ഥയില്‍ മാറ്റമില്ലാതെ തുടരുമ്പോഴും ബനിയജാതിക്ക് അത്തരമൊരു മാറ്റം സാധ്യമാക്കിത്തീര്‍ത്തത് എന്താണ്? ഈ ചോദ്യം വളരെ ശ്രദ്ധാപൂര്‍വ്വം ശൂദ്രര്‍ പഠിക്കേണ്ടതുണ്ട്.

കാരണം ഇതിനുമാത്രമേ അവര്‍ക്ക് ഒരു മാതൃക നല്‍കാന്‍ സാധിക്കുകയുള്ളു. മാത്രവുമല്ല തങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്ന അരികുവല്‍ക്കരണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കാരണങ്ങള്‍ എന്താണ് എന്ന് അവര്‍ക്ക് മനസിലാകാന്‍ സഹായിക്കുകയുമുള്ളു.

ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം പണം എന്നാണ്. ജാതിയടിസ്ഥാനമുള്ള ഒരു സമൂഹത്തിലേക്ക് ഉദാരമുതലാളിത്തം നടപ്പാക്കപ്പെട്ടപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടായത് സ്വാഭാവികമായും ജാതിവ്യവസ്ഥയ്ക്ക് കീഴില്‍ നൂറ്റാണ്ടുകളായി വ്യാപാരമൂലധനം കൈവശം വെയ്ക്കാന്‍ സവിശേഷ അവകാശം ഉണ്ടായിരുന്ന ഒരേയൊരു വിഭാഗത്തിനായിരിക്കുമല്ലോ. ആഗോളകമ്പോളത്തിലേയ്ക്കുള്ള ഇന്ത്യയുടെ പ്രവേശനം ഇന്ത്യന്‍ മൂലധനത്തിലും സമ്പദ്ഘടനയിലും ബനിയകള്‍ക്കുള്ള നിയന്ത്രണം ഉറപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ട് സമ്പത്താണ് പദവി കൊണ്ടുവരുന്നത്.

എന്നാലിത് വിശദീകരണത്തിന്റെ ഒരുഭാഗം മാത്രമേ ആകുന്നുള്ളു. ബനിയകള്‍ക്ക് സാമൂഹ്യ-രാഷ്ട്രീയ സ്ഥാനങ്ങള്‍ ലഭിച്ചതിനേക്കാള്‍ വളരെ നീണ്ടകാലത്തെ പഴക്കമുണ്ട് അവര്‍ സമ്പന്ന വിഭാഗമായി തീര്‍ന്നതിന്. കൊളോണിയലിസത്തിന്റെ അവസാനകാലത്ത് തന്നെ ബനിയകള്‍ക്ക് ധാരാളം പണമുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും ബ്രാഹ്മണരുടെ മുമ്പില്‍ അങ്ങേയറ്റം അപകര്‍ഷതാബോധമായിരുന്നു ഇവരനുഭവിച്ചിരുന്നത്. കേവലം സമ്പത്തുകൊണ്ട് മാത്രം ഇതിനെ അതിജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. തങ്ങളുടെ സാമ്പ്രദായിക സാമൂഹ്യ സ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ കെട്ടുപാടുകളെ അയവുള്ളതാക്കിത്തീര്‍ക്കാന്‍ അവര്‍ക്ക് ദാര്‍ശനികരെ ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു.

ഇന്ന് ബനിയകള്‍ എത്തിച്ചേര്‍ന്ന ഇടത്തേക്ക് അവരെ എത്തിക്കുന്നതില്‍ എം.കെ. ഗാന്ധി, റാം മനോഹര്‍ ലോഹ്യ എന്നിവര്‍ക്ക് വളരെ നിര്‍ണായകസ്ഥാനമാണുള്ളത്. അവര്‍ കേവലം രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയിലല്ല മറിച്ച് ഇന്ത്യന്‍ സമൂഹത്തെത്തന്നെ രൂപപ്പെടുത്തിയ ചിന്തകരെന്ന നിലയിലാണ് പ്രാധാന്യമുള്ളവരായിത്തീര്‍ന്നത്. പാശ്ചാത്യവിദ്യാഭ്യാസവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമുള്ള, ധാരാളമായി എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രണ്ട് ബനിയ ജൈവ ബുദ്ധിജീവികളായിരുന്നു ഇരുവരും. സ്വാതന്ത്ര്യപ്രസ്ഥാനത്തെയും ആദ്യകാല റിപ്പബ്ലിക്കിനെയും നയിച്ചിരുന്ന ബ്രാഹ്മണ ചിന്തകരുടെ ഇടയില്‍ ഇരുവരും ഔന്നിത്യം നേടി. ഇത് ബനിയകളുടെ അഭിമാനവും ആത്മാഭിമാനവും വലിയതോതില്‍ വളര്‍ത്തി.

ബ്രാഹ്മണര്‍ക്ക് മതിപ്പുള്ള വ്യക്തിയായിരുന്നു ഗാന്ധി. അദ്ദേഹത്തിന്റെ പ്രതിശ്ചായയും വ്യക്തിഗതശീലങ്ങളും – അദ്ദേഹത്തിന്റെ വസ്ത്രധാരണരീതി, ഉപവാസം, സസ്യാഹാരസ്വഭാവം, ബ്രാഹ്മണാനുഷ്ഠാനരീതിയിലുള്ള അദ്ദേഹത്തിന്റെ ശുദ്ധിനിഷ്ഠകള്‍ മുതായവ – കൂടുതലായും ആശ്രയിച്ചുനില്‍ക്കുന്നത് ബ്രാഹ്മണദര്‍ശനങ്ങളനുസരിച്ചുള്ള സന്യാസമൂല്യങ്ങളെയാണ്. ബ്രാഹ്മണ വഴികളില്‍ സമര്‍പ്പണമുള്ള ഒരു ബനിയയായിരുന്നു ഗാന്ധി.

അതുപോലെ പ്രധാനപ്പെട്ടകാര്യമാണ്, ഗാന്ധി ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്ക് വ്യാവസായികമൂലധനം പ്രവേശിപ്പിക്കുന്നതിന് ഒരു വഴി തുറന്നുകൊടുത്തു എന്നത്. പരസ്യമായി ഗാന്ധി വ്യാവസായിക സമ്പദ്ഘടനയോട് കടുത്ത വിമര്‍ശനങ്ങള്‍ സ്വീകരിക്കുകയും ഗ്രാമീണ സമ്പദ്ഘടനയിലേയ്ക്ക് തിരിച്ചുപോകണമെന്ന് വാദിക്കുകയും ചെയ്തിരുന്ന ആളായിരുന്നു.

അതേസമയം സ്വകാര്യമായി ബനിയ വ്യാവസായികളുടെ പിന്തുണ സ്വീകരിക്കുന്നതിലും അവരെ വന്‍വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിലും യാതൊരു മനസാക്ഷിക്കുത്തും അദ്ദേഹത്തിന് തോന്നിയിരുന്നില്ല. സവിശേഷമായി ബിര്‍ളമാരും ഗോയെങ്കമാരും ഗാന്ധിയെ കൈയയച്ച് സഹായിച്ചിട്ടുണ്ട്. ഗാന്ധിയുടെ പരസ്യവാചാടോപങ്ങള്‍ അവര്‍ക്ക് ഭീഷണിയായിരുന്നില്ല. മാത്രവുമല്ല ധാരാളമായി അതിലൂടെ അവര്‍ നേടുകയും ചെയ്തു.

അഭിലഷണീയമായ ഒരു തൊഴില്‍ വിഭജനമാണ് ജാതി എന്ന് ജാതിവ്യവസ്ഥയെ ആദര്‍ശവല്‍ക്കരിച്ച സങ്കല്‍പ്പനത്തോടൊപ്പമാണ് ഗ്രാമീണ സമ്പദ്ഘടനയെ കുറിച്ചുള്ള ഗാന്ധിയുടെ വീക്ഷണം കടന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം അസ്പൃശ്യതയ്ക്കെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ജാതിവ്യവസ്ഥയ്ക്ക് അദ്ദേഹം ഒട്ടും എതിരായിരുന്നുമില്ല. ഫലപ്രദമായി തന്നെ അദ്ദേഹം വ്യവസായത്തിന്റെയും മൂലധനത്തിന്റെയും മുകളിലുള്ള വൈശ്യ കുത്തകയെ അംഗീകരിക്കുകയും ശൂദ്രരെയും ദലിതരെയും ചൂഷണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാവുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ സംഘാടനം കൂടുതലും ഗാന്ധിയുടെ മാതൃകയെയാണ് അന്നുമുതല്‍ ഇന്നുവരെയും പിന്തുടര്‍ന്നിരുന്നത്. വളരെ കുറച്ച് രാഷ്ട്രീയക്കാര്‍ മാത്രമേ, അത് ബ്രാഹ്മണരായിക്കൊള്ളട്ടെ അല്ലാത്തവരായിക്കൊള്ളട്ടെ, ബനിയകളും അവരുടെ മൂലധനവും തങ്ങള്‍ക്ക് ഗുണം ചെയ്യില്ല എന്ന് ചിന്തിച്ചിട്ടുള്ളു. തങ്ങളെ സഹായിച്ച കരങ്ങളെ പരസ്യമായി വിമര്‍ശിക്കുന്ന ഗാന്ധിയെ പോലെ തന്നെയുള്ള മിക്ക രാഷ്ട്രീയക്കാരുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല.

ഗാന്ധിയുടെ രാഷ്ട്രീയദര്‍ശനം ഒരു വശത്ത് വ്യവസായത്തില്‍ നിന്നുള്ള സാമ്പത്തിക മൂലധനത്തെയും മറുവശത്ത് ബ്രാഹ്മണിസത്തില്‍ നിന്നുള്ള സാംസ്‌കാരികമൂലധനത്തെയുമാണ് ആശ്രയിച്ചിരുന്നത്. ഒരു സമുദായമെന്ന നിലയില്‍ ബനിയകളെ അംഗീകരിക്കുന്ന പ്രസ്താവത്തില്‍ തന്നെ – അതായത് അവര്‍ക്ക് വമ്പിച്ച സാമ്പത്തികാധികാരവുമുണ്ടായിരുന്നു അതുപോലെ അവര്‍ ബ്രാഹ്മണരുടെ വഴികളെ ആശ്ലേഷിച്ചിട്ടുമുണ്ടായിരുന്നു എന്ന പ്രസ്താവത്തില്‍ തന്നെ – ഇത് പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെയും അധികാരത്തിന്റെയും മുകളില്‍ തുല്യതയ്ക്ക് വേണ്ടിയുള്ള ബനിയകളുടെ അവകാശവാദത്തെ ഗാന്ധി അവരോധിക്കുകയായിരുന്നു.

ലോഹ്യയയുമായുള്ള ബനിയകളുടെ ബന്ധം കൂടുതല്‍ സങ്കീര്‍ണമായിരുന്നു. ലോഹ്യയുടെ ബൗദ്ധികശേഷിയിലും അതുപോലെ തന്നെ ഒരു ബ്രാഹ്മണനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തെ അദ്ദേഹം തുറന്ന് വെല്ലുവിളിച്ചതിലും ബനിയകള്‍ അഭിമാനം കണ്ടെത്തി. എന്നാല്‍ ഗാന്ധിക്ക് നല്‍കിയപോലെ ഒരു പിന്തുണ അവര്‍ ലോഹ്യയ്ക്ക് നല്‍കിയില്ല. അദ്ദേഹം ഒരു കടുത്ത സോഷ്യലിസ്റ്റും കൂടാതെ ബനിയകളുടെ താല്‍പര്യങ്ങള്‍ക്ക് കനത്ത ഭീഷണിയുമായിരുന്നു.

1948ല്‍ കോണ്‍ഗ്രസ് വിട്ട ലോഹ്യ ഒരു സോഷ്യലിസ്റ്റ് അജണ്ട മുന്നോട്ട് വെയ്ക്കുകയും ബനിയകളുടെ രാഷ്ട്രീയ ഉയര്‍ച്ചക്ക് ഒരുപക്ഷെ ബോധപൂര്‍വ്വമല്ലാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തു. ബ്രാഹ്മണ മേധാവിത്വത്തിലേയ്ക്ക് കോണ്‍ഗ്രസ് മടങ്ങിപ്പോയതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും തങ്ങള്‍ ഒഴിവാക്കപ്പെട്ടതില്‍ ക്ഷുഭിതരായ ശൂദ്രര്‍ക്കിടയില്‍ ലോഹ്യയയുടെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് പിന്തുണ നേടാനായി.

ഗാന്ധിയുടെയും മാര്‍ക്സിന്റെയും ആശയങ്ങളെ സംയോജിപ്പിച്ചുള്ള ലോഹിയാസോഷ്യലിസം വിശേഷിച്ചും വടക്കേന്ത്യയില്‍ ശൂദ്ര രാഷ്ട്രീയസംഘാടനത്തിന്റെ ഒരു മുഖ്യ ആശ്രയമായിത്തീര്‍ന്നു. ബനിയ നേതൃത്വത്തെ കണ്ട് പഠിക്കാന്‍ ശൂദ്ര ജനങ്ങളെ അദ്ദേഹം തയ്യാറാക്കി. മോദി-ഷാ ദ്വയങ്ങള്‍ ഇതിന്റെ ഇന്നത്തെ ഗുണഭോക്താക്കളായി ഇന്നും തുടരുന്നുണ്ട്.

രാഷ്ട്രീയ-ബൗദ്ധിക മേഖലകളില്‍ ദേശീയതലത്തില്‍ ശൂദ്രര്‍ക്ക് ഉണ്ടായിരുന്ന നേതാക്കളുടെ ശൂന്യത മാത്രമാണ് അവര്‍ക്കിടയില്‍ ലോഹ്യയുടെ സ്ഥാനം സാധ്യമാക്കിത്തീര്‍ത്തത്. അക്കാലത്തെ പ്രമുഖ ശൂദ്ര സംഘാടനം നടന്നത് മദ്രാസ് സംസ്ഥാനത്തെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. എന്നാല്‍ പെരിയാറുള്‍പ്പെടെയുള്ള അതിന്റെ നേതൃത്വം സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപ്തിയുണ്ടാക്കിയില്ല. സ്വാതന്ത്ര്യസമരകാലത്ത് പ്രാദേശിക നേതാക്കളായും പ്രാപ്തിയുള്ള സംഘാടകരായും നൂറുകണക്കിന് ശൂദ്രര്‍ ഉയര്‍ന്നുവന്നെങ്കിലും അവരിലൊരാള്‍ പോലും ദേശീയ പദവിയാര്‍ജ്ജിച്ചതുമില്ല.

ഇതിന് ഒരേയൊരു അപവാദമേയുള്ളു. അത് ഈ യുഗത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദൃശ്യതലഭിച്ച ശൂദ്രനേതാവായ വല്ലഭായ് പട്ടേലാണ്. പട്ടേല്‍ ബ്രിട്ടീഷ് ബിരുദമാര്‍ജ്ജിക്കുകയും ഒരു അഭിഭാഷകനായി മാറുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ബൗദ്ധികവ്യാപ്തി പരിമിതമായിരുന്നു. ഗാന്ധിയെയോ നെഹ്റുവിനെയോ പോലെ ചരിത്ര-ദാര്‍ശനിക-പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിലേക്ക് ഒരിക്കലും അദ്ദേഹം കണ്ണയച്ചില്ല.

കര്‍ഷകസംഘാടകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജനകീയ പ്രതിച്ഛായയെ മാത്രമായിരുന്നു ഗാന്ധി ഉപയോഗിച്ചത്. നെഹ്റുവാകട്ടെ പദ്ധതികള്‍ നടപ്പാക്കാന്‍ ത്രാണിയുള്ളവനെന്ന നിലയില്‍ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുമുള്ളു. അദ്ദേഹം അറിയപ്പെട്ടിരുന്ന “സര്‍ദാര്‍”, “ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍” എന്നീ ശീര്‍ഷകങ്ങള്‍ ഒരിക്കലും ബൗദ്ധിക – ദാര്‍ശനിക അര്‍ത്ഥങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലല്ലോ, പ്രത്യേകിച്ചും ഗാന്ധിക്ക് ലഭിച്ച വിളിപ്പേരായ “മഹാത്മ”, അല്ലെങ്കില്‍ നെഹ്റുവിന്റെ വിളിപ്പേരായ “പണ്ഡിറ്റ്” എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍. ഗാന്ധിക്കും നെഹ്റുവിനും താഴെയുള്ള ആളെന്ന നിലയില്‍ മാത്രമാണ് പട്ടേല്‍ നിലനിന്നിരുന്നത്. കോണ്‍ഗ്രസിനു പുറത്ത് സ്വന്തമായി ഒരു സ്വതന്ത്ര പദ്ധതിരൂപീകരിക്കാനൊന്നും അദ്ദേഹം മുതിര്‍ന്നതുമില്ല. ശൂദ്രര്‍ക്കായി ശാക്തീകരണത്തിന്റെ ഒരു ദര്‍ശനം അദ്ദേഹം മുന്നോട്ട് വെച്ചതുമില്ല.

ഈ പശ്ചാത്തലത്തില്‍ പഠിക്കേണ്ട മറ്റൊരു നിര്‍ണ്ണായക വ്യക്തിത്വം ബി.ആര്‍. അംബേദ്ക്കര്‍ ആണ്. ബ്രാഹ്മണിസം അസ്പൃശ്യരാണ് എന്ന് കരുതിയിരുന്ന ഒരു ജാതിയില്‍ നിന്ന് ഉയര്‍ന്നുവരികയും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുകയും പാശ്ചാത്യരാജ്യത്ത് പഠനം നടത്തുകയും ചെയ്തു എന്ന് മാത്രമല്ല റിപ്പബ്ലിക്കന്‍ ഇന്ത്യയുടെ ബൗദ്ധിക രൂപകര്‍ത്താക്കളിലൊരാള്‍ എന്ന സ്ഥാനം അലങ്കരിക്കുക ഗാന്ധിയും ലോഹ്യയുമൊക്കെയായിരിക്കും എന്ന മുന്‍വിധികളെയൊക്കെ അതിജീവിക്കുകയും ചെയ്തു അദ്ദേഹം.

ബനിയകളെ പോലെ ഉയര്‍ച്ചക്കുള്ള ഉപാധിയെന്ന നിലയില്‍ സമ്പത്ത് ഇല്ലാതിരുന്നിട്ടുകൂടിയും തത്വശാസ്ത്രത്തിന്റെ ശക്തിയെന്തെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് അദ്ദേഹം. ജാതികൊണ്ട് അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുള്ള പുരോഗമനത്തിന്റ വഴി അദ്ദേഹം കാണിച്ചുകൊടുത്തു. ബ്രാഹ്മണിസത്തെയും ഹിന്ദുമതത്തെയും – അദ്ദേഹം രണ്ടിനേയും പര്യായപദമായാണ് കണ്ടിരുന്നത് – പരിപൂര്‍ണമായും കയ്യൊഴിയുന്നതിനെയും ഒപ്പം ആത്മാഭിമാനത്തെയും വിളക്കിയോജിപ്പിച്ചുകൊണ്ട് ഒരു ദലിത് സ്വത്വനിര്‍മ്മിതിയിലാണ് ആ വഴി ഉള്ളടങ്ങിയിരിക്കുന്നത്.

ബ്രാഹ്മണിസത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതില്‍ അംബേദ്ക്കറൈറ്റ് ദര്‍ശനത്തിന് ചില നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ശൂദ്രര്‍ക്ക് അതിന്റെ ശക്തി ഒരിക്കലും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഈ പ്രത്യയശാസ്ത്രത്തെയോ സമാനമായ മറ്റൊന്നിനെയോ സ്വീകരിക്കുകയും തങ്ങളുടെ അടിച്ചമര്‍ത്തലില്‍ ജാതിക്കും മതത്തിനുമുള്ള പങ്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് അവരുടെ നില ഒരുപക്ഷെ തികച്ചും മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ജാതി സങ്കുചിതത്വത്തെ ആത്മാഭിമാനമെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുന്ന പ്രാദേശിക നേതാക്കളിലേയ്ക്കും, ഒപ്പം ജാതി അടിച്ചമര്‍ത്തലിനെതിരെ മൗനമവലംബിക്കുന്ന സമ്പത്തിക അടിച്ചമര്‍ത്തലിനെ പറ്റിമാത്രം വാതുറക്കുന്ന ഒരു സോഷ്യലിസത്തിലേയ്ക്കുമാണ് അവര്‍ തിരിഞ്ഞത്.

തങ്ങളുടെ മുന്‍കാലപദവിയെക്കാള്‍ ഉയരത്തിലേയ്ക്ക് പോകാനുള്ള ഒരു വഴി റിപ്പബ്ലിക്കന്‍ ഇന്ത്യയുടെ ചരിത്രത്തിലെ തുടക്കകാലത്ത് തന്നെ ബനിയകള്‍ക്ക് മുന്നില്‍ തെളിഞ്ഞു – ബ്രാഹ്മണിക്കല്‍ സംസ്‌കാരവുമായി വ്യാവസായികവും വ്യാപാരപരവുമായ തങ്ങളുടെ അധികാരത്തെ ലയിപ്പിക്കുക എന്ന വഴി. ഗാന്ധിയായിരുന്നു അവരുടെ പ്രവാചകന്‍.

അവിടം മുതല്‍ വീണ്ടും മുന്നേറ്റങ്ങള്‍ നടത്തിയാണ് ഇന്നത്തെ പദവിയിലേയ്ക്ക് അവരെത്തിച്ചേര്‍ന്നത്. അംബേദ്ക്കറാകട്ടെ തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് ദലിതര്‍ക്കായി നിര്‍മ്മിച്ചത്. അവരും ചില പുരോഗതികള്‍ നേടി. തങ്ങളകപ്പട്ട കെണിയില്‍ നിന്ന് കരക്ക് കയറാനുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ശൂദ്രര്‍ക്ക്, പക്ഷെ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്തായിരുന്നോ അതായിത്തന്നെ അവര്‍ ഇപ്പോഴും തുടര്‍ന്നു; ബ്രാഹ്മണിസം അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ആത്മീയവും സാമൂഹ്യവും രാഷ്ട്രീയവുമായ കീഴ്സ്ഥാനങ്ങളില്‍.


ഈ ബ്രാഹ്മണമിക്കല്‍ കെണിയില്‍ നിന്ന് സ്വതന്ത്രമാകാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അവര്‍ക്ക് സ്വന്തമായി വഴികാട്ടികളെ ആവശ്യമുണ്ട്. ഇന്ന് അവരെ നയിക്കുന്ന ശൂദ്ര രാഷ്ട്രീയക്കാര്‍ ഭൂമിശാസ്ത്രപരമായി മാത്രമല്ല ബൗദ്ധികപരമായും ഇടുങ്ങിയവരാണ്. ഇന്നത്തെ പ്രമുഖ ശൂദ്രനേതാക്കള്‍ ഒരാള്‍ പോലും ഒരു നിലയ്ക്കും ബൗദ്ധിക നേതാക്കളല്ല. തങ്ങളുടെ പ്രദേശങ്ങളെ വരാന്‍പോകുന്ന തിരഞ്ഞെടുപ്പിനുമപ്പുറത്തേക്ക് നയിക്കാനുള്ള യാതൊരു വീക്ഷണവും അവര്‍ക്കില്ലതാനും.

ജാതിയുടെയും മതത്തിന്റെയും എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ച് എല്ലാ ശൂദ്രരെയും ഐക്യപ്പെടുത്താനും അഭിവൃദ്ധിപ്പെടുത്താനുമുള്ള ഒരു മാര്‍ഗ്ഗം വിഭാവനചെയ്യാന്‍ പോലും ത്രാണിയില്ലാത്തവരാണവര്‍. ആ വിധം ഭാവനചെയ്യാനുള്ള പണി തീര്‍ച്ചയായും ശൂദ്ര ബുദ്ധിജീവികള്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ദേശീയതലത്തില്‍ അത്തരത്തില്‍ സാമൂഹ്യ-രാഷ്ട്രീയ-ദാര്‍ശനിക കര്‍ത്തവ്യം ഏറ്റെടുക്കാന്‍ ത്രാണിയുള്ള ഒരാളും അവരിലില്ല. ഇതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യത്തെയാണ് ശൂദ്രര്‍ക്ക് മാറ്റാനുള്ളതും. എന്നാല്‍ എങ്ങനെ ഇത് മാറ്റാം എന്ന് ചിന്തിക്കുന്നതിനു മുന്നോടിയായി പ്രാഥമികമായി നമ്മള്‍ മനസിലാക്കേണ്ടത് ശൂദ്രര്‍ സ്വയം അകപ്പെട്ടുകിടക്കുന്ന കെണിയുടെ സ്വഭാവമാണ്.

ബ്രാഹ്മണിക്കല്‍ പിടിമുറുക്കലുകള്‍ക്ക് മൂന്ന് സഹസ്രാബ്ദക്കാലത്തോളം അഥവാ വൈദിക ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്ന കാലത്തോളം പഴക്കമുണ്ട്. ഉത്പാദനക്ഷമമായ എല്ലാ അദ്ധ്വാനങ്ങള്‍ക്കും ശാസ്ത്രത്തിനും അയിത്തം കല്‍പ്പിക്കുന്ന ഒരു ദര്‍ശനത്തെയും, ഭൗതികവാദവിരുദ്ധവും ഉത്പാദനക്ഷമമല്ലാത്തതുമായ ബ്രാഹ്മണരുടെ ആത്മീയ മേധാവിത്വത്തെയും സ്ഥാപിക്കാന്‍ പ്രസ്തുത ഗ്രന്ഥങ്ങള്‍ക്കായി. ഈ പ്രത്യയശാസ്ത്രത്തെ മറ്റുള്ളവര്‍ വെല്ലുവിളിച്ചിരുന്നുവെങ്കിലും ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്ക് മുമ്പുതൊട്ട് ആരംഭിച്ച മധ്യകാലത്തോടെ ബ്രാഹ്മണ അധീശത്വം ആഴത്തിലും പരപ്പിലും സ്ഥാപിക്കപ്പെടുകയാണ് ചെയ്തത്.

അതിനു കീഴില്‍, ശൂദ്രര്‍ കേവലം സമൂഹത്തിന്റെ അതിജീവനത്തിന് അനിവാര്യമായ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടു. എന്നിട്ടും അതേ ഉത്പാദനത്തിന്റെ പേരില്‍ തന്നെ അവരുടെ അന്തസ്സ് തകര്‍ക്കപ്പെട്ടു. ആത്മീയവും വിദ്യാഭ്യാസപരവുമായ എല്ലാ അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. അവരുടെ ജീവിതം കഠിനാധ്വാനത്തില്‍ തളക്കപ്പെട്ടു. മാത്രവുമല്ല തത്വശാസ്ത്രത്തിലൊക്കെ വ്യാപൃതമാകാന്‍ ആവശ്യമായ വിശ്രമം പോലും അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്തു.

ബ്രാഹ്മണര്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കപ്പെട്ടിട്ടുള്ളതാണ് പൗരോഹിത്യമെന്ന നിലയില്‍ ശൂദ്രരെ ആ സ്ഥാനങ്ങളില്‍ നിന്നും നിരോധിക്കപ്പെട്ടു. വായിക്കുന്നതില്‍ നിന്നും എഴുതുന്നതില്‍ നിന്നും അവരെ നിരോധിച്ചു. ഇതിലൂടെ തങ്ങളനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് കാരണമായ സംസ്‌കൃത ഗ്രന്ഥങ്ങളിലേയ്ക്ക് എത്തിപ്പെടാനുള്ള കഴിവുതന്നെ അവര്‍ക്ക് നിഷേധിക്കപ്പെട്ടതിന്റെ ഫലമായി തങ്ങള്‍ക്കായി അവയെ വ്യാഖ്യാനിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കേണ്ടിയും വന്നു. അങ്ങേയറ്റം പരിമിതപ്പെടുത്തിയ സ്വത്തവകാശങ്ങളാണു അവര്‍ക്ക് ഉണ്ടായിരുന്നത്. അക്കാലത്ത് വളരെ മൂല്യമുള്ള വസ്തുക്കളെല്ലാം ദൈവങ്ങള്‍ക്കുള്ള കാഴ്ച്ചദ്രവ്യങ്ങളായി കരുതിയിരുന്നതിനാല്‍ അതൊന്നും ശൂദ്രര്‍ തൊട്ട് അശുദ്ധമാക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ പുരോഗതിയുടെ രണ്ട് മണ്ഡലങ്ങളില്‍ നിന്നും – ആത്മീയദര്‍ശനങ്ങളില്‍ നിന്നും, വ്യാപാരത്തിലൂടെ സമ്പത്ത് ഉണ്ടാക്കുന്നതില്‍ നിന്നും – അവര്‍ പൂര്‍ണമായും പുറന്തള്ളപ്പെട്ടു.

സ്വകാര്യസ്വത്ത് അവകാശം നേടിയെടുക്കാന്‍ ശൂദ്രര്‍ക്ക് മുസ്‌ലീം ഭരണം കടന്നുവരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. ശൂദ്ര ഭൂവുടമാസമ്പ്രദായം ക്രമേണ രംഗപ്രവേശം ചെയ്തു. എന്നാല്‍ അത് ഒരു ചെറുസംഘം ജാതികള്‍ക്ക് മാത്രമേ നേട്ടമായി മാറിയുള്ളു. ഇതാകട്ടെ വര്‍ണവ്യവസ്ഥയിലെ ശ്രേണികളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ഭൂസ്വത്ത് ഒരുതരത്തിലുമുള്ള പുതിയ ആശയപരമായ സമ്പത്തും ശൂദ്രര്‍ക്ക് കൊണ്ടുവന്നില്ല. വിദ്യാഭ്യാസ-ആത്മീയ മേഖലകളില്‍ അധികാരം പുലര്‍ത്തിയിരുന്ന ബ്രാഹ്മണരുടെ പദവിയെ മുസ്‌ലീം ഭരണം അധികമൊന്നും ചുരുക്കിയില്ല. ശൂദ്രമനസുകള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ബ്രാഹ്മണര്‍ തുടര്‍ന്നും നിലനിര്‍ത്തി.

ഇതിന് ആദ്യത്തെ യഥാര്‍ത്ഥ വെല്ലുവിളി ഉയരുന്നത് കൊളോണിയല്‍ കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ മിഷണറി സ്‌കൂളുകളില്‍ നിന്നും അതുപോലെ പില്‍ക്കാല ഭരണത്തിന്‍ കീഴില്‍ നിര്‍ബന്ധിത സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന് (compulsory universal education) വേണ്ടിയുള്ള പരിശ്രമങ്ങളില്‍ നിന്നുമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പുണരുന്നതിനേക്കാള്‍ ശൂദ്രര്‍ ബ്രാഹ്മണ ദേശീയവാദ പ്രചരണങ്ങളില്‍ സ്വയം ആകൃഷ്ടരാവുകയാണ് ചെയ്തത്.

ദേശീയ ബിംബമായി ഇക്കാലത്ത് കരുതപ്പെട്ട ഒരു ബ്രാഹ്മണനായ ബാലഗംഗാധര തിലക് ഇതിന് ദിശാ സൂചകമായി. അതേസമയം ശൂദ്രനായ ജ്യോതിറാവു ഫൂലെയും ശൂദ്രയായ സാവിത്രി ഫൂലെയും മഹാരാഷ്ട്രയിലെ സ്ത്രീകള്‍ക്കും മര്‍ദ്ദിതജാതികളിലെ മനുഷ്യര്‍ക്കും വേണ്ടിയുള്ള വിദ്യാഭ്യാസാവകാശപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇവര്‍ക്കെതിരെ തിലകന്‍ ബ്രാഹ്മണ വിമര്‍ശനങ്ങളുടെ മുന്നണിയിലേയ്ക്ക് കയറി നിന്നു. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള എല്ലാ ആഹ്വാനങ്ങളെയും അദ്ദേഹം എതിര്‍ത്തു.

സ്ത്രീകള്‍ക്കും മര്‍ദ്ദിതജാതികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത് ജാതിക്രമത്തെയും, അതുകൊണ്ട് തന്നെ ഇന്ത്യയെന്ന ദേശത്തെയും അപകടപ്പെടുത്തും എന്നാണ് അദ്ദേഹം വാദിച്ചത്. ബ്രാഹ്മണ ദേശീയവാദികള്‍ മിഷണറി സ്‌കൂളുകളെ തങ്ങളുടെ അസ്തിത്വഭീഷണിയായി ചിത്രീകരിക്കുകയും അവയ്ക്കെതിരായി പ്രചരണമാരംഭിക്കുകയും ചെയ്തു. ശൂദ്രരാകട്ടെ മൊത്തത്തില്‍ ഈ ദേശീയവാദികള്‍ക്ക് പിന്നിലണിനിരക്കുകയും ചെയ്തു.

അതേസമയം മിക്ക ബ്രാഹ്മണരും മുമ്പേ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഒരു ക്രിസ്ത്യന്‍ മിഷണറിയായ വില്യം കെയറിയും ബംഗാളി ബ്രാഹ്മണനായ റാം മോഹന്‍ റോയിയും ചേര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു പ്രശസ്ത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചു. വളരെ പെട്ടെന്നു തന്നെ ബനിയകളും പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍ക്ക് തുടക്കം കുറിച്ചു. ഈ രണ്ട് വര്‍ണങ്ങളിലും പെട്ടവര്‍ തങ്ങളുടെ ആണ്‍മക്കളെ ഇംഗ്ലീഷ് വിദ്യാലയങ്ങളിലയച്ചു പഠിപ്പിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യക്കാര്‍ക്ക് പദവികള്‍ ബ്രിട്ടീഷുകാര്‍ തുറന്നുകൊടുത്തപ്പോള്‍ ഭരണനിര്‍വ്വഹണപരവും നിയമപരവുമായ എല്ലാ തസ്തികളും അവരെ കൊണ്ടാണ് നിറച്ചത്. നെഹ്റുവും ലോഹ്യയും ഗാന്ധിയുമൊക്കെ ഈ ധാരയുടെ ഉല്‍പ്പന്നങ്ങളാണ്.

ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ ബ്രാഹ്മണര്‍ വളരെ എളുപ്പത്തില്‍ സര്‍ക്കാരിലെ അതേ സ്ഥാനമാനങ്ങളിലേയ്ക്ക് ചുവടുമാറ്റി. ഇന്നവര്‍ക്ക് ആത്മീയവും മതപരവുമായ സ്ഥാപനങ്ങളുടെ നിയന്ത്രണത്തോടൊപ്പം ഏതാണ്ട് മുഴുവന്‍ ബ്യൂറോക്രാറ്റിക് അധികാരവും രാഷ്ട്രീയാധികാരവുമുണ്ട്.

നെഹ്റു പ്രധാനമന്ത്രിയായി. സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ ഘടനയെ ഉറപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ പതിനേഴ് വര്‍ഷത്തെ ഭരണത്തിന് സാധിച്ചു. ബ്രാഹ്മണരും ബനിയകളടക്കമുള്ള ചില സവര്‍ണരും ചിലവേറിയ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന് പോയപ്പോള്‍ ബാക്കിയുള്ളവര്‍ പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കുന്ന ദരിദ്ര പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം ചെയ്തു. സര്‍ക്കാര്‍ചിലവിലുള്ള ഏറ്റവും ഉയര്‍ന്ന സര്‍വ്വകലാശാലകളില്‍ പോലും ഈ വരേണ്യ സ്വകാര്യവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്ക് അവരുടെ “മെരിറ്റ്” കാരണം മുന്‍ഗണന ലഭിച്ചു.

നേരത്തെതന്നെ സമ്പന്നരും ആധിപത്യമുള്ളവരുമായവര്‍ക്ക് അത് ഉന്നത വിദ്യാഭ്യാസത്തെ മൊത്തത്തില്‍ തീറെഴുതി. മണ്ഡല്‍ കമ്മീഷന്റെ കടന്നുവരവോടെയാണ് ആത്യന്തികമായി ഗുണമുള്ള ഉന്നതവിദ്യാഭ്യാസത്തില്‍ ശൂദ്രര്‍ക്ക് അവസരം ലഭിച്ചത്. എന്നാല്‍ സര്‍വ്വകലാശാലയിലും അതിനു പുറത്തും ശൂദ്രരെ രണ്ട് പാരമ്പര്യത്തിന്റെ പരിമിതികള്‍ പിന്തുടര്‍ന്നു.

ഒന്ന് ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ അഭാവം. ദലിതരെയും ആദിവാസികളെയും പോലെ മിക്ക ശൂദ്രരും തങ്ങളുടെ മക്കളെ പ്രാദേശികഭാഷയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് വിദ്യാഭ്യാസം ചെയ്യിക്കുന്നത്. ബ്രാഹ്മണ, ബനിയ ജാതിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാഷ നേടിയെടുക്കുന്നതില്‍ ഇവര്‍ ഏതാണ്ട് രണ്ട് നൂറ്റാണ്ടിനു പിന്നിലാണ്. പ്രാദേശിക ഭാഷാദേശീയതയാണ് ശൂദ്രരുടെ ആസ്തി എന്ന ബ്രാഹ്മണിക്കല്‍ പ്രചരണത്തെ ഏറ്റുപിടിക്കുകയായിരുന്നു ശൂദ്രരില്‍ ഭൂരിഭാഗവും. വാസ്തവത്തില്‍ ആ പ്രചരണം തെറ്റായിരുന്നു. രാജ്യത്തെങ്ങുമുള്ള എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം വേണമെന്ന് ഒരിക്കലും ശൂദ്രര്‍ ആവശ്യപ്പെട്ടതേയില്ല. രാജ്യത്തെ ഉന്നത സര്‍ക്കാര്‍ സര്‍വ്വകലാശാലകളും സ്വകാര്യ സര്‍വ്വകലാശാലകളും പ്രവര്‍ത്തിക്കുന്നത് ഇംഗ്ലീഷിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ ശൂദ്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് പ്രാവീണ്യം വികസിപ്പിക്കുന്നതില്‍ വളരെയേറെ താമസിച്ചുപോയിരുന്നു.

ഇത് അവരുടെ പ്രാഗത്ഭ്യത്തെയും ബുരുദാനന്തര ബിരുദ്ധ പ്രതീക്ഷകളെയും മങ്ങലേല്‍പ്പിച്ചു. പ്രാദേശിക ഭാഷയില്‍ മാത്രമുള്ള പ്രാവീണ്യം അവരെ പ്രാദേശിക അവസരങ്ങളിലും വ്യവഹാരങ്ങളിലുമായി ഒതുക്കി. ഗുണമായാലും ദോഷമായാലും ഇന്ത്യന്‍ വ്യവസായ രംഗത്തായാലും ബ്യൂറോക്രസിയിലായാലും വിദേശരാജ്യ പ്രതിനിധികളായാലും മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളിലായാലും ഏറ്റവും ഉയര്‍ന്ന തലങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് പ്രാഥമികമായും ഇംഗ്ലീഷിലാണ്. ആഗോള സ്ഥാപനങ്ങളില്‍ ഒരുവലിയ വിഭാഗവും അങ്ങനെ തന്നെ. ആ ലോകത്ത് ശൂദ്രര്‍ക്ക് ഇടമില്ല. ദലിതരുടെയും ആദിവാസികളുടെയും കാര്യം പറയേണ്ടതുമില്ല. ഇംഗ്ലീഷ് സംസാരിക്കുന്ന ആ ലോകത്ത് അവര്‍ കടുത്ത നിരക്ഷരരായി തുടരുകയാണ്. അതേസമയം പാശ്ചാത്യവരേണ്യരുമായി ബ്രാഹമണരും ബനിയകളും തുല്യം നില്‍ക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ പാരമ്പര്യം തത്വശാസ്ത്രത്തില്‍ ഇവര്‍ക്കുള്ള താല്‍പര്യമില്ലായ്മയാണ്. എന്തിനേറെ പറയണം ഇവര്‍ക്ക് അതിനോട് ഭയം പോലുമുണ്ട്. എന്റെ അദ്ധ്യാപക അനുഭവത്തില്‍ പറയുകയാണെങ്കില്‍ ശൂദ്രവിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഡോക്ടറോ എഞ്ചിനീയറോ ബ്യൂറോക്രാറ്റോ അതുമല്ലെങ്കില്‍ രാഷ്ട്രീയക്കാരോ ഒക്കെയാവുക എന്നതാണ്. എന്നാല്‍ അവരിലൊരാളും തന്നെ സമൂഹത്തെയോ ദേശീയ ആശയങ്ങളെയോ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ചിന്തകനോ എഴുത്തുകാരനോ ആകാന്‍ ആഗ്രഹിക്കുന്നില്ല. ശൂദ്ര വിദ്യാര്‍ത്ഥികളെയും കടന്ന് അല്പം കൂടി പ്രശ്നം പോകുന്നുണ്ട്.

ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ ഞാന്‍ പഠിപ്പിക്കുന്ന കാലത്ത് അവിടുത്തെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും ശൂദ്രരായിരുന്നു. എന്റെ ആ സഹപ്രവര്‍ത്തകരില്‍ ആരും തന്നെ ദാര്‍ശനിക പ്രശ്നങ്ങളില്‍ ഗൗരവമായ താല്‍പര്യം കാണിക്കുന്നതായി കണ്ടിട്ടില്ല. അവരുടെ പരിഗണന പ്രാദേശികതലത്തിലുള്ള അധികാരം, രാഷ്ട്രീയം, പണം എന്നിവയാണ്. അവരൊരിക്കലും വിജ്ഞാനത്തിനുള്ള ഒരു താല്‍പര്യം മുന്നോട്ട് വെച്ചിട്ടില്ല. സഹസ്രാബ്ദങ്ങളായുള്ള ബ്രാഹമണിക്കല്‍ ഭയപ്പെടുത്തലിനെ തുടര്‍ന്നു വന്ന ഹാങ്ങോവറാണിത്.

അതേ ഹാങ്ങോവര്‍ തന്നെയാണ് ഇംഗ്ലീഷിനോടുള്ള ശൂദ്രരുടെ സമീപനത്തിലും കാണുന്നത്. പണ്ഡിതരുടെ ഭാഷയായ സംസ്‌കൃതം പഠിക്കാതിരിക്കാന്‍ തലമുറകളോളം അവരെ ഭയപ്പെടുത്തിയിരുന്നല്ലോ. ഇപ്പോള്‍ അതേ ബ്രാഹ്മണര്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടി. ശൂദ്രരുടെ മനസില്‍ ഇംഗ്ലീഷ് ഒരു പണ്ഡിത ഭാഷയായിമാറുകയും ചെയ്തിരിക്കുന്നു. കര്‍ഷകജനതയുടെ നാവില്‍ വഴങ്ങാത്ത ഒരു വിദേശഭാഷയായാണ് അവരതിനെ പരിഗണിക്കുന്നത്. അതുകാരണമാണ് മക്കളെ സ്വകാര്യ ഇംഗ്ലീഷ് ഭാഷാ വിദ്യാലയങ്ങളില്‍ അയക്കാന്‍ സമ്പന്ന ശൂദ്രര്‍ പോലും തയ്യാറാകാതിരിക്കുന്നത്.

അതേസമയം ബ്രാഹ്മണ-ബനിയ ജാതികള്‍ക്ക് സംസ്‌കൃതത്തോട് മുമ്പ് ആരാധനയുണ്ടായിരുന്നതുപോലെ ഇപ്പോള്‍ ഇംഗ്ലീഷിനോടും അവര്‍ക്ക് ആരാധനയാണുള്ളത്. ഒരിക്കല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രമായിരുന്ന, പിന്നീട് വ്യാപകമായി ബ്രാഹ്മണ-ബനിയ നിയന്ത്രണത്തിലേയ്ക്ക് മാറ്റപ്പെട്ട സ്വകാര്യസംരംഭങ്ങളായ വരേണ്യ ഇംഗ്ലീഷ് വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും മണ്ഡല്‍ സംവരണം നടപ്പാക്കുന്നതിനെ അങ്ങേയറ്റം എതിര്‍ത്തു. ഉദാഹരണത്തിന് ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഒ.ബി.സിക്കാര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യുന്നില്ല. അവരുടെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രമുഖ ബ്രാഹ്മണ-ബനിയ ബുദ്ധിജീവികളുടെ ഒരു നിര തന്നെ കാണാം. എന്നാല്‍ ഇന്ത്യന്‍ ജീവിതത്തില്‍ പിടിമുറുക്കിയിട്ടുള്ള ബ്രാഹ്മണ-ബനിയ ജാതികളെ വെല്ലുവിളിക്കാന്‍ തയ്യാറുള്ള ഒരു ദലിത് അല്ലെങ്കില്‍ ശൂദ്ര ബുദ്ധിജീവികളെ പോലും ആ സ്ഥാപനം ഉത്പാദിപ്പിച്ചിട്ടില്ല.

ദളിതര്‍ക്ക് വേണ്ടി അംബേദ്ക്കര്‍ ചെയ്തതിനു സമാനമായ ഇടപെടല്‍ നടത്തുന്ന ഒരു നേതാവിനെ പോലും – ഇംഗ്ലീഷ് പരിജ്ഞാനം നേടിയ, ദേശീയ തലത്തിലേക്ക് ഉയര്‍ന്ന് ശൂദ്രര്‍ക്ക് വേണ്ടി അവരുടെ സ്വത്വത്തെ കുറിച്ചും അടിച്ചമര്‍ത്തലിനെ കുറിച്ചും ആധുനിക വ്യവഹാരത്തില്‍ ശൂദ്രരെ പ്രതിഷ്ഠിച്ചുകൊണ്ട് എഴുതാന്‍ കഴിവുള്ള ഒരുനേതാവ് – അഥവാ അംബേദ്ക്കറിന് തുല്യനായ ഒരാളെപോലും എന്തുകൊണ്ട് ശൂദ്രര്‍ക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ല എന്ന് ഈ വസ്തുതകള്‍ക്ക് മാത്രമേ വിശദീകരിക്കാനാവു. ഈ ശൂന്യതയുടെ കാണിക്കുന്നത് ശൂദ്രരനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ ഇപ്പോഴും ദേശീയ തലത്തിലുള്ള ചര്‍ച്ചകളില്‍, എന്തിനേറെ പുരോഗമന ഇന്ത്യക്കാരുടെ ചര്‍ച്ചകളില്‍ പോലും ഒരു ഭാഗമായിട്ടില്ല എന്നാണ്.

അംബേദ്ക്കറുടെ അച്ഛനെ പോലെ ധാരാളം ശൂദ്രര്‍ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്നു. അവര്‍ക്ക് അംബേദ്ക്കര്‍ പോയപോലെയുള്ള ബ്രിട്ടീഷ് സ്‌കൂളില്‍ തങ്ങളുടെ മക്കളെ അയച്ച് പഠിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നിട്ടും ചുരുക്കം ആള്‍ക്കാര്‍ മാത്രമെ അതിന് മുതിര്‍ന്നുള്ളു. ശൂദ്രകുടുംബങ്ങള്‍ പരാജയപ്പെട്ടിടത്ത് ജാതി അതിര്‍വരമ്പുകളെ മറികടക്കുന്നതിന് ധൈര്യം കാട്ടാന്‍ അംബേദ്ക്കറിന്റെ കുടുംബത്തിന് എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും എന്റെ ധാരണകള്‍ക്കുമപ്പുറത്തുള്ള കാര്യമാണ്.

ശൂദ്ര അപഹര്‍ഷതാ ബോധത്തിന്റെ ആഴമുള്ള വേരുകള്‍ കിടക്കുന്നത് ആത്മീയതലത്തിലാണ്. അറിവിന്റെ ഉന്നത മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് സ്ഥാനമില്ല എന്ന ആശയത്തെ അവര്‍ ആന്തരികവല്‍ക്കരിച്ചിട്ടുണ്ട്. അസമത്വത്തിന്റെ വേരുറച്ച മനോഭാവവും ഈ ആശയമാണ്. ദൈവത്തിന്റെ കണ്ണുകളില്‍ പോലും ശൂദ്രര്‍ക്ക് മേല്‍ജാതികളുടേതിനു തുല്യം അവകാശമില്ല എന്ന് സങ്കല്‍പ്പനം ചെയ്തിട്ടുള്ള ബ്രാഹ്മണ നിയന്ത്രിത ആത്മീയ വ്യവസ്ഥയാണ് ഇതിനെല്ലാം കാരണം. ഈ ധാരണയെ അരക്കിട്ടുറപ്പിക്കാനുള്ള ബ്രാഹ്മണരുടെ ഏറ്റവും ശക്തിയുള്ള ആയുധമാണ് പൗരോഹിത്യം.

തങ്ങളുടെ പദവിയിന്‍മേലുള്ള സവിശേഷ കുത്തക അങ്ങേയറ്റം തീവ്രതയോടെ അവര്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. തിരുപ്പതി, പുരി അല്ലെങ്കില്‍ അതിനേക്കാള്‍ അല്പം കുറഞ്ഞ ഹിന്ദുമേഖലകളിലെ ക്ഷേത്രങ്ങളില്‍പോലും പുരോഹിതരാകാന്‍ ഒരു ശൂദ്രര്‍ക്കും സാധിച്ചിട്ടില്ല. പുരോഹിതനാകാനുള്ള അഭിലാഷം പോലും നിഷേധിക്കപ്പെടുന്നിടത്താണ് ശൂദ്രരില്‍ ദര്‍ശനങ്ങളിലോ ബൗദ്ധികപുരോഗതിയിലോ താല്‍പര്യം ഇല്ലാത്തതിന്റെ പ്രഭവകേന്ദ്രമുള്ളത്. ദര്‍ശനങ്ങളുടെ ഉത്പത്തി കിടക്കുന്നത് മതകീയ വ്യവഹാരണങ്ങളിലാണല്ലോ.

ഈ പ്രശ്നത്തെ അതിജീവിക്കാത്തിടത്തോളം ശൂദ്രര്‍ക്ക് അവരെ കുറിച്ച് തന്നെ ചിന്തിക്കാന്‍ ധൈര്യം ഉണ്ടാകില്ല. എന്നുമാത്രമല്ല ബ്രാഹ്മണ ആത്മീയത-സാമൂഹ്യ-രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് അടിയറവെച്ച് ജീവിക്കുന്നത് അവര്‍ തുടരുകയും ചെയ്യും. ചരിത്രത്തിലാദ്യമായി ഒരു മതഭരണനിര്‍വ്വഹണ ബോര്‍ഡ് സര്‍ക്കാര്‍ തൊഴിലുകള്‍ക്കുള്ള സംവരണനയം അമ്പലങ്ങളിലെ നിയമന നടപടികളില്‍ നടപ്പാക്കിയത് കഴിഞ്ഞവര്‍ഷം മാത്രമാണ്, അതും കേരളത്തില്‍. അതിലൂടെ 62 പുരോഹിതന്‍മാരില്‍ 30 ശൂദ്രരെയും 6 ദലിതരെയും നിയമിതരാക്കപ്പെട്ടു. ബ്രാഹ്മണ അധീശ്വത്വത്തോട് അത്തരമൊരു തിരുത്തല്‍ പ്രക്രിയ അനിവാര്യം തന്നെയാണ്. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ അത്തരമൊരു നടപടി ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നതാണ് സത്യം.


ഇംഗ്ലീഷ് ഭാഷയിലുള്ള തങ്ങളുടെ പ്രാവീണ്യമില്ലായ്മയെയും അതുപോലെ തത്വശാസ്ത്ര വിഷയങ്ങളിലും ബൗദ്ധിക ഇടപെടലുകളിലുമുള്ള തങ്ങളുടെ താല്‍പ്പര്യക്കുറവിനെയും അതിജീവിക്കുന്നതിനെ ശൂദ്രര്‍ ഇതുവരെയും ഗൗരവമായി കണ്ടിട്ടില്ല. ദേശീയരാഷ്ട്രീയത്തിലും വ്യവഹാരത്തിലും നിരന്തരമായി തങ്ങളനുഭവിക്കുന്ന അവഗണനക്ക് അവസാനം കുറിക്കാന്‍ സാധിക്കുന്ന ബുദ്ധിജീവികളെ സൃഷ്ടിക്കണമെങ്കില്‍ ഈ മനോഭാവം മാറിയേ തീരൂ. അതേസമയം സമുദായത്തിന്റെ ദുരവസ്ഥയോട് മല്ലിടാന്‍ തയ്യാറുള്ള ശൂദ്രബുദ്ധിജീവികള്‍ളുടെ മുന്നില്‍ അതിനായി എതൊക്കെ വഴികളാണ് തുറന്നിരിക്കുന്നത് എന്ന ചോദ്യം അപ്പോഴും അവശേഷിക്കുകയാണ്.

ആദ്യമേ തന്നെ അവര്‍ക്ക് മൗലികമായ ഒരു സമസ്യയെ അഭിമുഖീകരിക്കേണ്ടിവരും. അത് ഇതാണ്: ഹിന്ദുമതത്തോട് കൂറ് കാട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ തന്നെ തുടരണോ അതോ ഹിന്ദുചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കണോ. ഈ സമസ്യ മനസിലാകണമെങ്കില്‍ മറാത്തകള്‍, സിഖുകാര്‍ എന്നീ രണ്ട് സമുദായങ്ങളുടെ സഞ്ചാരപദങ്ങള്‍ പരസ്പരം താരതമ്യം ചെയ്യുന്നത് ഉപകാരമായിരിക്കും.

നവ-ക്ഷത്രിയപാത തിരഞ്ഞെടുത്ത ടിപ്പിക്കല്‍ ശൂദ്രരാണ് മറാത്തകള്‍. പതിനേഴാം നൂറ്റാണ്ടിലെ രാജാവായ ശിവജിയുടെ പ്രതിച്ഛായയെ ചുറ്റിപ്പറ്റിയുള്ള ഒരുതരം ജാതി സങ്കുചിതത്വമായാണ് കീഴ്പദവിയോടുള്ള അവരുടെ പ്രതികരണം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും കാലത്ത് തങ്ങള്‍ക്കും ഒരു മഹാനായ ഭരണാധികാരി ഉണ്ടായിരുന്നു എന്ന ആ ആശയത്തെ മറ്റ് ശൂദ്ര മേല്‍ജാതി വിഭാഗങ്ങള്‍ക്കും സമ്മതമായി. ബ്രാഹ്മണരായിരുന്നു മറാത്ത ചിന്തകരുടെ അഭാവത്തില്‍ ശിവജിയെ കുറിച്ചുള്ള ഈ ജനകീയ പ്രതിച്ഛായ നിര്‍മ്മിച്ചെടുത്തത് തന്നെ. അതാകട്ടെ ബ്രാഹമണരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്രതിച്ഛായയുമായിരുന്നു. പ്രസ്തുത പ്രതിഛായയില്‍ ഒരു യോദ്ധാവ് എന്ന നിലയിലുള്ള ധീരതക്കായിരുന്നു ഊന്നല്‍. അല്ലാതെ പൊതുജീവിതത്തിലോ രാഷ്ട്രീയത്തിലോ ഉള്ള ഒരു പ്രതിഭ എന്ന നിലയിലുള്ള പ്രതിച്ഛായയല്ല അത് ശിവജിക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ മറാത്തകളുടെ ശിവജിയെക്കുറിച്ചുള്ള അവകാശവാദം ബൗദ്ധികശേഷിയേക്കാള്‍ ധീരതയിലായിരുന്നു പ്രാമുഖ്യം നല്‍കിയത്. അദ്ദേഹത്തിന്റെ ജാതിവിരുദ്ധ പരിഷ്‌കരണങ്ങളെയോ അദ്ദേഹത്തിനെതിരായ ബ്രാഹ്മണരുടെ എതിര്‍പ്പിനെയോ അത് വെളിപ്പെടുത്തുന്നില്ല. മുഗളന്‍മാര്‍ക്കും യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ക്കുമെതിരായ അദ്ദേഹത്തിന്റെ യുദ്ധത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹം മുസ്‌ലീങ്ങളായിട്ടുള്ള ജനറല്‍മാരെ നിയോഗിച്ചിരുന്നതിനെ മൂടിവെച്ചു. അതുകൊണ്ടാണ് ഒരു ഹിന്ദുദേശീയവാദ ബിംബം എന്ന നിലയില്‍ മറാത്തകള്‍ അദ്ദേഹത്തില്‍ അഭിമാനം കൊള്ളുന്നത്.

ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മുന്നണിപ്പോരാളികളാണ് മറാത്തകള്‍ ഇന്ന്. എന്നാല്‍ മഹാരാഷ്ട്ര ഇന്ന് ബ്രാഹ്മണാധിപത്യമുള്ള ബി.ജെ.പിയാണ് ഭരിക്കുന്നത്. അതുപോലെ സംസ്ഥാനത്തിന്റെ ഫിനാന്‍സ് മൂലധനത്തെ നിയന്ത്രിക്കുന്നതാകട്ടെ മുംബൈയിലെ ബനിയകളും. സ്വയം പുരോഹിതരാകുന്നതിനെ കുറിച്ച് അല്പം പോലും ചിന്തിക്കാതെ മറാത്തകള്‍ ആത്മീയമായി മഹാരാഷ്ട്രാ ബ്രാഹ്മണരെ അനുഗമിക്കുകയാണ് ചെയ്യുന്നത്. ഒ.ബി.സി പദവി ലഭിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മേല്‍പറഞ്ഞതാണ് അവരുടെ ധാരണയെങ്കില്‍ അവര്‍ മറ്റ് ശൂദ്രര്‍ക്ക് മുകളിലാണ്. ഇത് അവര്‍ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള അവരുടെ സാധ്യത കുറക്കും എന്നതാണ് ഒന്നാമത്തെ കാര്യം. ധാരാളം ഒ.ബി.സി ഇതര ശൂദ്രര്‍ ഇതേ ചെപ്പടിവിദ്യകള്‍ കാണിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നിന്നും ഉയര്‍ന്നുവന്ന അറിയപ്പെടുന്ന ഒരേയൊരു ബുദ്ധിജീവി മാലി ജാതിയില്‍ ജനിച്ച ജ്യോതിറാവു ഫൂലെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഖിലേന്ത്യാ പെരുമയെ നിര്‍മ്മിച്ചെടുത്തത് പഞ്ചാബില്‍ നിന്നുള്ള ഒരു ദലിത് നേതാവായ കാന്‍ഷിറാം ആണ്, അല്ലാതെ മറാത്തകള്‍ അല്ല. ഹിന്ദു സാമൂഹ്യവ്യവസ്ഥയുടെയും ആത്മീയവ്യവസ്ഥയുടെയും കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം എന്നുള്ളതുകൊണ്ട് മറാത്തകള്‍ അഭിമാനത്തോടെ അദ്ദേഹത്തെ ഓര്‍ക്കുന്നുപോലുമില്ല. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ബ്രാഹ്മണരും ഹിന്ദു ദേശീയവാദികളും അടിച്ചമര്‍ത്തിക്കളയുകയാണ് ചെയ്തത്. ശിവജിയെ ഒരു ജാതിവിരുദ്ധ പരിഷ്‌ക്കര്‍ത്താവായാണ് ഫൂലെ വിവരിച്ചത്. മറാത്തകള്‍ മറന്ന കാര്യമാണത്. വളരെ അടുത്ത കാലത്താണല്ലോ മറാത്ത യുക്തിവാദിയായ ഗോവിന്ദ് പാന്‍സാരെ ശിവജിയെ ഒരു പരിഷ്‌കരണവാദിയെന്ന നിലയില്‍ എഴുതിയത്. 2015 പാന്‍സാരെ കൊല്ലപ്പെട്ടു.

ബ്രാഹ്മണ-ബനിയ നിയന്ത്രണങ്ങളെ അതിജീവിച്ച ഒരേയൊരു പ്രമുഖ ശൂദ്രവിഭാഗം സിഖുകളാണ്. ഇതിനുവേണ്ടി അവര്‍ക്ക് ഹിന്ദുമതത്തില്‍ നിന്ന് പരിപൂര്‍ണ്ണമായും വേര്‍പെട്ട് തങ്ങളുടേതായ ഒരു ആത്മീയ വ്യവസ്ഥയ്ക്ക് രൂപം നല്‍കേണ്ടതായിവന്നു. അവര്‍ തങ്ങളുടെ സ്വന്തം വിശുദ്ധഗ്രന്ഥമായ “ഗുരു ഗ്രന്ഥ്” തയ്യാറാക്കുകയും തങ്ങളുടേതായ മതകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. പഞ്ചാബിലെ രണ്ട് പ്രമുഖ രാഷ്ട്രീയ ശക്തികളെ – അകാലി ദളിനെയും കോണ്‍ഗ്രസിന്റെ സംസ്ഥാനഘടകത്തെയും – നിയന്ത്രിക്കുന്ന് അവരാണ്.

ശൂദ്രരില്‍ നിന്നും വ്യത്യസ്തമായി സിഖുകാര്‍ ആഗോള ദൃശ്യത തന്നെ നേടിയെടുത്തു. മാത്രവുമല്ല കാനഡ പോലുള്ള രാജ്യങ്ങളിലെ അധികാര ഘടനകളിലേയ്ക്ക് അവര്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആത്മീയമായ അവരുടെ സ്വതന്ത്രാസ്ഥിത്വമാണ് അവര്‍ക്ക് ഈ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തതിന്റെ അടിസ്ഥാനം. ലോകത്ത് ചിതറിക്കിടക്കുന്ന ഇന്ത്യക്കാരില്‍ ബനിയകളും ബ്രാഹ്മണരും മാത്രമാണ് അധികാരവും പ്രാമുഖ്യവുമൊക്കെയുള്ള മറ്റുവിഭാഗങ്ങള്‍.

ഇതിനത്ഥം സിഖുകാര്‍ പൂര്‍ണമായും പുരോഗമനശക്തികളായി എന്നല്ല. സിഖ് മതത്തിന്റെയും പഞ്ചാബിന്റെയും വലിയൊരു വിഭാഗം ദലിത് സിഖുകളാണ്. സിഖ് മതത്തിനുള്ളില്‍ ഇന്ന് അധീശത്വം വഹിക്കുന്ന മുന്‍ശൂദ്രരായ ജാട്ട് സിഖുകളില്‍ നിന്ന് ദലിതരായ ഈ സിഖ് മതവിശ്വാസികള്‍ ആ മതത്തിനുള്ളിലും സംസ്ഥാനത്തുടനീളവും വലിയ വിവേചനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പഞ്ചാബിലിന്ന് ബ്രാഹ്മണ-ബനിയ അധീശത്വം സാധ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.

ജാതിവ്യവസ്ഥയ്ക്കുള്ളില്‍ ശൂദ്രരായി പരിഗണിക്കപ്പെടുന്ന കേരളത്തിലെ നായര്‍ജാതിയും രസകരമായ ഉദാഹരണം നല്‍കുന്നുണ്ട്. അവരിലെ ഒരു വന്‍വിഭാഗം തങ്ങളുടെ പദവി മെച്ചപ്പെടുത്തിയത് സിറിയന്‍ ക്രിസ്ത്യാനികളായി പരിവര്‍ത്തനം നടത്തിക്കൊണ്ടും കൊളോണിയല്‍ കാലത്ത് ഇംഗ്ലീഷ് ഭാഷാവിദ്യാഭ്യാസത്തെ പുണര്‍ന്നുകൊണ്ടുമാണ്. ആ അടിത്തറയില്‍ നിന്നുകൊണ്ട് അവര്‍ ഇംഗ്ലീഷ് ഭാഷാവിദ്യാഭ്യാസം ഹിന്ദുനായര്‍ വിഭാഗത്തിലേയ്ക്കും വ്യാപിപ്പിച്ചു. ക്രമേണ ആ സമുദായം കേരളത്തിലും അതിനുമപ്പുറത്തും പ്രാമുഖ്യം നേടി. കര്‍ണ്ണാടകയിലെ ലിംഗായത് സമുദായക്കാര്‍ ശൂദ്രപദവിക്കെതിരെ നടത്തിയ നീണ്ടകാലത്തെ ചരിത്രപരമായ പോരാട്ടം ലിംഗായത് സമുദായത്തെ ഹിന്ദുമതത്തില്‍ നിന്നും വേറിട്ട ഒരു പ്രത്യേകമതമെന്നോണം ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യമുന്നയിക്കുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്.

മിക്ക ശൂദ്രരെയും പോലെ മറാത്തകള്‍ക്ക് സ്വന്തം ഗുരുക്കളെയോ ബുദ്ധിജീവികളെയോ ഉണ്ടാക്കാന്‍ സാധിച്ചില്ല. കാരണം ഒരു സമുദായമെന്ന നിലയില്‍ അവരൊരിക്കലും ബ്രാഹ്മണപ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചിട്ടില്ല. ഫൂലെ ഇത് മനസിലാക്കുകയും ശൂദ്ര സമൂഹത്തിനുമേലുള്ള ജാതി നിയന്ത്രണത്തെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ബ്രാഹ്മണവാദത്തിനെതിരായ അദ്ദേഹത്തിന്റെ ദാര്‍ശനിക വിമര്‍ശനങ്ങള്‍ക്ക് മറാത്തകള്‍ തുടര്‍ച്ച നല്‍കിയില്ല.

1970കളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫൂലെയുടെ “ഗുലാംഗിരി” (അടിമ) എന്ന കൃതിയില്‍ അടിത്തറയായി വിവരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിന്തകളെ വികസിപ്പിക്കുക എന്ന സാധ്യത ഇപ്പോഴും ശൂദ്രരുടെ മുമ്പിലുണ്ട്. അവര്‍ക്ക് പ്രസ്തുത ചിന്തകളെ ബ്രാഹ്മണിസത്തിന് എതിരായ വ്യക്തമായ രാഷ്ട്രീയവും -അതിനേക്കാള്‍ പ്രധാനമായി – ആത്മീയവുമായ ഒരു ബദല്‍ സാധ്യമാക്കിത്തീര്‍ത്ത അംബേദ്ക്കര്‍ ദര്‍ശനത്തോട് കൂട്ടിച്ചേര്‍ക്കാവുന്നതുമാണ്. ഇത്തരമൊരു സംഭാവന അംബേദ്ക്കര്‍ നടത്തിയിരുന്നില്ലെങ്കില്‍ ശൂദ്രരുടെ ദാര്‍ശനികസ്ഥാനം ഇന്നത്തേതിനേക്കാള്‍ ദരിദ്രമായിത്തീര്‍ന്നേനെ.

ബ്രാഹ്മണിസത്തെ എതിര്‍ക്കാനാഗ്രഹിക്കുന്ന ശൂദ്രര്‍ക്ക് മുന്നിലുള്ള ഒരു വഴി മതപരിവര്‍ത്തനമാണ്. ബി.ജെ.പിയിലെയും അവരുടെ പ്രത്യയശാസ്ത്രത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെയും ആധിപത്യ ജാതികള്‍ ഈ മതപരിവര്‍ത്തനത്തിന് എതിരാണ്. എന്നാല്‍ ചരിത്രം കാണിച്ച് തരുന്നത് അവര്‍ അവരുടെ നേട്ടങ്ങള്‍ക്കായി മതപരിവര്‍ത്തനത്തെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഗോവയിലും ബംഗാളിലും അതുപോലെ മറ്റ് പലസ്ഥലങ്ങളിലും ധാരാളം ബ്രാഹ്മണര്‍ കൊളോണിയല്‍ കാലത്ത് കൊളോണിയല്‍ ശക്തികള്‍ക്കിടയില്‍ മതിപ്പ് നേടാനായി ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ട്.

റാഡിക്കല്‍ ആയ ജാതിവിരുദ്ധ തത്വങ്ങള്‍ക്കു വേണ്ടിയോ അതുമല്ലെങ്കില്‍ ഇതര മതങ്ങള്‍ക്ക് വേണ്ടിയോ ഹിന്ദുമതത്തെ നിരാകരിക്കുക എന്ന മാര്‍ഗം ശൂദ്രര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിവിശാലമായ ആ ജനാവലി അത്തരമൊരുമാര്‍ഗം ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നത് നിഷ്‌കളങ്കമായിരിക്കും. എന്തായാലും പ്രവചനസാധ്യമായ ഭാവികാലം വരെയെങ്കിലും കുറഞ്ഞത് ഹിന്ദുമതത്തില്‍ തുടരാനായിരിക്കും അവരധികവും ആഗ്രഹിക്കുക.

തുല്യമായ ആത്മീയപദവിയും പൗരോഹിത്യത്തിനുള്ള തുല്യഅവകാശവും ആവശ്യപ്പെടുകയാണ് ശൂദ്രര്‍ ചെയ്യേണ്ടത്. ഹിന്ദുവിശുദ്ധഗ്രന്ഥങ്ങളുമായി ഇടപഴകുന്നതിനും ശൂദ്രരുടെ വീക്ഷണത്തില്‍ അവയെ വ്യാഖ്യാനിക്കുന്നതിനുമുള്ള അവകാശത്തിനായി അവര്‍ പോരാടണം. ജാതിക്കതീതമായി പുരോഹിതരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഹിന്ദുവിനും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന സൗജന്യവും തുറന്നതുമായ ഹിന്ദുമതമീമാംസ (hindu theological) സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമായി അവര്‍ നിര്‍ബന്ധം പിടിക്കണം.

ഹിന്ദുമതത്തിനുള്ളില്‍ ശൂദ്രര്‍ക്ക് തങ്ങളുടെ ഐക്യശക്തി മനസിലാക്കണമെങ്കില്‍ ഇത് അനിവാര്യമാണ്. അവരുടെ എണ്ണമില്ലായെങ്കില്‍ ആ മതം ഒന്നുമല്ല. ശൂദ്രര്‍ തങ്ങളുടെ ശക്തി ഉപയോഗിക്കുന്നില്ല എങ്കില്‍ അവരുടെ സാഹചര്യവും മാറ്റമില്ലാതെ തുടരും. ഉത്സാഹികളായ ഹിന്ദുക്കളാണ് എന്ന് അവകാശപ്പെടുകയും എന്നാല്‍ സ്വമതത്തില്‍ ബൗദ്ധിക സ്വാധീനമില്ലാതെ ബ്രാഹ്മണ പൗരോഹിത്യത്തെ വണങ്ങി നില്‍ക്കുന്ന നായന്മാരുടെ അവസ്ഥ ഇവരും തുടരേണ്ടിവരും.

ശൂദ്രര്‍ എല്ലാ മണ്ഡലങ്ങളിലും തുല്യത ചോദിക്കേണ്ട സമയം വന്നിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും ബദലുകള്‍ അന്വേഷിക്കേണ്ട സമയം വന്നിരിക്കുകയാണ്. ആത്മീയതുല്യതയ്ക്കുള്ള അവരുടെ ആവശ്യം ഹിന്ദുമതം അംഗീകരിച്ചില്ലെങ്കില്‍ തങ്ങളുടെ അംഗീകാരത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു പുതിയ മതത്തിന് രൂപംകൊടുക്കിന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കണം. ബ്രാഹ്മണിക്കല്‍ ചിന്തകള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കീഴ്പദവി അവര്‍ നിരാകരിക്കണം. ആധിപത്യജാതികളെ സംരക്ഷിക്കാനായി ദുഷ്‌കര്‍മ്മങ്ങളുടെയും പുനര്‍ജനനത്തിന്റെയും പേരുപറഞ്ഞുവരുന്ന നിയമങ്ങളെ അവര്‍ കയ്യൊഴിയണം. അതിനുവേണ്ടി നിലവിലെ വിചാരമാതൃകകളെ (Paradigm) മാറ്റിപ്രതിഷ്ഠിക്കാന്‍ പര്യാപ്തമാകുന്ന വന്‍തോതിലുള്ള ബദല്‍ ചിന്തകളും സാഹിത്യങ്ങളും അവരുത്പാദിപ്പിക്കണം.

ഹിന്ദുമതത്തിനുള്ളിലായാലും പുറത്തായാലും ശൂദ്രരുടെ ആത്മാഭിമാനുവേണ്ടിയുള്ള അടിത്തറ നിര്‍മ്മിക്കുന്നതിലായിരിക്കണം ബദല്‍ ശൂദ്രസാഹിത്യവും ദര്‍ശനവും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. അമേരിക്കയിലെ കറുത്തവരുടെ അധികാര മുന്നേറ്റങ്ങള്‍ മുതല്‍ ഇങ്ങ് ഇന്ത്യയിലെ ദലിതരുടെ മുന്നേറ്റങ്ങള്‍വരെ ലോകത്തെങ്ങും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരുടെ സമാന്തര എഴുത്തുകള്‍ നിലവില്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളെ കുറിച്ച് അധീശവിഭാഗങ്ങള്‍ വിവരിച്ചിട്ടുള്ള മോശം ചിത്രീകരണങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെ കുറിച്ചുള്ള വിശ്വാസങ്ങളെയും ഒട്ടാകെതന്നെ നിരാകരിച്ചുകൊണ്ട് ഈ പ്രസ്ഥാനങ്ങള്‍ തങ്ങളുടേതായ ചരിത്രങ്ങള്‍, നോവലുകള്‍, സിനിമകള്‍, ആത്മീയ വ്യവഹാരങ്ങള്‍ മുതലായവയൊക്കെ ഉത്പാദിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അധീശ ചിത്രീകരണങ്ങളെ തങ്ങളുടേത് കൊണ്ട് മാറ്റിപ്രതിഷ്ഠിച്ചിട്ടുമുണ്ട്. ഈ നവ ആശയങ്ങളാണ് സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമാകുക.

ഉല്‍പ്പാദനജോലികള്‍ ആത്മീയമായ അശുദ്ധിയുണ്ടാക്കുമെന്ന ബ്രാഹ്മണിക്കല്‍ സിദ്ധാന്തത്തെ കുഴിച്ചുമൂടുന്നിടത്താണ് ശൂദ്രരെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനമാരംഭിക്കുന്നത്. ഹിന്ദു മതകീയ-ദര്‍ശനിക കൃതികളില്‍ നോക്കിയാല്‍ ശൂദ്രര്‍ ചെയ്യുന്നതും ഉണ്ടാക്കുന്നതും എന്തിനേറെ കഴിക്കുന്നതുമടക്കമുള്ള കാര്യങ്ങളെല്ലാം ദൈവത്തിന്റെ മുന്നില്‍ വിലകെട്ടതാണ്. ചരിത്രപരമായി നോക്കുകയാണെങ്കില്‍ ഈ അവഹേളനങ്ങളുടെ മുഖത്ത് അവര്‍ ആത്മവിശ്വാസമില്ലാത്തവരായി തുടരുകയാണ്. സ്വന്തമായി ഒരു സംസ്‌കാരം പോലുമില്ലാത്തവര്‍ എന്ന നിലയിലാണ് അവരെ ധരിപ്പിച്ചുവെച്ചിരിക്കുന്നത്. ബുക്കുകളില്‍ എഴുതപ്പെട്ടിട്ടില്ലാ എന്നതുകൊണ്ട് മാത്രം അവര്‍ക്ക് സംസ്‌കാരമില്ലാതാകുന്നില്ല.

കാര്‍ഷികവും ഉത്പാദനപരവുമായ തൊഴിലുകളെയും കേന്ദ്രീകരിച്ചുള്ള, സഹസ്രാബ്ദങ്ങള്‍ പഴക്കമേറിയ ഒരു സംസ്‌കാരത്തിനുടമകളാണ് ശൂദ്രര്‍. സന്യാസിമാരുടെ വൈരാഗ്യത്തിന്റെയും വ്യവഹാരത്തിന്റെയും മൂല്യങ്ങളല്ല അവരുടെ സാംസ്‌കാരത്തിന്റെ മൂല്യം. ഉല്‍പാദനക്ഷമതയുടെയും സര്‍ഗാത്മകതയുടെയും അദ്ധ്വാനത്തിന്റേതുമായ മൂല്യമാണ് ആ സംസ്‌കാരത്തിനുള്ളത്. ഭൗതികസമൃദ്ധിയുടെ കഥകള്‍ക്കുവേണ്ടി ഹിന്ദു പുരാണങ്ങളിലെ തുടര്‍ച്ചയായ ആക്രമണകഥകളെ ശൂദ്രസംസ്‌കാരം വലിച്ചെറിയണം. മാത്രവുമല്ല ബ്രാഹ്മണരുടെ മെറ്റാഫിസിക്കല്‍ ആദ്ധ്യാത്മിക ബാധകള്‍ക്ക് പകരം ശാസ്ത്രീയ നിരീക്ഷണങ്ങളില്‍നിന്നും പ്രായോഗികാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത പ്രകൃതിയെക്കുറിച്ചും കൃഷിയെക്കുറിച്ചും ഉത്പാദനപ്രക്രിയകളെക്കുറിച്ചുമുള്ള വിശാലമായ അറിവ് ശൂദ്രര്‍ പ്രതിസ്ഥാപിക്കണം. തങ്ങളുടെ തൊഴിലിലൂടെ ശൂദ്രര്‍ വൈദ്യം, മൃഗപരിപാലനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി പ്രത്യുത്പാദനപരമായ വിജ്ഞാനശാഖകളുമായി ഇടപഴകുന്നുണ്ട്. ഇതെല്ലാം രേഖപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യണം.

ശൂദ്രര്‍ തങ്ങളുടെ തൊഴിലിനും സംസ്‌കാരത്തിനും വലിയ മൂല്യം കല്‍പ്പിക്കണം. അവരാണ് അടിസ്ഥാന വിഭവങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, കല, സംഗീതം മുതലായവ ഉത്പാദിപ്പിക്കുന്നത്. അതാണ് രാജ്യത്തിന്റെതന്നെ അതിജീവനം സാധ്യമാക്കിത്തീര്‍ക്കുന്നത്. സമൂഹത്തിന്റെ നന്മക്ക് ആരാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത്, അദ്ധ്വാനവിഭാഗമായ ശൂദ്രരോ അതോ സന്യാസികളായ ബ്രാഹ്മണരോ എന്ന് ശൂദ്രര്‍ ചോദിക്കണം. ഉത്പാദനക്ഷമമായ സമുദായങ്ങളുടെ സംസ്‌കാരത്തിനാണ് അന്തസും ബഹുമാനവും നല്‍കപ്പെടുന്നതെങ്കില്‍ രാജ്യനന്മക്ക് അവര്‍ കൂടുതല്‍ കൂടുതല്‍ തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കും. രാജ്യത്തെ ഏറ്റവും വലിയ ഉത്പാദന-അധ്വാന ജനതയെ അവരുടെ സംസ്‌കാരത്തെ, ആത്മാഭിമാനത്തെ അടിച്ചമര്‍ത്തിയാല്‍ അത് രാജ്യത്തെ വിഭവങ്ങള്‍ക്ക് വലിയ നഷ്ടമാണ് എന്നാണര്‍ത്ഥം. ഈ മനസിലാക്കലാകണം ഒരു നവ ശൂദ്രദേശീയതയുടെ അന്തസത്തക്ക് രൂപം നല്‍കേണ്ടത്.

ബ്രാഹ്മണിസത്തിന്റെയും ബനിയകളുടെയും സമ്പദ്ഘടനയ്ക്ക് പുറത്ത് ഒരു ദേശീയരാഷ്ട്രീയം നിര്‍മ്മിക്കുന്നതിലേക്ക് നയിക്കുതായിരിക്കണം ശൂദ്രാവബോധത്തിന്റെ പുതിയ വിചാരമാതൃക. തങ്ങളുടെ ആത്മനിന്ദകളെ വലിച്ചെറിയുന്നതോടൊപ്പം തങ്ങളുടെ വര്‍ണത്തിനുള്ളിലെ ജാതികള്‍ തമ്മിലുള്ള ബന്ധങ്ങളെയും, അതിനുമപ്പുറത്ത് അടിച്ചമര്‍ത്തപ്പെടുന്ന ജാതികളും സമുദായങ്ങളും തങ്ങളും തമ്മിലുള്ള ബന്ധത്തെയും പുനര്‍നിര്‍വ്വചിക്കണം.

സ്വന്തം സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ചുരുക്കപ്പെടാതെ ദേശീയതലത്തില്‍ തങ്ങളുടെ വിശാലമായ അംഗസംഖ്യ പരിഗണിക്കപ്പെടണമെങ്കില്‍ ശൂദ്രര്‍ ആഭ്യന്തര വിവേചനങ്ങളെ കയ്യൊഴിഞ്ഞുകൊണ്ട് ഒരു വിശാല ഇന്ത്യന്‍ ശൂദ്രസ്വത്വത്തെ അവര്‍ക്ക് നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. ബ്രാഹ്മണിക്കല്‍ സിദ്ധാന്തത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശൂദ്രരുടെ കീഴവസ്ഥ ഒരു വര്‍ണമെന്ന സമുദായത്തിന് മൊത്തത്തില്‍ ബാധകമാണ്. അതുകൊണ്ട് അതിനെ മൊത്തത്തില്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കു, അല്ലാതെ ഓരോരോ ജാതികളുടെ അടിസ്ഥാനത്തില്‍ സാധ്യമല്ല.

ശൂദ്രാവബോധത്തിലുള്ള ഒരു മാറ്റം ദലിതരുള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ അവസ്ഥയിലും പ്രതിഫലിക്കും. തങ്ങളുടെ അപഹര്‍ഷസ്ഥാനത്തിന്റെ ദാര്‍ശനികാടിത്തറയെ നിരാകരിക്കുന്നതോടെ ശൂദ്രര്‍ക്ക് മറ്റ് ജാതിക്കാര്‍ തങ്ങളുടെ കീഴെയാണ് എന്ന വിശ്വസ അടിത്തറയെ തുടര്‍ന്നും വെച്ചുപുലര്‍ത്താന്‍ സാധിക്കില്ല. ഒരിക്കല്‍ അവര്‍ ബ്രാഹ്മണരുടെയും ബനിയകളുടെയും താല്‍പര്യങ്ങളെ സേവിക്കുന്നത് അവസാനിപ്പിച്ചാല്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഭീഷണിപ്പെടുത്തുന്നതില്‍ ഒരു നേട്ടവും അവര്‍ കാണില്ല. മറിച്ച് ബ്രാഹ്മണിസം ദ്രോഹിച്ച എല്ലാവരുമായും അണിചേരാന്‍ അവര്‍ക്ക് ധാരാളം കാരണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മാത്രവുമല്ല ബ്രാഹ്മണരുടെയും ബനിയകളുടെയും അധീശത്വത്തിനെതിരെ പോരാടുന്ന ദലിതരും ആദിവാസികളും മറ്റ് വിഭാഗങ്ങളും ഉയര്‍ത്തുന്ന അവകാശങ്ങള്‍ക്ക് എതിര്‍ നില്‍ക്കാകതിരിക്കല്‍ ശൂദ്ര ദേശീയതയുടെ ഭാഗമായിത്തീരും.


ശൂദ്രരുടെ ഇന്നത്തെ ആത്മനിന്ദയെയും ഒപ്പം ഇന്ത്യന്‍ ദേശീയത, ദേശീയരാഷ്ട്രീയം എന്നിവയുടെ അധീശരൂപത്തെയും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യകാലം മുതല്‍ തന്നെ ജനകീയ ദേശീയവികാരത്തിന്റെ ദിശ ആട്ടിത്തെളിച്ചിരുന്നത് ബ്രാഹ്മണരും ബനിയകളുമാണ്. ശൂദ്രരാകട്ടെ സ്വന്തം ബുദ്ധിജീവികളുടെ അഭാവത്തില്‍ അത്തരം വീക്ഷണങ്ങളെ വിമര്‍ശനാതീതമായി പിന്തുടര്‍ന്നു പോന്നു. രാജ്യത്തെ പടിച്ചുകുലുക്കുന്ന സാമൂഹ്യ അസമത്വത്തിന് അന്ത്യം കുറിക്കുന്ന പരിഷ്‌കരണത്തെ കൂടാതെ ദേശീയ യശസിനുവേണ്ടിയുള്ള ഏതൊരു ഉദ്യമവും ഉപയോഗശൂന്യമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് അംബേദ്ക്കര്‍ ഒരു വിയോജന ശബ്ദമുയര്‍ത്തിയിരുന്നല്ലോ. പക്ഷെ അദ്ദേഹത്തിന്റെ വീക്ഷണത്തെ നിശബ്ദമാക്കിക്കളഞ്ഞു.

ഹിന്ദുദേശീയതയെ, അത് കേവലം ബ്രാഹമണ-ബനിയ ദേശീയതയാണ് എന്ന് തിരിച്ചറിയാതെ ആവേശപൂര്‍വ്വം പിന്തുണക്കുന്നവരാണ് ഇന്ന് ശൂദ്രര്‍. ആര്‍.എസ്.എസിന്റെ ബ്രാഹ്മണപ്രത്യയശാസ്ത്രത്തിന്റെയും ബനിയ ഉടമസ്ഥതയിലുള്ള വന്‍കിട കോര്‍പ്പറേറ്റുകളിലേയ്ക്ക് ലാഭമൊഴുക്കുന്ന അവരുടെ സാമ്പത്തികനയങ്ങളുടെയും ആധ്യപത്യത്തെയാണ് ബി.ജെ.പിയുടെ ഹിന്ദുത്വം ഉറപ്പിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ സാമ്പത്തിക ബദലുകളൊന്നും മുന്നോട്ട് വെക്കാനില്ല. അതേസമയം അവരുടെ “മതനിരപേക്ഷ” ദേശീയത ബി.ജെ.പിയുടെ ബ്രാഹ്മണിക്കല്‍ ദേശീയതയോട് വളരെയധികം സാമ്യതയുള്ള ഒന്നുമാണ്. താനൊരു പൂണൂല്‍ ധരിച്ച ബ്രാഹ്മണനാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. ഇതിലൂടെ ആളുകളുടെ സ്നേഹം പിടിച്ച് പറ്റാം എന്നാണദ്ദേഹം ചിന്തിക്കുന്നത്.

ശൂദ്രര്‍ക്കുമേലുള്ള അടിച്ചമര്‍ത്തലിനും അവഗണനക്കും മുകളിലാണ് ഹിന്ദുദേശീയത കെട്ടിപ്പൊക്കിയിരിക്കുന്നത്. ഗോസംരക്ഷണരാഷ്ട്രീയം അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. പശുവിനെ ഒരു വിശുദ്ധമൃഗമാക്കുന്ന ആ സിദ്ധാന്തം ബ്രാഹ്മണരുടെ പണിയാണ്. അവര്‍ക്കൊരിക്കലും മൃഗങ്ങളെ മേക്കേണ്ടതുമില്ല അതിനെ സാമ്പത്തികമായി ആശ്രയിക്കേണ്ടതുമില്ല. ആ ഭാരം ശൂദ്രര്‍ക്കാണല്ലോ. എന്നാല്‍ മൃഗത്തിന്റെ വിശുദ്ധ പദവി നിര്‍മ്മിച്ചെടുക്കുന്നതില്‍ ശൂദ്രരുടെ അഭിപ്രായങ്ങള്‍നോക്കിയിട്ടില്ല. മോദി അധികാരത്തിലെത്തിയതുമുതല്‍ നടപ്പാക്കപ്പെട്ട കന്നുകാലി കശാപ്പ് നിരോധനം കന്നുകാലി സമ്പദ്ധഘടനയെ ആകെ തകര്‍ത്തുകളഞ്ഞു. കാരണം കര്‍ഷകര്‍ക്ക് സാമ്പത്തികാവശ്യങ്ങള്‍ക്കായി കന്നുകാലികളെ വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയെ തകര്‍ത്ത ആ ദുരന്തവും നിശബ്ദം ശൂദ്രര്‍ ഏറ്റുവാങ്ങി.

ഹിന്ദുദേശീയത ശൂദ്രര്‍ക്ക് നിഷ്‌ക്രിയത്വം അല്ലാതെ മറ്റൊന്നും നേടിക്കൊടുത്തില്ല. മോദി പ്രധാനമന്ത്രിയായ ശേഷം ബൗദ്ധിക, ആത്മീയ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളുടെ ഏറ്റവും ഉയര്‍ന്ന തട്ടുകള്‍ മുഖ്യമായും ബ്രാഹ്മണരുടെയും ബനിയകളുടെയും കൈകളിലാണ് നിലനില്‍ക്കുന്നത്. ശൂദ്രരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെയും ബനിയ മൂലധനത്തിന്റെയും ശക്തി കൂടുതലുറപ്പിക്കുകയാണ് ഹിന്ദു ദേശീയത നിര്‍വ്വഹിച്ചത്. ശൂദ്രരാകട്ടെ സ്വന്തം ചിലവില്‍ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

“ആരാണ് ശൂദ്രര്‍?” എന്ന കൃതിയില്‍ അംബേദ്ക്കര്‍ എഴുതുകയുണ്ടായി, “”സംസ്‌കാരമില്ലാത്ത, അഭിമാനമില്ലാത്ത, പദവികളില്ലാത്ത കീഴ്-വര്‍ഗ്ഗ ജനങ്ങളാണ്”” ശൂദ്രര്‍ എന്ന് ആവിഷ്‌കരിക്കുകയാണ് ബ്രാഹ്മണിസം ചെയ്യുന്നത്. ഈ ദുഃഖകരമായ വസ്തുതയെ മൗലികമായി മാറ്റിത്തീര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ കാലം മുതല്‍ നടന്ന ഒരു സംഭവത്തിനും സാധിച്ചില്ല. ഒരു നവ ശൂദ്ര അവബോധത്തിനു മാത്രമേ അതിനെ മാറ്റിപ്പണിയാന്‍ സാധിക്കു. അതുനുമാത്രമേ ശൂദ്രരെയും രാജ്യത്തെയും ഒരു മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനും സാധിക്കൂ.

(കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ‘Where are the Shudras? Why the Shudras are lost in today’s India’ എന്ന ദീര്‍ഘ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം)

വിവര്‍ത്തനം: ഷഫീക്ക് സുബൈദ ഹക്കീം

കാഞ്ചാ ഐലയ്യ ഷെപ്‌ഹേഡ്

We use cookies to give you the best possible experience. Learn more