ഇംഗ്ലീഷ് ഭാഷയിലുള്ള തങ്ങളുടെ പ്രാവീണ്യമില്ലായ്മയെയും അതുപോലെ തത്വശാസ്ത്ര വിഷയങ്ങളിലും ബൗദ്ധിക ഇടപെടലുകളിലുമുള്ള തങ്ങളുടെ താല്‍പ്പര്യക്കുറവിനെയും അതിജീവിക്കുന്നതിനെ ശൂദ്രര്‍ ഇതുവരെയും ഗൗരവമായി കണ്ടിട്ടില്ല. ദേശീയരാഷ്ട്രീയത്തിലും വ്യവഹാരത്തിലും നിരന്തരമായി തങ്ങളനുഭവിക്കുന്ന അവഗണനക്ക് അവസാനം കുറിക്കാന്‍ സാധിക്കുന്ന ബുദ്ധിജീവികളെ സൃഷ്ടിക്കണമെങ്കില്‍ ഈ മനോഭാവം മാറിയേ തീരൂ. അതേസമയം സമുദായത്തിന്റെ ദുരവസ്ഥയോട് മല്ലിടാന്‍ തയ്യാറുള്ള ശൂദ്രബുദ്ധിജീവികള്‍ളുടെ മുന്നില്‍ അതിനായി എതൊക്കെ വഴികളാണ് തുറന്നിരിക്കുന്നത് എന്ന ചോദ്യം അപ്പോഴും അവശേഷിക്കുകയാണ്.
ആദ്യമേ തന്നെ അവര്‍ക്ക് മൗലികമായ ഒരു സമസ്യയെ അഭിമുഖീകരിക്കേണ്ടിവരും. അത് ഇതാണ്: ഹിന്ദുമതത്തോട് കൂറ് കാട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ തന്നെ തുടരണോ അതോ ഹിന്ദുചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കണോ. ഈ സമസ്യ മനസിലാകണമെങ്കില്‍ മറാത്തകള്‍, സിഖുകാര്‍ എന്നീ രണ്ട് സമുദായങ്ങളുടെ സഞ്ചാരപദങ്ങള്‍ പരസ്പരം താരതമ്യം ചെയ്യുന്നത് ഉപകാരമായിരിക്കും.
നവ-ക്ഷത്രിയപാത തിരഞ്ഞെടുത്ത ടിപ്പിക്കല്‍ ശൂദ്രരാണ് മറാത്തകള്‍. പതിനേഴാം നൂറ്റാണ്ടിലെ രാജാവായ ശിവജിയുടെ പ്രതിച്ഛായയെ ചുറ്റിപ്പറ്റിയുള്ള ഒരുതരം ജാതി സങ്കുചിതത്വമായാണ് കീഴ്പദവിയോടുള്ള അവരുടെ പ്രതികരണം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും കാലത്ത് തങ്ങള്‍ക്കും ഒരു മഹാനായ ഭരണാധികാരി ഉണ്ടായിരുന്നു എന്ന ആ ആശയത്തെ മറ്റ് ശൂദ്ര മേല്‍ജാതി വിഭാഗങ്ങള്‍ക്കും സമ്മതമായി. ബ്രാഹ്മണരായിരുന്നു മറാത്ത ചിന്തകരുടെ അഭാവത്തില്‍ ശിവജിയെ കുറിച്ചുള്ള ഈ ജനകീയ പ്രതിച്ഛായ നിര്‍മ്മിച്ചെടുത്തത് തന്നെ. അതാകട്ടെ ബ്രാഹമണരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്രതിച്ഛായയുമായിരുന്നു. പ്രസ്തുത പ്രതിഛായയില്‍ ഒരു യോദ്ധാവ് എന്ന നിലയിലുള്ള ധീരതക്കായിരുന്നു ഊന്നല്‍. അല്ലാതെ പൊതുജീവിതത്തിലോ രാഷ്ട്രീയത്തിലോ ഉള്ള ഒരു പ്രതിഭ എന്ന നിലയിലുള്ള പ്രതിച്ഛായയല്ല അത് ശിവജിക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ മറാത്തകളുടെ ശിവജിയെക്കുറിച്ചുള്ള അവകാശവാദം ബൗദ്ധികശേഷിയേക്കാള്‍ ധീരതയിലായിരുന്നു പ്രാമുഖ്യം നല്‍കിയത്. അദ്ദേഹത്തിന്റെ ജാതിവിരുദ്ധ പരിഷ്‌കരണങ്ങളെയോ അദ്ദേഹത്തിനെതിരായ ബ്രാഹ്മണരുടെ എതിര്‍പ്പിനെയോ അത് വെളിപ്പെടുത്തുന്നില്ല. മുഗളന്‍മാര്‍ക്കും യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ക്കുമെതിരായ അദ്ദേഹത്തിന്റെ യുദ്ധത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹം മുസ്‌ലീങ്ങളായിട്ടുള്ള ജനറല്‍മാരെ നിയോഗിച്ചിരുന്നതിനെ മൂടിവെച്ചു. അതുകൊണ്ടാണ് ഒരു ഹിന്ദുദേശീയവാദ ബിംബം എന്ന നിലയില്‍ മറാത്തകള്‍ അദ്ദേഹത്തില്‍ അഭിമാനം കൊള്ളുന്നത്.
ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മുന്നണിപ്പോരാളികളാണ് മറാത്തകള്‍ ഇന്ന്. എന്നാല്‍ മഹാരാഷ്ട്ര ഇന്ന് ബ്രാഹ്മണാധിപത്യമുള്ള ബി.ജെ.പിയാണ് ഭരിക്കുന്നത്. അതുപോലെ സംസ്ഥാനത്തിന്റെ ഫിനാന്‍സ് മൂലധനത്തെ നിയന്ത്രിക്കുന്നതാകട്ടെ മുംബൈയിലെ ബനിയകളും. സ്വയം പുരോഹിതരാകുന്നതിനെ കുറിച്ച് അല്പം പോലും ചിന്തിക്കാതെ മറാത്തകള്‍ ആത്മീയമായി മഹാരാഷ്ട്രാ ബ്രാഹ്മണരെ അനുഗമിക്കുകയാണ് ചെയ്യുന്നത്. ഒ.ബി.സി പദവി ലഭിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മേല്‍പറഞ്ഞതാണ് അവരുടെ ധാരണയെങ്കില്‍ അവര്‍ മറ്റ് ശൂദ്രര്‍ക്ക് മുകളിലാണ്. ഇത് അവര്‍ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള അവരുടെ സാധ്യത കുറക്കും എന്നതാണ് ഒന്നാമത്തെ കാര്യം. ധാരാളം ഒ.ബി.സി ഇതര ശൂദ്രര്‍ ഇതേ ചെപ്പടിവിദ്യകള്‍ കാണിക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നും ഉയര്‍ന്നുവന്ന അറിയപ്പെടുന്ന ഒരേയൊരു ബുദ്ധിജീവി മാലി ജാതിയില്‍ ജനിച്ച ജ്യോതിറാവു ഫൂലെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഖിലേന്ത്യാ പെരുമയെ നിര്‍മ്മിച്ചെടുത്തത് പഞ്ചാബില്‍ നിന്നുള്ള ഒരു ദലിത് നേതാവായ കാന്‍ഷിറാം ആണ്, അല്ലാതെ മറാത്തകള്‍ അല്ല. ഹിന്ദു സാമൂഹ്യവ്യവസ്ഥയുടെയും ആത്മീയവ്യവസ്ഥയുടെയും കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം എന്നുള്ളതുകൊണ്ട് മറാത്തകള്‍ അഭിമാനത്തോടെ അദ്ദേഹത്തെ ഓര്‍ക്കുന്നുപോലുമില്ല. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ബ്രാഹ്മണരും ഹിന്ദു ദേശീയവാദികളും അടിച്ചമര്‍ത്തിക്കളയുകയാണ് ചെയ്തത്. ശിവജിയെ ഒരു ജാതിവിരുദ്ധ പരിഷ്‌ക്കര്‍ത്താവായാണ് ഫൂലെ വിവരിച്ചത്. മറാത്തകള്‍ മറന്ന കാര്യമാണത്. വളരെ അടുത്ത കാലത്താണല്ലോ മറാത്ത യുക്തിവാദിയായ ഗോവിന്ദ് പാന്‍സാരെ ശിവജിയെ ഒരു പരിഷ്‌കരണവാദിയെന്ന നിലയില്‍ എഴുതിയത്. 2015 പാന്‍സാരെ കൊല്ലപ്പെട്ടു.
ബ്രാഹ്മണ-ബനിയ നിയന്ത്രണങ്ങളെ അതിജീവിച്ച ഒരേയൊരു പ്രമുഖ ശൂദ്രവിഭാഗം സിഖുകളാണ്. ഇതിനുവേണ്ടി അവര്‍ക്ക് ഹിന്ദുമതത്തില്‍ നിന്ന് പരിപൂര്‍ണ്ണമായും വേര്‍പെട്ട് തങ്ങളുടേതായ ഒരു ആത്മീയ വ്യവസ്ഥയ്ക്ക് രൂപം നല്‍കേണ്ടതായിവന്നു. അവര്‍ തങ്ങളുടെ സ്വന്തം വിശുദ്ധഗ്രന്ഥമായ “ഗുരു ഗ്രന്ഥ്” തയ്യാറാക്കുകയും തങ്ങളുടേതായ മതകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. പഞ്ചാബിലെ രണ്ട് പ്രമുഖ രാഷ്ട്രീയ ശക്തികളെ – അകാലി ദളിനെയും കോണ്‍ഗ്രസിന്റെ സംസ്ഥാനഘടകത്തെയും – നിയന്ത്രിക്കുന്ന് അവരാണ്.
ശൂദ്രരില്‍ നിന്നും വ്യത്യസ്തമായി സിഖുകാര്‍ ആഗോള ദൃശ്യത തന്നെ നേടിയെടുത്തു. മാത്രവുമല്ല കാനഡ പോലുള്ള രാജ്യങ്ങളിലെ അധികാര ഘടനകളിലേയ്ക്ക് അവര്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആത്മീയമായ അവരുടെ സ്വതന്ത്രാസ്ഥിത്വമാണ് അവര്‍ക്ക് ഈ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തതിന്റെ അടിസ്ഥാനം. ലോകത്ത് ചിതറിക്കിടക്കുന്ന ഇന്ത്യക്കാരില്‍ ബനിയകളും ബ്രാഹ്മണരും മാത്രമാണ് അധികാരവും പ്രാമുഖ്യവുമൊക്കെയുള്ള മറ്റുവിഭാഗങ്ങള്‍.
ഇതിനത്ഥം സിഖുകാര്‍ പൂര്‍ണമായും പുരോഗമനശക്തികളായി എന്നല്ല. സിഖ് മതത്തിന്റെയും പഞ്ചാബിന്റെയും വലിയൊരു വിഭാഗം ദലിത് സിഖുകളാണ്. സിഖ് മതത്തിനുള്ളില്‍ ഇന്ന് അധീശത്വം വഹിക്കുന്ന മുന്‍ശൂദ്രരായ ജാട്ട് സിഖുകളില്‍ നിന്ന് ദലിതരായ ഈ സിഖ് മതവിശ്വാസികള്‍ ആ മതത്തിനുള്ളിലും സംസ്ഥാനത്തുടനീളവും വലിയ വിവേചനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പഞ്ചാബിലിന്ന് ബ്രാഹ്മണ-ബനിയ അധീശത്വം സാധ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.
ജാതിവ്യവസ്ഥയ്ക്കുള്ളില്‍ ശൂദ്രരായി പരിഗണിക്കപ്പെടുന്ന കേരളത്തിലെ നായര്‍ജാതിയും രസകരമായ ഉദാഹരണം നല്‍കുന്നുണ്ട്. അവരിലെ ഒരു വന്‍വിഭാഗം തങ്ങളുടെ പദവി മെച്ചപ്പെടുത്തിയത് സിറിയന്‍ ക്രിസ്ത്യാനികളായി പരിവര്‍ത്തനം നടത്തിക്കൊണ്ടും കൊളോണിയല്‍ കാലത്ത് ഇംഗ്ലീഷ് ഭാഷാവിദ്യാഭ്യാസത്തെ പുണര്‍ന്നുകൊണ്ടുമാണ്. ആ അടിത്തറയില്‍ നിന്നുകൊണ്ട് അവര്‍ ഇംഗ്ലീഷ് ഭാഷാവിദ്യാഭ്യാസം ഹിന്ദുനായര്‍ വിഭാഗത്തിലേയ്ക്കും വ്യാപിപ്പിച്ചു. ക്രമേണ ആ സമുദായം കേരളത്തിലും അതിനുമപ്പുറത്തും പ്രാമുഖ്യം നേടി. കര്‍ണ്ണാടകയിലെ ലിംഗായത് സമുദായക്കാര്‍ ശൂദ്രപദവിക്കെതിരെ നടത്തിയ നീണ്ടകാലത്തെ ചരിത്രപരമായ പോരാട്ടം ലിംഗായത് സമുദായത്തെ ഹിന്ദുമതത്തില്‍ നിന്നും വേറിട്ട ഒരു പ്രത്യേകമതമെന്നോണം ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യമുന്നയിക്കുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്.
മിക്ക ശൂദ്രരെയും പോലെ മറാത്തകള്‍ക്ക് സ്വന്തം ഗുരുക്കളെയോ ബുദ്ധിജീവികളെയോ ഉണ്ടാക്കാന്‍ സാധിച്ചില്ല. കാരണം ഒരു സമുദായമെന്ന നിലയില്‍ അവരൊരിക്കലും ബ്രാഹ്മണപ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചിട്ടില്ല. ഫൂലെ ഇത് മനസിലാക്കുകയും ശൂദ്ര സമൂഹത്തിനുമേലുള്ള ജാതി നിയന്ത്രണത്തെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ബ്രാഹ്മണവാദത്തിനെതിരായ അദ്ദേഹത്തിന്റെ ദാര്‍ശനിക വിമര്‍ശനങ്ങള്‍ക്ക് മറാത്തകള്‍ തുടര്‍ച്ച നല്‍കിയില്ല.
1970കളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫൂലെയുടെ “ഗുലാംഗിരി” (അടിമ) എന്ന കൃതിയില്‍ അടിത്തറയായി വിവരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിന്തകളെ വികസിപ്പിക്കുക എന്ന സാധ്യത ഇപ്പോഴും ശൂദ്രരുടെ മുമ്പിലുണ്ട്. അവര്‍ക്ക് പ്രസ്തുത ചിന്തകളെ ബ്രാഹ്മണിസത്തിന് എതിരായ വ്യക്തമായ രാഷ്ട്രീയവും -അതിനേക്കാള്‍ പ്രധാനമായി – ആത്മീയവുമായ ഒരു ബദല്‍ സാധ്യമാക്കിത്തീര്‍ത്ത അംബേദ്ക്കര്‍ ദര്‍ശനത്തോട് കൂട്ടിച്ചേര്‍ക്കാവുന്നതുമാണ്. ഇത്തരമൊരു സംഭാവന അംബേദ്ക്കര്‍ നടത്തിയിരുന്നില്ലെങ്കില്‍ ശൂദ്രരുടെ ദാര്‍ശനികസ്ഥാനം ഇന്നത്തേതിനേക്കാള്‍ ദരിദ്രമായിത്തീര്‍ന്നേനെ.
ബ്രാഹ്മണിസത്തെ എതിര്‍ക്കാനാഗ്രഹിക്കുന്ന ശൂദ്രര്‍ക്ക് മുന്നിലുള്ള ഒരു വഴി മതപരിവര്‍ത്തനമാണ്. ബി.ജെ.പിയിലെയും അവരുടെ പ്രത്യയശാസ്ത്രത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെയും ആധിപത്യ ജാതികള്‍ ഈ മതപരിവര്‍ത്തനത്തിന് എതിരാണ്. എന്നാല്‍ ചരിത്രം കാണിച്ച് തരുന്നത് അവര്‍ അവരുടെ നേട്ടങ്ങള്‍ക്കായി മതപരിവര്‍ത്തനത്തെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഗോവയിലും ബംഗാളിലും അതുപോലെ മറ്റ് പലസ്ഥലങ്ങളിലും ധാരാളം ബ്രാഹ്മണര്‍ കൊളോണിയല്‍ കാലത്ത് കൊളോണിയല്‍ ശക്തികള്‍ക്കിടയില്‍ മതിപ്പ് നേടാനായി ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ട്.
റാഡിക്കല്‍ ആയ ജാതിവിരുദ്ധ തത്വങ്ങള്‍ക്കു വേണ്ടിയോ അതുമല്ലെങ്കില്‍ ഇതര മതങ്ങള്‍ക്ക് വേണ്ടിയോ ഹിന്ദുമതത്തെ നിരാകരിക്കുക എന്ന മാര്‍ഗം ശൂദ്രര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിവിശാലമായ ആ ജനാവലി അത്തരമൊരുമാര്‍ഗം ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നത് നിഷ്‌കളങ്കമായിരിക്കും. എന്തായാലും പ്രവചനസാധ്യമായ ഭാവികാലം വരെയെങ്കിലും കുറഞ്ഞത് ഹിന്ദുമതത്തില്‍ തുടരാനായിരിക്കും അവരധികവും ആഗ്രഹിക്കുക.
തുല്യമായ ആത്മീയപദവിയും പൗരോഹിത്യത്തിനുള്ള തുല്യഅവകാശവും ആവശ്യപ്പെടുകയാണ് ശൂദ്രര്‍ ചെയ്യേണ്ടത്. ഹിന്ദുവിശുദ്ധഗ്രന്ഥങ്ങളുമായി ഇടപഴകുന്നതിനും ശൂദ്രരുടെ വീക്ഷണത്തില്‍ അവയെ വ്യാഖ്യാനിക്കുന്നതിനുമുള്ള അവകാശത്തിനായി അവര്‍ പോരാടണം. ജാതിക്കതീതമായി പുരോഹിതരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഹിന്ദുവിനും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന സൗജന്യവും തുറന്നതുമായ ഹിന്ദുമതമീമാംസ (hindu theological) സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമായി അവര്‍ നിര്‍ബന്ധം പിടിക്കണം.
ഹിന്ദുമതത്തിനുള്ളില്‍ ശൂദ്രര്‍ക്ക് തങ്ങളുടെ ഐക്യശക്തി മനസിലാക്കണമെങ്കില്‍ ഇത് അനിവാര്യമാണ്. അവരുടെ എണ്ണമില്ലായെങ്കില്‍ ആ മതം ഒന്നുമല്ല. ശൂദ്രര്‍ തങ്ങളുടെ ശക്തി ഉപയോഗിക്കുന്നില്ല എങ്കില്‍ അവരുടെ സാഹചര്യവും മാറ്റമില്ലാതെ തുടരും. ഉത്സാഹികളായ ഹിന്ദുക്കളാണ് എന്ന് അവകാശപ്പെടുകയും എന്നാല്‍ സ്വമതത്തില്‍ ബൗദ്ധിക സ്വാധീനമില്ലാതെ ബ്രാഹ്മണ പൗരോഹിത്യത്തെ വണങ്ങി നില്‍ക്കുന്ന നായന്മാരുടെ അവസ്ഥ ഇവരും തുടരേണ്ടിവരും.
ശൂദ്രര്‍ എല്ലാ മണ്ഡലങ്ങളിലും തുല്യത ചോദിക്കേണ്ട സമയം വന്നിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും ബദലുകള്‍ അന്വേഷിക്കേണ്ട സമയം വന്നിരിക്കുകയാണ്. ആത്മീയതുല്യതയ്ക്കുള്ള അവരുടെ ആവശ്യം ഹിന്ദുമതം അംഗീകരിച്ചില്ലെങ്കില്‍ തങ്ങളുടെ അംഗീകാരത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു പുതിയ മതത്തിന് രൂപംകൊടുക്കിന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കണം. ബ്രാഹ്മണിക്കല്‍ ചിന്തകള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കീഴ്പദവി അവര്‍ നിരാകരിക്കണം. ആധിപത്യജാതികളെ സംരക്ഷിക്കാനായി ദുഷ്‌കര്‍മ്മങ്ങളുടെയും പുനര്‍ജനനത്തിന്റെയും പേരുപറഞ്ഞുവരുന്ന നിയമങ്ങളെ അവര്‍ കയ്യൊഴിയണം. അതിനുവേണ്ടി നിലവിലെ വിചാരമാതൃകകളെ (Paradigm) മാറ്റിപ്രതിഷ്ഠിക്കാന്‍ പര്യാപ്തമാകുന്ന വന്‍തോതിലുള്ള ബദല്‍ ചിന്തകളും സാഹിത്യങ്ങളും അവരുത്പാദിപ്പിക്കണം.
ഹിന്ദുമതത്തിനുള്ളിലായാലും പുറത്തായാലും ശൂദ്രരുടെ ആത്മാഭിമാനുവേണ്ടിയുള്ള അടിത്തറ നിര്‍മ്മിക്കുന്നതിലായിരിക്കണം ബദല്‍ ശൂദ്രസാഹിത്യവും ദര്‍ശനവും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. അമേരിക്കയിലെ കറുത്തവരുടെ അധികാര മുന്നേറ്റങ്ങള്‍ മുതല്‍ ഇങ്ങ് ഇന്ത്യയിലെ ദലിതരുടെ മുന്നേറ്റങ്ങള്‍വരെ ലോകത്തെങ്ങും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരുടെ സമാന്തര എഴുത്തുകള്‍ നിലവില്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളെ കുറിച്ച് അധീശവിഭാഗങ്ങള്‍ വിവരിച്ചിട്ടുള്ള മോശം ചിത്രീകരണങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെ കുറിച്ചുള്ള വിശ്വാസങ്ങളെയും ഒട്ടാകെതന്നെ നിരാകരിച്ചുകൊണ്ട് ഈ പ്രസ്ഥാനങ്ങള്‍ തങ്ങളുടേതായ ചരിത്രങ്ങള്‍, നോവലുകള്‍, സിനിമകള്‍, ആത്മീയ വ്യവഹാരങ്ങള്‍ മുതലായവയൊക്കെ ഉത്പാദിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അധീശ ചിത്രീകരണങ്ങളെ തങ്ങളുടേത് കൊണ്ട് മാറ്റിപ്രതിഷ്ഠിച്ചിട്ടുമുണ്ട്. ഈ നവ ആശയങ്ങളാണ് സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമാകുക.
ഉല്‍പ്പാദനജോലികള്‍ ആത്മീയമായ അശുദ്ധിയുണ്ടാക്കുമെന്ന ബ്രാഹ്മണിക്കല്‍ സിദ്ധാന്തത്തെ കുഴിച്ചുമൂടുന്നിടത്താണ് ശൂദ്രരെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനമാരംഭിക്കുന്നത്. ഹിന്ദു മതകീയ-ദര്‍ശനിക കൃതികളില്‍ നോക്കിയാല്‍ ശൂദ്രര്‍ ചെയ്യുന്നതും ഉണ്ടാക്കുന്നതും എന്തിനേറെ കഴിക്കുന്നതുമടക്കമുള്ള കാര്യങ്ങളെല്ലാം ദൈവത്തിന്റെ മുന്നില്‍ വിലകെട്ടതാണ്. ചരിത്രപരമായി നോക്കുകയാണെങ്കില്‍ ഈ അവഹേളനങ്ങളുടെ മുഖത്ത് അവര്‍ ആത്മവിശ്വാസമില്ലാത്തവരായി തുടരുകയാണ്. സ്വന്തമായി ഒരു സംസ്‌കാരം പോലുമില്ലാത്തവര്‍ എന്ന നിലയിലാണ് അവരെ ധരിപ്പിച്ചുവെച്ചിരിക്കുന്നത്. ബുക്കുകളില്‍ എഴുതപ്പെട്ടിട്ടില്ലാ എന്നതുകൊണ്ട് മാത്രം അവര്‍ക്ക് സംസ്‌കാരമില്ലാതാകുന്നില്ല.
കാര്‍ഷികവും ഉത്പാദനപരവുമായ തൊഴിലുകളെയും കേന്ദ്രീകരിച്ചുള്ള, സഹസ്രാബ്ദങ്ങള്‍ പഴക്കമേറിയ ഒരു സംസ്‌കാരത്തിനുടമകളാണ് ശൂദ്രര്‍. സന്യാസിമാരുടെ വൈരാഗ്യത്തിന്റെയും വ്യവഹാരത്തിന്റെയും മൂല്യങ്ങളല്ല അവരുടെ സാംസ്‌കാരത്തിന്റെ മൂല്യം. ഉല്‍പാദനക്ഷമതയുടെയും സര്‍ഗാത്മകതയുടെയും അദ്ധ്വാനത്തിന്റേതുമായ മൂല്യമാണ് ആ സംസ്‌കാരത്തിനുള്ളത്. ഭൗതികസമൃദ്ധിയുടെ കഥകള്‍ക്കുവേണ്ടി ഹിന്ദു പുരാണങ്ങളിലെ തുടര്‍ച്ചയായ ആക്രമണകഥകളെ ശൂദ്രസംസ്‌കാരം വലിച്ചെറിയണം. മാത്രവുമല്ല ബ്രാഹ്മണരുടെ മെറ്റാഫിസിക്കല്‍ ആദ്ധ്യാത്മിക ബാധകള്‍ക്ക് പകരം ശാസ്ത്രീയ നിരീക്ഷണങ്ങളില്‍നിന്നും പ്രായോഗികാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത പ്രകൃതിയെക്കുറിച്ചും കൃഷിയെക്കുറിച്ചും ഉത്പാദനപ്രക്രിയകളെക്കുറിച്ചുമുള്ള വിശാലമായ അറിവ് ശൂദ്രര്‍ പ്രതിസ്ഥാപിക്കണം. തങ്ങളുടെ തൊഴിലിലൂടെ ശൂദ്രര്‍ വൈദ്യം, മൃഗപരിപാലനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി പ്രത്യുത്പാദനപരമായ വിജ്ഞാനശാഖകളുമായി ഇടപഴകുന്നുണ്ട്. ഇതെല്ലാം രേഖപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യണം.
ശൂദ്രര്‍ തങ്ങളുടെ തൊഴിലിനും സംസ്‌കാരത്തിനും വലിയ മൂല്യം കല്‍പ്പിക്കണം. അവരാണ് അടിസ്ഥാന വിഭവങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, കല, സംഗീതം മുതലായവ ഉത്പാദിപ്പിക്കുന്നത്. അതാണ് രാജ്യത്തിന്റെതന്നെ അതിജീവനം സാധ്യമാക്കിത്തീര്‍ക്കുന്നത്. സമൂഹത്തിന്റെ നന്മക്ക് ആരാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത്, അദ്ധ്വാനവിഭാഗമായ ശൂദ്രരോ അതോ സന്യാസികളായ ബ്രാഹ്മണരോ എന്ന് ശൂദ്രര്‍ ചോദിക്കണം. ഉത്പാദനക്ഷമമായ സമുദായങ്ങളുടെ സംസ്‌കാരത്തിനാണ് അന്തസും ബഹുമാനവും നല്‍കപ്പെടുന്നതെങ്കില്‍ രാജ്യനന്മക്ക് അവര്‍ കൂടുതല്‍ കൂടുതല്‍ തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കും. രാജ്യത്തെ ഏറ്റവും വലിയ ഉത്പാദന-അധ്വാന ജനതയെ അവരുടെ സംസ്‌കാരത്തെ, ആത്മാഭിമാനത്തെ അടിച്ചമര്‍ത്തിയാല്‍ അത് രാജ്യത്തെ വിഭവങ്ങള്‍ക്ക് വലിയ നഷ്ടമാണ് എന്നാണര്‍ത്ഥം. ഈ മനസിലാക്കലാകണം ഒരു നവ ശൂദ്രദേശീയതയുടെ അന്തസത്തക്ക് രൂപം നല്‍കേണ്ടത്.
ബ്രാഹ്മണിസത്തിന്റെയും ബനിയകളുടെയും സമ്പദ്ഘടനയ്ക്ക് പുറത്ത് ഒരു ദേശീയരാഷ്ട്രീയം നിര്‍മ്മിക്കുന്നതിലേക്ക് നയിക്കുതായിരിക്കണം ശൂദ്രാവബോധത്തിന്റെ പുതിയ വിചാരമാതൃക. തങ്ങളുടെ ആത്മനിന്ദകളെ വലിച്ചെറിയുന്നതോടൊപ്പം തങ്ങളുടെ വര്‍ണത്തിനുള്ളിലെ ജാതികള്‍ തമ്മിലുള്ള ബന്ധങ്ങളെയും, അതിനുമപ്പുറത്ത് അടിച്ചമര്‍ത്തപ്പെടുന്ന ജാതികളും സമുദായങ്ങളും തങ്ങളും തമ്മിലുള്ള ബന്ധത്തെയും പുനര്‍നിര്‍വ്വചിക്കണം.
സ്വന്തം സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ചുരുക്കപ്പെടാതെ ദേശീയതലത്തില്‍ തങ്ങളുടെ വിശാലമായ അംഗസംഖ്യ പരിഗണിക്കപ്പെടണമെങ്കില്‍ ശൂദ്രര്‍ ആഭ്യന്തര വിവേചനങ്ങളെ കയ്യൊഴിഞ്ഞുകൊണ്ട് ഒരു വിശാല ഇന്ത്യന്‍ ശൂദ്രസ്വത്വത്തെ അവര്‍ക്ക് നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. ബ്രാഹ്മണിക്കല്‍ സിദ്ധാന്തത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശൂദ്രരുടെ കീഴവസ്ഥ ഒരു വര്‍ണമെന്ന സമുദായത്തിന് മൊത്തത്തില്‍ ബാധകമാണ്. അതുകൊണ്ട് അതിനെ മൊത്തത്തില്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കു, അല്ലാതെ ഓരോരോ ജാതികളുടെ അടിസ്ഥാനത്തില്‍ സാധ്യമല്ല.
ശൂദ്രാവബോധത്തിലുള്ള ഒരു മാറ്റം ദലിതരുള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ അവസ്ഥയിലും പ്രതിഫലിക്കും. തങ്ങളുടെ അപഹര്‍ഷസ്ഥാനത്തിന്റെ ദാര്‍ശനികാടിത്തറയെ നിരാകരിക്കുന്നതോടെ ശൂദ്രര്‍ക്ക് മറ്റ് ജാതിക്കാര്‍ തങ്ങളുടെ കീഴെയാണ് എന്ന വിശ്വസ അടിത്തറയെ തുടര്‍ന്നും വെച്ചുപുലര്‍ത്താന്‍ സാധിക്കില്ല. ഒരിക്കല്‍ അവര്‍ ബ്രാഹ്മണരുടെയും ബനിയകളുടെയും താല്‍പര്യങ്ങളെ സേവിക്കുന്നത് അവസാനിപ്പിച്ചാല്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഭീഷണിപ്പെടുത്തുന്നതില്‍ ഒരു നേട്ടവും അവര്‍ കാണില്ല. മറിച്ച് ബ്രാഹ്മണിസം ദ്രോഹിച്ച എല്ലാവരുമായും അണിചേരാന്‍ അവര്‍ക്ക് ധാരാളം കാരണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മാത്രവുമല്ല ബ്രാഹ്മണരുടെയും ബനിയകളുടെയും അധീശത്വത്തിനെതിരെ പോരാടുന്ന ദലിതരും ആദിവാസികളും മറ്റ് വിഭാഗങ്ങളും ഉയര്‍ത്തുന്ന അവകാശങ്ങള്‍ക്ക് എതിര്‍ നില്‍ക്കാകതിരിക്കല്‍ ശൂദ്ര ദേശീയതയുടെ ഭാഗമായിത്തീരും.
ശൂദ്രരുടെ ഇന്നത്തെ ആത്മനിന്ദയെയും ഒപ്പം ഇന്ത്യന്‍ ദേശീയത, ദേശീയരാഷ്ട്രീയം എന്നിവയുടെ അധീശരൂപത്തെയും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യകാലം മുതല്‍ തന്നെ ജനകീയ ദേശീയവികാരത്തിന്റെ ദിശ ആട്ടിത്തെളിച്ചിരുന്നത് ബ്രാഹ്മണരും ബനിയകളുമാണ്. ശൂദ്രരാകട്ടെ സ്വന്തം ബുദ്ധിജീവികളുടെ അഭാവത്തില്‍ അത്തരം വീക്ഷണങ്ങളെ വിമര്‍ശനാതീതമായി പിന്തുടര്‍ന്നു പോന്നു. രാജ്യത്തെ പടിച്ചുകുലുക്കുന്ന സാമൂഹ്യ അസമത്വത്തിന് അന്ത്യം കുറിക്കുന്ന പരിഷ്‌കരണത്തെ കൂടാതെ ദേശീയ യശസിനുവേണ്ടിയുള്ള ഏതൊരു ഉദ്യമവും ഉപയോഗശൂന്യമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് അംബേദ്ക്കര്‍ ഒരു വിയോജന ശബ്ദമുയര്‍ത്തിയിരുന്നല്ലോ. പക്ഷെ അദ്ദേഹത്തിന്റെ വീക്ഷണത്തെ നിശബ്ദമാക്കിക്കളഞ്ഞു.
ഹിന്ദുദേശീയതയെ, അത് കേവലം ബ്രാഹമണ-ബനിയ ദേശീയതയാണ് എന്ന് തിരിച്ചറിയാതെ ആവേശപൂര്‍വ്വം പിന്തുണക്കുന്നവരാണ് ഇന്ന് ശൂദ്രര്‍. ആര്‍.എസ്.എസിന്റെ ബ്രാഹ്മണപ്രത്യയശാസ്ത്രത്തിന്റെയും ബനിയ ഉടമസ്ഥതയിലുള്ള വന്‍കിട കോര്‍പ്പറേറ്റുകളിലേയ്ക്ക് ലാഭമൊഴുക്കുന്ന അവരുടെ സാമ്പത്തികനയങ്ങളുടെയും ആധ്യപത്യത്തെയാണ് ബി.ജെ.പിയുടെ ഹിന്ദുത്വം ഉറപ്പിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ സാമ്പത്തിക ബദലുകളൊന്നും മുന്നോട്ട് വെക്കാനില്ല. അതേസമയം അവരുടെ “മതനിരപേക്ഷ” ദേശീയത ബി.ജെ.പിയുടെ ബ്രാഹ്മണിക്കല്‍ ദേശീയതയോട് വളരെയധികം സാമ്യതയുള്ള ഒന്നുമാണ്. താനൊരു പൂണൂല്‍ ധരിച്ച ബ്രാഹ്മണനാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. ഇതിലൂടെ ആളുകളുടെ സ്നേഹം പിടിച്ച് പറ്റാം എന്നാണദ്ദേഹം ചിന്തിക്കുന്നത്.
ശൂദ്രര്‍ക്കുമേലുള്ള അടിച്ചമര്‍ത്തലിനും അവഗണനക്കും മുകളിലാണ് ഹിന്ദുദേശീയത കെട്ടിപ്പൊക്കിയിരിക്കുന്നത്. ഗോസംരക്ഷണരാഷ്ട്രീയം അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. പശുവിനെ ഒരു വിശുദ്ധമൃഗമാക്കുന്ന ആ സിദ്ധാന്തം ബ്രാഹ്മണരുടെ പണിയാണ്. അവര്‍ക്കൊരിക്കലും മൃഗങ്ങളെ മേക്കേണ്ടതുമില്ല അതിനെ സാമ്പത്തികമായി ആശ്രയിക്കേണ്ടതുമില്ല. ആ ഭാരം ശൂദ്രര്‍ക്കാണല്ലോ. എന്നാല്‍ മൃഗത്തിന്റെ വിശുദ്ധ പദവി നിര്‍മ്മിച്ചെടുക്കുന്നതില്‍ ശൂദ്രരുടെ അഭിപ്രായങ്ങള്‍നോക്കിയിട്ടില്ല. മോദി അധികാരത്തിലെത്തിയതുമുതല്‍ നടപ്പാക്കപ്പെട്ട കന്നുകാലി കശാപ്പ് നിരോധനം കന്നുകാലി സമ്പദ്ധഘടനയെ ആകെ തകര്‍ത്തുകളഞ്ഞു. കാരണം കര്‍ഷകര്‍ക്ക് സാമ്പത്തികാവശ്യങ്ങള്‍ക്കായി കന്നുകാലികളെ വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയെ തകര്‍ത്ത ആ ദുരന്തവും നിശബ്ദം ശൂദ്രര്‍ ഏറ്റുവാങ്ങി.
ഹിന്ദുദേശീയത ശൂദ്രര്‍ക്ക് നിഷ്‌ക്രിയത്വം അല്ലാതെ മറ്റൊന്നും നേടിക്കൊടുത്തില്ല. മോദി പ്രധാനമന്ത്രിയായ ശേഷം ബൗദ്ധിക, ആത്മീയ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളുടെ ഏറ്റവും ഉയര്‍ന്ന തട്ടുകള്‍ മുഖ്യമായും ബ്രാഹ്മണരുടെയും ബനിയകളുടെയും കൈകളിലാണ് നിലനില്‍ക്കുന്നത്. ശൂദ്രരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെയും ബനിയ മൂലധനത്തിന്റെയും ശക്തി കൂടുതലുറപ്പിക്കുകയാണ് ഹിന്ദു ദേശീയത നിര്‍വ്വഹിച്ചത്. ശൂദ്രരാകട്ടെ സ്വന്തം ചിലവില്‍ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
“ആരാണ് ശൂദ്രര്‍?” എന്ന കൃതിയില്‍ അംബേദ്ക്കര്‍ എഴുതുകയുണ്ടായി, “”സംസ്‌കാരമില്ലാത്ത, അഭിമാനമില്ലാത്ത, പദവികളില്ലാത്ത കീഴ്-വര്‍ഗ്ഗ ജനങ്ങളാണ്”” ശൂദ്രര്‍ എന്ന് ആവിഷ്‌കരിക്കുകയാണ് ബ്രാഹ്മണിസം ചെയ്യുന്നത്. ഈ ദുഃഖകരമായ വസ്തുതയെ മൗലികമായി മാറ്റിത്തീര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ കാലം മുതല്‍ നടന്ന ഒരു സംഭവത്തിനും സാധിച്ചില്ല. ഒരു നവ ശൂദ്ര അവബോധത്തിനു മാത്രമേ അതിനെ മാറ്റിപ്പണിയാന്‍ സാധിക്കു. അതുനുമാത്രമേ ശൂദ്രരെയും രാജ്യത്തെയും ഒരു മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനും സാധിക്കൂ.
(അവസാനിച്ചു)
(കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ‘Where are the Shudras? Why the Shudras are lost in today’s India’ എന്ന ദീര്‍ഘ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം)
വിവര്‍ത്തനം: ഷഫീക്ക് സുബൈദ ഹക്കീം