'അജിത് പവാറിന്റെ വീട്ടിലേക്കുള്ള വഴി ഇ.ഡി ഇപ്പോള്‍ മറന്നു, അവര്‍ ഉറക്ക ഗുളിക കഴിച്ച് മയങ്ങുകയാണ്'
കോലാപൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അതുവരെ തെറ്റുകാരായവര്‍ പുണ്യാളന്മാരാകുന്ന സമീപനമാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍.
ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് പിന്നീടൊരിക്കലും അന്വേഷണ ഏജന്‍സികളെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79ാം ജന്മദിനത്തില്‍ കോലാപൂരില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍.
‘ഒരാള്‍ തെറ്റ് ചെയ്താല്‍ അയാള്‍ തെറ്റുകാരനാണ്. ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് മാത്രം തെറ്റ് ശരിയാകില്ല. ഇ.ഡി പോലുള്ള അന്വേഷണ ഏജന്‍സികളെ അയച്ച്, ഭയപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍പ്പിക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്.
ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അവരുടെ എല്ലാ കുറ്റങ്ങളും പൊറുക്കുന്നു. അജിത് പവാറിന്റെ വീട്ടിലേക്കുള്ള വഴി ഇ.ഡി ഇപ്പോള്‍ മറന്നിരിക്കും. ഇപ്പോള്‍ ഇ.ഡി ഉറക്ക ഗുളിക കഴിച്ച് ഉറങ്ങുകയാണ്,’ കനയ്യ കുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ കുടുംബ വാഴ്ച ആരോപിക്കുന്നവര്‍ സ്വന്തം കാര്യത്തില്‍ അജ്ഞരാകുന്നത് എന്തുകൊണ്ടാണെന്നും കനയ്യകുമാര്‍ ചോദിച്ചു.
‘സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ ഒരു റെസ്റ്റോറന്റ് തുറക്കുന്നു. അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു. അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ സെക്രട്ടറിയാകുന്നത് എങ്ങനെയാണ്. എന്നിട്ടും ഇവര്‍ പറയുന്നത് രാഹുല്‍ ഗാന്ധി കുടുംബ വാഴ്ചയുടെ ഉദാഹരണമാണെന്നാണ്.
കോണ്‍ഗ്രസിലെ സ്വജനപക്ഷപാതത്തിന്റെ ഉദാഹരമായിട്ടാണ് ജ്യോതിരാദിത്യ സിന്ധ്യയെ അവര്‍ ഉദാഹരിച്ചിരുന്നത്. എന്നാല്‍ സിന്ധ്യ ബി.ജെ.പിയിലെത്തുമ്പോള്‍ വിശുദ്ധനാകുന്നു,’ കനയ്യ കുമാര്‍ പറഞ്ഞു.
എന്ത് വ്യാജവും പ്രചരിപ്പിക്കുന്ന വലിയ സംവിധാനം ബി.ജെ.പിക്കുണ്ടെന്നും അതിലൂടെ അവാസ്തവമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി വ്യാജം പ്രചരിപ്പിക്കുന്ന വലിയ സംവിധാനം അവര്‍ക്കുണ്ട്. അവര്‍ നിങ്ങള്‍ക്ക് എന്തും വിതരണം ചെയ്യും. എന്ത് കള്ളവും പറയും. രാജ്യത്ത് മുസ്‌ലിങ്ങളുടെ എണ്ണം കൂടിവരികയാണ്, കുറച്ച് സമയത്തിനുള്ളില്‍ അവരുടെ സര്‍ക്കാര്‍ വരും, ശരിയത്ത് നിയമം നടപ്പാക്കും. അങ്ങനെയൊക്കെ പറഞ്ഞ് ഭയപ്പെടുത്താനും ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കും,’ കനയ്യ പറഞ്ഞു.
Content Highlight: Kanayya kumar said that after joining the BJP, there is an attitude that those who were wrong till then become saints