വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത സംസ്‌കാരവും ചരിത്രവും സംരക്ഷിക്കുക, അവ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ.ജെ. ബേബി ആരംഭിച്ചതാണ് ‘കനവ്’ എന്ന ഗുരുകുല രീതിയിലുള്ള സ്‌കൂള്‍. ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ആരംഭിച്ച ഈ സ്‌കൂളിനെക്കുറിച്ച് പറയുന്ന ‘കനവ് -ദ ഡ്രീം’ എന്ന ഡോക്യുമെന്ററി നടന്‍ മമ്മൂട്ടി പുറത്തിറക്കി.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഡോക്യുമെന്ററി റിലീസ് ചെയ്തത്.
നടന്‍ ഷെബിന്‍ ബെന്‍സന്റെ അനിയനും മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനുമായ നെബിഷ് ബെന്‍സണാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
വടക്കന്‍ കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളെക്കുറിച്ചും അവരുടെ കലയും സംസ്‌കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നുണ്ട്.
കാടിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററിയില്‍ വിവിധ ഗോത്ര വിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ഭാഷയിലും ചരിത്രത്തിലും നിലനില്‍ക്കുന്ന വൈവിധ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
‘കനവ്’ ഫൗണ്ടേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഗോത്ര വിഭാഗങ്ങളുടെ എഴുതപ്പെടാത്ത ജീവിതവും ചരിത്രവും നഷ്ടപ്പെട്ട് പോകാതെ ‘കനവ്’ സംരക്ഷിക്കുന്നതിനെ കുറിച്ചുമാണ് ഡോക്യുമെന്ററി പറയുന്നത്. വയനാട്ടില്‍ നിന്നുള്ള സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ ലീല സന്തോഷാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.
വാമൊഴിയിലൂടെ മാത്രം പകര്‍ന്നുകിട്ടിയ തങ്ങളുടെ ഗോത്രത്തിന്റ സംസ്‌കാരവും കലയും പിന്തുടരുന്ന പഴയ തലമുറയെയും മൊബൈല്‍ ഗെയിം കളിച്ച് നടക്കുന്ന ഗോത്ര വിഭാഗങ്ങളിലെ പുതിയതലമുറയെയും ഡോക്യുമെന്ററി ചിത്രീകരിക്കുന്നു. ഇവിടെയാണ് ‘കനവ്’ പോലുള്ള സ്‌കൂളുകളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത്.