Film News
സമയമായി.... ചാപ്റ്റര്‍ വണ്ണിന്റെ റിലീസ് തിയതി അറിയിച്ച് കാന്താര ടീം, വിജയ്‌യുമായി ക്ലാഷ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കി സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 17, 04:43 pm
Sunday, 17th November 2024, 10:13 pm

കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു 2022ല്‍ റിലീസായ കാന്താര. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എല്ലാ ഇന്‍ഡസ്ട്രികളെയും അമ്പരപ്പിച്ച ഹിറ്റായി മാറി. കര്‍ണാടകയില്‍ കെ.ജി.എഫ് 2 നേടിയ കളക്ഷന്‍ കാന്താര തകര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. കന്നഡയില്‍ വന്‍ വിജയമായ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയിരുന്നു.

മൂന്ന് തലമുറകളിലെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത സിനിമാനുഭവമായിരുന്നു സമ്മാനിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിനൊപ്പം കര്‍ണാടകയിലെ പ്രാദേശിക കലാരൂപമായ ഭൂതക്കോലവും കൂടി ചേര്‍ത്തപ്പോള്‍ ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി കാന്താര മാറി. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ കാന്താരയുടെ പ്രീക്വല്‍ കൂടി അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും റിഷബിനെ തേടിയെത്തിയിരുന്നു.

കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആദ്യഭാഗത്തെപ്പോലെ പാന്‍ ഇന്ത്യന്‍ റിലീസായി തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ആദ്യഭാഗത്തിലെ കഥ തുടങ്ങുന്നതിന് മുമ്പുള്ള കാര്യങ്ങളാണ് ചാപ്റ്റര്‍ വണ്ണിലെ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. റിഷബ് ഷെട്ടിക്ക് പുറമെ മലയാളി താരം ജയറാമും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നേരത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഭാഗമാകുമെന്ന് റൂമറുകളുണ്ടായിരുന്നു.

എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററിലെത്തുന്ന വിജയ് ചിത്രം ദളപതി 69നും ഇതേ ഡേറ്റില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളപതി 69ന് ശേഷം മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ ചിത്രത്തിന് മേല്‍ വന്‍ പ്രതീക്ഷയാണ് സിനിമാലോകം വെച്ചുപുലര്‍ത്തുന്നത്.

തീരന്‍ അധികാരം ഒന്‍ട്ര്, വലിമൈ, നേര്‍ക്കൊണ്ട പാര്‍വൈ, തുനിവ് തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ എച്ച്. വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍. മലയാളി താരം മമിത ബൈജുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൂജ ഹെഗ്‌ഡേ, പ്രിയാമണി, പ്രകാശ് രാജ് നരെയ്ന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളില്‍ വിജയ് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Kanatara Chapter one announced its release date