| Monday, 9th April 2018, 10:39 am

ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദളിത് ഹര്‍ത്താലില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം പറഞ്ഞു.

ഹര്‍ത്താലിനിടെ ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍വെച്ചാണ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിലും ഉള്ള്യേരിയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കണ്ണൂര്‍ പുതിയതെരുവിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

വെറുതേ നിന്ന ഞങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നുമാണ് ഗീതാനന്ദന്‍ പറയുന്നത്. വാഹനങ്ങള്‍ തടയുകയോ പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

ഗീതാനന്ദനു പുറമേ സി.എസ് മുരളി ശങ്കര്‍, അഡ്വ. പി ജെ മാനുല്‍, വി.സി ജെന്നി, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങി ദളിത് , മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എറണാകുളത്ത് അറസ്റ്റിലായത്. വടകരയില്‍ ശ്രേയസ് കണാരന്‍, സ്റ്റാലില്‍ വടകര, ആര്‍.കെ ബാബു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വടകരയിലും പത്തനംതിട്ടയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസാണ് തടഞ്ഞത്. ആദ്യ മണിക്കൂറില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ വാഹനഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സമരാനുകൂലികള്‍ രാവിലെ വാഹനങ്ങള്‍ തടയുകയായിരുന്നു. കേരള യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഇന്നു തന്നെ പരീക്ഷ നടത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു.

ഹര്‍ത്താലിന് യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more