| Thursday, 2nd July 2015, 8:41 pm

അധികാരത്തിന്റെ സുഖത്തെക്കുറിച്ച് സി.പി.ഐയോട് പറയരുത്: വീക്ഷണത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത വീക്ഷണത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരത്തിന്റെ സുഖത്തെക്കുറിച്ച് സി.പി.ഐയോട് പറയരുതെന്ന് അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫ് രൂപീകരിക്കാനായി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പ്രസ്ഥാനമാണ് സി.പി.ഐയെന്നും അതുകൊണ്ട് അധികാരത്തിന്റെ സുഖത്തെക്കുറിച്ച് സി.പി.ഐയോട് പറയരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ സി.പി.ഐക്കുറിച്ച് പറഞ്ഞതിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

വീക്ഷണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടീ നിലപാടുകളെക്കുറിച്ച് വലിയ വീക്ഷണമില്ലെന്നുമാത്രമാണ് എഴുതിയതിനെക്കുറിച്ച് പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നിന്നും പാഠം ഉള്‍ക്കണ്ട്  സി.പി.ഐ ഇടതുമുന്നണിയില്‍ നിന്നും രക്ഷപ്പെട്ട് ഐക്യമുന്നണിയിലേക്ക് വരണമെന്നായിരുന്നു വീക്ഷണം എഡിറ്റോറിയലില്‍ പറഞ്ഞിരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം വായിച്ചു . സി.പി.ഐയെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദി . പക്ഷെ വീക്ഷണത്തിന് കമ്മ്യുണിസ്റ്റ് പാര്ടി നിലപാടുകളെ കുറിച്ച് വലിയ വീക്ഷണമില്ല എന്ന് മാത്രമേ എഴുതിയതിനെ കുറിച്ച് പറയാനുള്ളൂ.

വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണ കൂടം ആണ് ഇന്ന് രാജ്യം ഭരിക്കുന്നത് .അവര്‍ക്ക് അധികാരത്തിലേക്കുള്ള പാത ഒരുക്കി കൊടുത്തത് കോണ്‍ഗ്രസ് ആണ് .കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായ അഴിമതി  സ്വജന പക്ഷപാതം വിലക്കയറ്റം എന്നിവയില്‍ മനം മടുത്ത് ആണ് ജനങ്ങള്‍ ബി.ജെ.പി ക്ക് വോട്ട് നല്‍കിയത്.

കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്ക്കാര് പിന്തുടരുന്നത് അഴിമതിയുടെ ആ പാത തന്നെ ആണ്. അരുവിക്കര ഉപതെരെഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിനു തന്ന ബഹുമതി ആണെന്ന് വീക്ഷണം തെറ്റിധരിക്കരുത് . അരുവിക്കര തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇടതുമുന്നണിയും ,കമ്മ്യുണിസ്റ്റ് പാര്ടിയും വിലയിരുത്തും.

തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും . ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പ്രസ്ഥാനം ആണ് സി.പി.ഐ.അത് കൊണ്ട് അധികാരത്തിന്റെ സുഖത്തെ കുറിച്ച് ദയവു ചെയ്തു ഞങ്ങളോട് പറയരുത് എന്ന് വിനയത്തോടെ വീക്ഷണത്തെ ഓര്‍മ്മപ്പെടുത്തുന്നു . വര്ഗീയതക്കും അഴിമതിക്കും എതിരെയുള്ള ശരിയായ ബദല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആണ് എന്ന് സി.പി.ഐ വിലയിരുത്തിയിട്ടുണ്ട് . അത് മാറ്റേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ല.

Latest Stories

We use cookies to give you the best possible experience. Learn more