വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളായ അലനും താഹയും പ്രതികളായ പന്തീരാങ്കാവ് കേസില്‍ യു.എ.പി.എ ചുമത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.എ.പി.എ കരിനിയമമാണെന്നും ഇടതു പാര്‍ട്ടികള്‍ എല്ലാക്കാലത്തും യു.എ.പി.എയ്‌ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നതെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകള്‍ കൊണ്ടല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.ഐ.എ അന്വേഷിക്കുന്ന കേസ് നിയമപരമായി സംസ്ഥാന സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കാനോ തെളിവില്ലെങ്കില്‍ തള്ളാനോ സാധിക്കുമെന്നും കാനം പറഞ്ഞു. കോടതികള്‍ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിന് പകരം ഫാസിസ്റ്റു നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്തീരാങ്കാവ് കേസില്‍ യു.എ.പി.എ ചുമത്തിയ നടപടിയില്‍ കാനം ഇതിനുമുമ്പും വിമര്‍ശിച്ചിരുന്നു. കേരളത്തിലെ മാവോയിസ്റ്റുകളെ പൊലീസ് കെട്ടിച്ചമക്കുന്നതാണെന്നും മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്ര ഫണ്ടാണ് പൊലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ നിയമത്തിന്റെ കാര്യത്തില്‍ എന്‍.ഐ.എയ്ക്കും കേരള പൊലിസിനും ഒരേ നിലപാടാണെന്നും കാനം പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പന്തീരാങ്കാവ് കേസില്‍ പൊലിസ് എഫ്.ഐ.ആറിന്റെ കോപ്പി കണ്ടതാണ്. അതില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് ഡബിള്‍ സിം ഉള്ള മൊബൈല്‍ കണ്ടെടുത്തു എന്നാണ് പറഞ്ഞിട്ടുള്ളത്. പൊലിസ് പറഞ്ഞാല്‍ മാത്രം ഒരാള്‍ മാവോവാദിയോ നിരപരാധിയോ ആകുന്നില്ല, അതിന് തെളിവല്ലേ വേണ്ടതെന്നും കാനം ചോദിച്ചിരുന്നു.
പുസ്തകങ്ങള്‍ കൈവശം വെച്ചു എന്നു കാണിച്ച് തീവ്രവാദിയായി മുദ്രകുത്തുന്നത് ശരിയായ നടപടിയല്ലെന്നും നമ്മുടെ വീടുകളിലും ലൈബ്രറികളിലും ബൈബിളും ഖുര്‍ആനും മഹാഭാരതവും മാത്രമാണോ ഉള്ളതെന്നും കാനം ചോദിച്ചിരുന്നു. വായിക്കുന്നവരുടെ കൈയില്‍ എല്ലാ വിഭാഗം എഴുത്തുകാരുടെയും പുസ്തകങ്ങള്‍ കാണുമെന്നും കാനം മുമ്പ് പറഞ്ഞിരുന്നു.