തിരുവനന്തപുരം:മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി കോഴിക്കോടുണ്ടായ സമയത്തുതന്നെ യു.എ.പി.എ ചുമത്തിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ കരിനിയമമാണെന്ന നിലപാടില്‍നിന്ന് മാറ്റമില്ലെന്നും കാനം വ്യക്തമാക്കി.
അതേസമയം, നടപടി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഐ.ജി അശോക് യാദവ്.യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും ഐജി പറഞ്ഞു. യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് ഐ.ജി പന്തിരാങ്കാവ് സ്റ്റേഷനില്‍ എത്തിയത്.
യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ പ്രതിഷേധവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞിരുന്നു.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളും സി.പി.ഐ.എം പ്രവര്‍ത്തകരുമായ രണ്ട് യുവാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.
അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂവായിരുന്നെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.