കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറെന്ന് ഇ.പി. ജയരാജന്‍; മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ടെന്ന് കാനം
Kerala News
കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറെന്ന് ഇ.പി. ജയരാജന്‍; മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ടെന്ന് കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 1:13 pm

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുന്നണി വിപുലീകരണത്തിന് എല്‍.ഡി.എഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും പുതുതായി ചുമതലയേറ്റ ഇ.പി. ജയരാജന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താനില്ലെന്നും കാനം വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ഇടതുമുന്നണിയിലേക്ക് വരുന്നതനുസരിച്ച് അവര്‍ ആലോചിക്കട്ടെ, ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോണ്‍ഗ്രസിന്. പി.സി. ചാക്കോ എവിടെയാണ്, കെ.വി. തോമസ് എവിടെയാണ്, ബി.ജെ.പി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സി.പി.ഐ.എം സ്വീകരിക്കും, അതാണ് അടവുനയം. കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി കൂടുതല്‍ ശക്തിപ്പെടും. അതൊരു മനുഷ്യമഹാപ്രവാഹമായി മാറും.

മുന്നണി വിപുലികരണം എല്‍.ഡി.എഫിന്റെ പദ്ധതിയിലുള്ള കാര്യമാണ്. 50 ശതമാനം വോട്ടുകള്‍ നേടുന്ന മുന്നണിയായി എല്‍.ഡി.എഫിനെ വളര്‍ത്തുകയാണ് ലക്ഷ്യം. ആര്‍.എസ്.പിക്കും ഇക്കാര്യത്തില്‍ പുനര്‍ചിന്തനമാകാം,’ ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇടതുമുന്നണിയിലേക്ക് പോവേണ്ട ഗതികേട് ലീഗിനില്ലെന്നായിരുന്നു കെ.പി.എ മജീദ് പ്രതികരിച്ചത്. അത് ലീഗിന്റെ അജണ്ടയില്‍ പോലുമില്ല, ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ലീഗ് ക്ഷീണിച്ചുപോകില്ല, വളരുകയേയുള്ളുവെന്നും കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു.

Content Highlights: Kanam Rajendran says against EP Jayarajan’s statement about muslim league