തിരുവനന്തപുരം: തെറ്റായ കാര്യങ്ങളില്‍ പ്രതികരിച്ച് വിവാദമുണ്ടാക്കേണ്ടെന്ന് വിചാരിച്ചാകാം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാത്തതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചെല്ലാം മുഖ്യമന്ത്രി ജനങ്ങളോട് സംവദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മാസമായി മുഖ്യമന്ത്രി എന്തുകൊണ്ട് മാധ്യമങ്ങളെ കാണുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാനം.
‘മുഖ്യമന്ത്രി അത്യാവശ്യം കാര്യങ്ങളിലൊക്കെ പ്രതികരിക്കാറുണ്ടല്ലോ. ഈ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കാറുണ്ട്. ഒരുപക്ഷേ നിങ്ങള്‍(മാധ്യമങ്ങള്‍) പറയുന്നതില്‍ മറുപടി പറഞ്ഞിട്ടുണ്ടാകില്ല. അത് അദ്ദേഹം അവഗണിച്ചു എന്ന് കണക്കാക്കാ.
നിങ്ങള്‍ പറയുന്ന തെറ്റായ കാര്യങ്ങളെ അവഗണിച്ചാല്‍ പിന്നെ വിവാദം ഉണ്ടാക്കേണ്ടതില്ലല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം ഉണ്ടാവുകയുള്ളു, ഒറ്റ കൈ അടിച്ചാല്‍ ശബ്ദം ഉണ്ടാകില്ലല്ലോ. അതുകൊണ്ട് ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് വിചാരിച്ചോ,’ കാനം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സഹകരണ മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നിയമം കുറച്ചുകൂടി കര്‍ക്കശമാക്കുമ്പോള്‍ അത് ശരിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതപ്പള്ളി തെരഞ്ഞെടുപ്പ് പരാജയം എല്‍.ഡി.എഫിനേറ്റ തിരിച്ചടിയല്ലെന്നും തുടരെ തുടരെ കോണ്‍ഗ്രസ് ജയിച്ച ഒരു സ്ഥലത്ത് വീണ്ടും അവര്‍ ജയിക്കുന്നതില്‍ അത്ഭുതമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാരില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തല്‍ അദ്ദേഹം കാര്യമായി പ്രതികരിച്ചില്ല. സി.പി.ഐ എല്ലാ മാസവും മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ വിലയിരുത്താറുണ്ടെന്ന് മാത്രമാണ് ഈ ചോദ്യത്തനുള്ള മറുപടി നല്‍കയിത്.