| Wednesday, 16th December 2020, 6:44 pm

ജോസ് കെ.മാണിയുടെ കേരളാ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടിയാണ് സി.പി.ഐ; കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയത്തെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. ജോസ് കെ. മാണിയുടെ കേരളാ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടിയാണ് സി.പി.ഐ എന്നാണ് അദ്ദേഹം പറഞ്ഞത്.

ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവര്‍ വോട്ട് ചെയ്തത്. അല്ലാതെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങള്‍ക്കല്ല. എല്‍.ഡി.എഫ് വിജയത്തെ വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത് പറയാനാണ്, കാനം പറഞ്ഞു.

ഇടതുപക്ഷത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളുടെ വിധിയെഴുത്ത് തിരിച്ചറിഞ്ഞ് സര്‍ക്കാരിനെതിരായ അപവാദ പ്രചരണങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ കോട്ടയത്തെ ഇടതുപക്ഷത്തിന്റെ വിജയം മുന്നണിയിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും പറഞ്ഞിരുന്നു. ജില്ലയിലെ വിജയം ജോസ് കെ. മാണിയുടെ വിജയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണിയെ പാര്‍ട്ടിയിലേക്കെടുത്ത തീരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കോട്ടയത്തെ വിജയം എല്‍.ഡി.എഫിലെ ഓരോ ഘടകകക്ഷിയുടെയും വിജയമാണ്. അല്ലാതെ വിജയത്തെ തരംതിരിച്ച് അവകാശപ്പെടുന്നതിനോട് യോജിപ്പില്ല. ഈ വിജയം നേരത്തെ മുന്നില്‍ കണ്ടതാണ്. അത്രയധികം കാര്യങ്ങള്‍ ജനങ്ങള്‍ക്കായി മുന്നണി ചെയ്തിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

അതേസമയം ജോസ് കെ.മാണി മുന്നണിയിലേക്ക് എത്തിയത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനെ അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ജോസ്.കെ മാണി ഇടതു മുന്നണിയില്‍ എത്തുന്നത്. കേരളമാകെ ചര്‍ച്ച ചെയ്ത രാഷ്ട്രീയ നീക്കമായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍.ഡി.എഫിലെത്തിയത്. പാലായില്‍ ജോസ്.കെ മാണി-എല്‍.ഡി.എഫ് കൂട്ടുകെട്ടിന്റെ വിജയം പി.ജെ.ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും കനത്ത പ്രഹരമാകും.

കേവലം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കെ.എം മാണിയുടെ പാര്‍ട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ ജോസ്.കെ മാണി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kanam Rajendran Response On Local body Election

We use cookies to give you the best possible experience. Learn more