'ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത'; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍
Kerala News
'ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത'; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2020, 6:13 pm

ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മുഖമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ പരാമര്‍ശിക്കാതെ പ്രസംഗിച്ചതില്‍ പ്രത്യക്ഷ പോരിലെത്തിയിരിക്കുകയാണ് സി.പി.ഐ.എമ്മും സി.പി.ഐയും. താന്‍ തന്റെ ഔചിത്യമനുസരിച്ചാണ് പ്രസംഗിച്ചതെന്നും വിമര്‍ശിക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നും ഭൂപരിഷ്‌കരണം ആദ്യഘട്ടം നടപ്പിലാക്കിയത് ഇ.എം.എസ് ആണെന്നും പിണറായി വിജയന്‍ വെള്ളിയാഴ്ച കണ്ണൂരില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍.

ഭൂപരിഷ്‌കരണം ഇന്നത്തെ നിലയിലാക്കിയത് സി.അച്യുതമേനോനാണെന്ന് കാനം പറഞ്ഞു. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമത്തിന് സംരക്ഷണം നല്‍കി. പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല. ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേപം പറഞ്ഞു. അറിയില്ലാത്തവര്‍ ചരിത്രം ശരിക്കും വായിച്ചുപഠിക്കണം. ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇത് ചരിത്രം അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ പഠിക്കാത്തതുകൊണ്ട്. ചരിത്രം സാവകാശം ഇരുന്ന് പഠിച്ച് മനസ്സിലാക്കിയാല്‍ ഇത്തരമൊരു ആരോപണമോ ആക്ഷേപമോ ഉന്നയിക്കാനാകില്ല എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂപരിഷ്‌കരണം നടപ്പാക്കിയത് സംബന്ധിച്ച് മറക്കരുതാത്ത മറ്റൊരു പേരുണ്ട്. അത് എ.കെ.ജിയുടേതാണ്. എ.കെ.ജിയുടെ സമരപ്രഖ്യാപനം കൊണ്ടുകൂടിയാണ് ഭൂപരിഷ്‌കരണം ഐക്യകേരളത്തില്‍ നടപ്പായത്. അതും പരാമര്‍ശിച്ചു. അതില്ലെങ്കില്‍ നീതികേടായേനെ. അതില്‍ എന്താണ് തെറ്റെന്നും പിണറായി വിജയന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്നും സി.അച്യുതമേനോനെ ഒഴിവാക്കിയതിനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗം എഴുതിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ