കോഴിക്കോട്: മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ പ്രതിനിധികളായ നാലു മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. സി.പി.ഐ വിട്ടുനിന്നതിന്റെ കാരണം നിരത്തിക്കൊണ്ട് അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിയ്ക്കു വഴിവെച്ചതെന്നാണ് ജനയുഗം എഡിറ്റോറിയലിലൂടെ കാനം വിശദീകരിക്കുന്നത്.
അസാധാരണ സാഹചര്യം എന്ന പരാമര്‍ശത്തെ കാനം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ” കഴിഞ്ഞ ദിവസത്തെ കേരളാ ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയില്‍ തുടര്‍ന്നുള്ള നിലനില്‍പ്പിന്റെ സാധുതയെയാണ് ചോദ്യം ചെയ്തത്. സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി ഒരു മന്ത്രിസഭാംഗം നല്‍കിയ ഹര്‍ജി ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാറിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ല. വസ്തുത ഇതായിരിക്കെ കോടതിയുടെ രൂക്ഷമായ പരാമര്‍ശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമായി. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയെന്ന അസാധാരണ നടപടിയിലേക്ക് സി.പി.ഐയെ നയിച്ചത്.”
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണങ്ങളുടെ തുടര്‍ന്നുള്ള നടപടികളും ജനങ്ങള്‍ എല്‍.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അത് വിമര്‍ശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണെന്നും ആ തിരിച്ചറിവാണ് സി.പി.ഐയെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചതെന്നും കാനം വിശദീകരിക്കുന്നു.
Also Read:നിയമസഭാ സമ്മേളനം ‘കട്ട്’ ചെയ്ത് എം.എല്‍.എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ
ലേക് പാലസ് റിസോര്‍ട്ടിനെതിരെ ഉയര്‍ന്നിട്ടുള്ള കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ നാളിതുവരെ നടന്ന അന്വേഷണങ്ങള്‍ തോമസ് ചാണ്ടിയെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഭംഗംവരുത്തുന്ന യാതൊരു നടപടിക്കും റവന്യൂ വകുപ്പ് മുതിര്‍ന്നില്ല.
നിയമപരമായ എല്ലാ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്തിയശേഷവും എല്‍.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങള്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കര്‍ശനമായ നിലപാടുകളിലേയ്ക്ക് നീങ്ങാന്‍ സി.പി.ഐ നിര്‍ബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് അസാധാരണവും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കേണ്ടെന്നു പാര്‍ട്ടി തീരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കത്തുനല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.