| Tuesday, 29th October 2019, 11:06 am

'ആ നിലപാടില്‍ മാറ്റമില്ല'; പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലക്കാട് നടന്നത് എന്താണെന്ന് അറിയില്ലെന്നും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.

അഗളിമലയില്‍ മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം ഇന്നലെ രംഗത്തെത്തിയിരുന്നു.

മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ലെന്നും എന്നാല്‍ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അതു പരിഹരിക്കാമെന്ന വലതുപക്ഷ വഴി സി.പി.ഐയും സി.പി.ഐ.എമ്മും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വഴിതെറ്റിപ്പോയ സഖാക്കളെന്നാണ് ബിനോയ് വിശ്വം മാവോയിസ്റ്റുകളെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

കേരളാ പൊലീസിലെ ചിലര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയത്തിനു കളങ്കം ചാര്‍ത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ സര്‍ക്കാരിനു ദുഷ്പേരുണ്ടാക്കാന്‍ അവര്‍ക്കു പ്രത്യേക മാനുവലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെ അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരണപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല.

മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചില്‍ നടത്തിയത്.

We use cookies to give you the best possible experience. Learn more