| Friday, 8th December 2023, 5:55 pm

കാനം രാജേന്ദ്രന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കാനം. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

അടുത്തിടെ കാല്‍പ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി അദ്ദേഹം ചികിത്സയിലായിരുന്നു.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന കാനത്തിന്റെ അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10ന് ജനിച്ച രാജേന്ദ്രന്‍ എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നത്.

ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2015 മുതല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ആയി. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമാണ്.

Content Highlight: Kanam Rajendran passes away

We use cookies to give you the best possible experience. Learn more