തോമസ് ചാണ്ടി ചെയ്തത് തെറ്റ്; മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍
Daily News
തോമസ് ചാണ്ടി ചെയ്തത് തെറ്റ്; മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2017, 5:38 pm

കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ എന്‍.സി.പി നേതൃത്വത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് നിലപാട് സ്വീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് കാനം നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.


Also Read: തോമസ് ചാണ്ടിയുടെ രാജി ദേശീയനേതൃത്വം തീരുമാനിക്കും; മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്ന് എന്‍.സി.പി


മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നും അദ്ദേഹത്തിനുണ്ടായ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു. അതുപ്രകാരം മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളും. സി.പി.ഐയ്ക്ക് പറയാനുള്ളത് ഒരു മടിയും കൂടാതെ മുന്നണി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.


Dont Miss: റാഗിംഗ് പടികടന്ന് വിവാഹ വീട്ടിലും


അതേസമം തോമസ് ചാണ്ടിയുടെ രാജി ദേശീയനേതൃത്വം തീരുമാനിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററും പറഞ്ഞു. ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല രാജി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാജിക്കാര്യത്തില്‍ സംസ്ഥാന നേതൃയോഗത്തിലുണ്ടായ പൊതുതീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് പറഞ്ഞ പീതാംബരന്‍ മാസ്റ്റര്‍ എന്നാല്‍ പൊതുവികാരമെന്താണെന്ന് വ്യക്തമാക്കാന്‍ തയാറായതുമില്ല. മന്ത്രിക്കെതിരെ കോടതി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പാര്‍ട്ടി മന്ത്രിക്കൊപ്പമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ പൊതുവികാരമുയര്‍ന്നതായാണു റിപ്പോര്‍ട്ട്. മന്ത്രിയുടെ രാജിക്കായി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതൃത്വം.