തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാരല്ല അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹിന്ദു ധര്‍മത്തില്‍ പ്രാവീണ്യമുള്ളവരാണ് സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
ആചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും അവസാന തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ല. ഹിന്ദുധര്‍മത്തില്‍ പ്രാവീണ്യമുള്ള ആളുകളെ വെച്ച് ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞ് വിധി പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഒറിജിനല്‍ പെറ്റീഷനില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട് അത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വത്തില്‍ മറ്റ് പാര്‍ട്ടികളും നിലപാട് വ്യക്തമാക്കട്ടെയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസിലെ ആള്‍പ്പയറ്റ് എന്ന പരിപാടിയിലായിരുന്നു കാനത്തിന്റെ പ്രതികരണം. എന്‍.കെ പ്രേമചന്ദ്രനും കാനവും തമ്മിലുള്ള സംവാദത്തിന്റെ ഈ എപ്പിസോഡ് ഇന്ന് രാത്രി സംപ്രേഷണം ചെയ്യുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചു.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് നേരത്തെ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ അതൊന്നും ജനങ്ങളുടെ മനസിലില്ല,’ എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.
എന്നാല്‍ കടകംപള്ളിയുടെ ഖേദപ്രകടനത്തെ സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനം തള്ളിയിരുന്നു.
‘അതിന്റെ കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അദ്ദേഹം പിന്നെ പറഞ്ഞത് എന്തിനായിരുന്നു എന്ന് ഞാന്‍ ചോദിക്കാന്‍ പോയിട്ടുമില്ല. ശബരിമല വിഷയത്തില്‍ ഈ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ നമ്മള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതുള്ളു. കടകംപള്ളി സുരേന്ദ്രനെ അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിലേക്ക് നയിച്ച കാര്യമെന്താണെന്ന് വ്യക്തമല്ല,’ പിണറായി വിജയന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kanam Rajendran on Sabarimala women entry