| Saturday, 17th November 2018, 11:31 am

ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം: കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുറിയിപ്പുണ്ടെന്നും കാനം പറഞ്ഞു.

കര്‍ശന സാഹചര്യമുള്ള സ്ഥലത്ത് ചിലപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരുമെന്നും കാനം വ്യക്തമാക്കി. ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നട അടച്ചതിന് ശേഷം മല കയറിയതുകൊണ്ടാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നും കാനം പറഞ്ഞു.

പൊലീസ് നിര്‍ദേശം മറികടന്ന് സന്നിധാനത്തെത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മരക്കൂട്ടത്ത് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്ത ശശികലയെ പുലര്‍ച്ചയോടെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ശശികല ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഉപവാസമിരിക്കുകയാണ്. അറസ്റ്റിനെതിരെ റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more