"ആരാണ് സ്വര്‍ണ്ണം അയച്ചതെന്നതിനെ കുറിച്ച് ആറ് മാസമായിട്ടും ഒരു തുമ്പുമില്ലല്ലോ, ആരേയും ചോദ്യം ചെയ്തില്ലല്ലോ"?; ബി.ജെ.പി ശ്രമിക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കാനം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ദേശീയ ഏജന്‍സിയ്ക്ക് എത്ര മന്ത്രിമാരെ വേണേലും ചോദ്യം ചെയ്യാലോ? 19 മന്ത്രിമാരേയും ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ താഴെ വീഴില്ലേ’, കാനം ചോദിച്ചു.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് ദേശീയ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. അതിലേറ്റവും കൂടുതല്‍ അനുഭവിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്
ആ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി ബി.ജെ.പിയോടൊപ്പം കൂട്ടുചേര്‍ന്ന് ശ്രമം നടത്തുന്നതെന്നും കാനം ആരോപിച്ചു.
‘പ്രതിപക്ഷസമരത്തെ ഖുര്‍ആന്‍ വിരുദ്ധസമരമെന്ന് സി.പി.ഐ.എം ആക്ഷേപിച്ചിട്ടില്ല. മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ് അത്. ഖുര്‍ആന്‍ കൊണ്ടുവരുന്നത് ഇത്രവലിയ കുഴപ്പമാണോ എന്നാണ് കോടിയേരി ദേശാഭിമാനി ലേഖനത്തില്‍ ചോദിച്ചത്.’, കാനം പറഞ്ഞു.
30 കിലോ സ്വര്‍ണ്ണം അയച്ചു എന്ന കേസില്‍ ആരാണ് സ്വര്‍ണ്ണം അയച്ചതെന്നതിനെ കുറിച്ച് ആറ് മാസമായിട്ടും ഒരു തുമ്പുമില്ലല്ലോ. അവരെയാരും ചോദ്യം ചെയ്തില്ലല്ലോ- കാനം ചോദിച്ചു.
കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണ്ണം വന്നതെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അങ്ങേയറ്റത്ത് നടക്കുന്ന കാര്യങ്ങള്‍ ഒന്നും അന്വേഷിച്ചിട്ടില്ല. ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് ഈ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കാനം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഭരണഘടനാപരമായ ചട്ടം മുന്‍നിര്‍ത്തിയാണെന്നും അതിനര്‍ത്ഥം അവര്‍ക്ക് തോന്നിയപോലെ കാര്യങ്ങള്‍ ചെയ്യാം എന്നല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക