ഷര്‍ട്ട് മാറ്റുന്നതുപോലെ ശൈലി മാറ്റാനാവില്ല: പിണറായി വിജയന്‍ മാറിയാല്‍ പോയ വോട്ട് തിരിച്ചുവരുമോയെന്നും കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് വാശി പിടിക്കുന്നത് മാധ്യമങ്ങളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഷര്‍ട്ടൂരുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോയെന്നും കാനം ചോദിച്ചു.
‘ഇനി പിണറായി വിജയന്‍ ശൈലി മാറ്റിയെന്നിരിക്കട്ടെ, പോയ വോട്ട് തിരിച്ചുവരുമോ?’ എന്നും കാനം ചോദിച്ചു.
പത്തന്‍പത് വര്‍ഷമായി സജീവമായി രാഷ്ട്രീയത്തിലുള്ള ആളാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും കാനം പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാടല്ല തോല്‍വിക്കു കാരണമായത്. ശബരിമല വിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാടിനെയാണ് ജനങ്ങള്‍ അനുകൂലിച്ചതെങ്കില്‍ ഒ. രാജഗോപാല്‍ വിജയിച്ച നേമത്ത് ബി.ജെ.പിക്ക് വോട്ടുകുറയില്ലായിരുന്നെന്നും കാനം പറഞ്ഞു.
പ്രാദേശികമായ പ്രശ്‌നങ്ങളാണ് പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് വോട്ടുകൂടാന്‍ കാരണമായത്. മതേതരത്വത്തിന് വിരുദ്ധമായ നിലപാടാണ് ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.