തിരുവനന്തപുരം: പ്രതിഷേധിക്കാന്‍ പോയത് കൊണ്ടാണ് എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ള സി.പി.ഐക്കാര്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസിനെതിരെയാകും. സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്നു പൊലീസിനോട് ചോദിക്കണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയല്ല സി.പി.ഐ. പക്വതയോടെ മാത്രമേ സി.പി.ഐ പ്രതികരിക്കൂ എന്നും കാനം പറഞ്ഞു.
എം.എല്‍.എയ്ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുമായി കാനം കൂടിക്കാഴ്ച നടത്തി. എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.
കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ. അടക്കമുള്ളവര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്.