തിരുവനന്തപുരം: ലവ് ജിഹാദില്‍ ജോസ് കെ. മാണിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്ന് കാനം പറഞ്ഞു.
‘പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണ്. ലവ് ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ല’, കാനം പറഞ്ഞു.
നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി മനോരമ ന്യൂസിന്റെ ‘പൊരിഞ്ഞ പോര്’ പരിപാടിയില്‍ പറഞ്ഞിരുന്നു.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി.
എല്‍.ഡി.എഫ് ഘടകക്ഷിയില്‍നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമാണ്. കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളില്‍നിന്നു മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉണ്ടാകുന്നത്.
അതേസമയം ജോസ് കെ. മാണിയുടെ ലവ് ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക