മുഖ്യമന്ത്രി രാജിവെക്കേണ്ട കാര്യമില്ല, എ.കെ ആന്റണി രാജിവെച്ചത് യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നം കൊണ്ട്: കാനം രാജേന്ദ്രന്‍
D' Election 2019
മുഖ്യമന്ത്രി രാജിവെക്കേണ്ട കാര്യമില്ല, എ.കെ ആന്റണി രാജിവെച്ചത് യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നം കൊണ്ട്: കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2019, 3:35 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫില്‍ ഒരു ആഭ്യന്തര പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

2004 ല്‍ എ.കെ ആന്റണി രാജി വച്ചത് യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നം കൊണ്ടായിരുന്നുവെന്നും കാനം പറഞ്ഞു.

പിണറായി വിജയന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവാണെന്നും തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം ശബരിമല സ്വാധീനിച്ചിട്ടില്ലെന്നും തിരിച്ചടി താത്ക്കാലികം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാഹുലാണ് ഇനി രാജ്യത്തിന് നേതൃത്വം നല്‍കാന്‍ പോകുന്നതെന്ന തെറ്റിദ്ധാരണയുടെ ഭാഗമായിട്ട് ഞങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.