| Friday, 24th April 2020, 7:50 am

'സര്‍ക്കാരിന്റെ കണ്ണീരു കാണണമെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്'; ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചും സ്പ്രിംക്ലര്‍ പാരാമര്‍ശിക്കാതെയും കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനയുഗം പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘യു.ഡി.എഫ്-ബി.ജെ.പി നിലപാടുകള്‍ കേരള താത്പര്യം സംരക്ഷിക്കുന്നതല്ല’ എന്ന ലേഖനത്തിലായിരുന്നു പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കേരളം കൊവിഡിനെ ചിട്ടയോടെ പ്രതിരോധിച്ചു വരുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തവേളയില്‍ ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തേണ്ടത് ആവശ്യമായിരുന്നെന്നും എന്നാല്‍ അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ പ്രതിപക്ഷം ആക്ഷേപിച്ചുവെന്നും ലേഖനത്തില്‍ പറഞ്ഞു.

ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരു കണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.

‘അത്തരമൊരു പ്രവര്‍ത്തനം കേരളസര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബി.ജെ.പി നേതാക്കന്‍മാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരു കണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമുള്ളത്,’ ലേഖനത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എം.എല്‍.എ രംഗത്തെത്തിയപ്പോള്‍ അതിനെ തിരുത്താന്‍ തയ്യാറാവാതെ എം.എല്‍.എയ്ക്ക് പിന്തുണയും പിന്‍ബലവും നല്‍കുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ദുരന്തകാലത്ത് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകും എന്നതുകൊണ്ടാണ് സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലേഖനത്തില്‍ ദുരിതാശ്വാസനിധിയെക്കുറിച്ചും സാലറി ചാലഞ്ചിനെക്കുറിച്ചും പരാമര്‍ശിച്ചപ്പോഴും സ്പ്രിംക്ലര്‍ കരാറിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.

അതേസമയം സ്പ്രിംക്ലറില്‍ അതൃപ്തി രേഖപ്പെടുത്തി കാനം കഴിഞ്ഞ ദിവസം കൊടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more