| Friday, 30th October 2020, 12:13 pm

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ല, സര്‍ക്കാരിനെ ബാധിക്കില്ല: കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം നേരത്തെ കേസില്‍ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

വിവിധ അക്കൗണ്ടുകളില്‍ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഏറെ നേരം ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. രാത്രി ഒന്‍പത് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റില്‍ നിന്നും വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം പണവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.

ലഹരി മരുന്ന് ഇടപാട് നടത്താനുള്ള പണം എവിടെ നിന്ന് വന്നു, ബിനീഷിന് അതിലുള്ള പങ്ക് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും എന്‍ഫോഴ്സ്മെന്റ് തിരക്കുന്നത്. അനൂപിന്റെ ബിസിനസ് കമ്പനികളും എന്‍ഫോഴ്സിന്റെ അന്വേഷണ പരിധിയില്‍ പെടും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanam Rajendran Bineesh Kodiyeri Drug Case

We use cookies to give you the best possible experience. Learn more