തിരുവനന്തപുരം: ജോസ് കെ. മാണി യു.ഡി.എഫിനെ തള്ളി എല്‍.ഡി.എഫാണ് ശരിയെന്ന് പറയുമ്പോള്‍ അതിനെ പാര്‍ട്ടി എതിര്‍ക്കുന്നതെന്തിനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വാതന്ത്ര്യ സമരകാലത്ത് ഉണ്ടായിരുന്ന നിലപാടിനെക്കുറിച്ചല്ലല്ലോ നമ്മള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോസ് കെ. മാണിയുടെ മുന്നണിമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷിക്കാര്‍ക്കനുകൂലമായി സ്വീകരിച്ചിട്ടുള്ള നിരവധി നടപടികള്‍ ഒരോന്നോരോന്നായി വിശദീകരിച്ചാണ് അദ്ദേഹം മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും എന്ന് പറഞ്ഞിട്ടുള്ളത്. അത് മുന്നണികൂടി വിലയിരുത്തി ഇനിയങ്ങോട്ടെങ്ങനെ എന്ന കാര്യങ്ങള്‍ തീരുമാനിക്കും. ഒരാള്‍ കേരളത്തിലെ സര്‍ക്കാര്‍ കൃഷിക്കനുകൂലമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ എന്നും കാനം പറഞ്ഞു.
‘കേരള കോണ്‍ഗ്രസ് പണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിരുന്ന നിലപാടിനെക്കുറിച്ചല്ലല്ലോ ഈ 21ാം നൂറ്റാണ്ടില്‍ പറയുന്നത്. അവര്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ യു.ഡി.എഫിന്റെ നിലപാടുകളെയും ഇവരുടെ നിലപാടുകളെയും നമ്മള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ യു.ഡി.എഫിനെ തള്ളിപ്പറഞ്ഞ് എല്‍.ഡി.എഫാണ് ശരിയെന്ന് പറയുമ്പോള്‍ ഞങ്ങളെന്തിനാണ് എതിര്‍ക്കുന്നത്?,’ കാനം ചോദിച്ചു.
നിലവില്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് എല്‍.ഡി.എഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നേയുള്ളു. അതിന് മുമ്പ് തോക്കില്‍ കയറി വെടിവെക്കുന്നതെന്തിനാണെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കുന്നുതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി.
നേരത്തെ മാണിയുടെ അഴിമതിയെക്കുറിച്ചൊക്കെ സി.പി.ഐ വിമര്‍ശമുന്നയിച്ചതായിരുന്നല്ലോ. അവര്‍ എല്‍.ഡി.എലേക്ക് വന്നു കഴിഞ്ഞാല്‍ അണികളോട് എങ്ങനെയാണ് ഇക്കാര്യം വിശദീകരിക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ ഞങ്ങള്‍ പറഞ്ഞോളാം എന്നായിരുന്നു കാനത്തിന്റെ മറുപടി.
ജോസ് മുന്നണിയിലേക്കെത്തിയത് എല്‍.ഡി.എഫിന്റെ തുടര്‍ ഭരണത്തിലേക്ക് നയിക്കുമോ എന്ന കാര്യം പ്രവചിക്കാനാനൊന്നും കഴിയില്ലെന്നും കാനം പറഞ്ഞു.
ജോസ് കെ. മാണി യു.ഡി. എഫ് വിട്ട ശേഷമാണ് എല്‍.ഡി.എഫിലേക്ക് വരുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതും തീരുമാനമെടുക്കുന്നതും. അല്ലാതെ അവര്‍ ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ അവിടെ നിന്ന് വിലപേശാന്‍ എല്‍.ഡി.എഫിനെ ഉപയോഗിക്കരുതെന്നാണ് പറഞ്ഞിരുന്നത്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതല്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും,’ എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.
യു.ഡി.എഫ് കെ. എം മാണിയെ അപമാനിക്കുകയാണ്. മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കും.
ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക