| Monday, 8th February 2021, 12:37 pm

വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്ന് പറഞ്ഞാല്‍ മാര്‍ക്‌സിസം അപ്രസക്തമായെന്നാണ് അര്‍ത്ഥം; ഗോവിന്ദന്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ല: കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായിട്ടില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അതിനര്‍ത്ഥം മാര്‍ക്‌സിസം അപ്രസക്തമായി എന്നാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം. വി ഗോവിന്ദന്റെ പ്രസ്താവനയോടുള്ള ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി.

‘അദ്ദേഹം അങ്ങനെയാണോ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും ചരിത്രപരമായ ഭൗതിക വാദവും സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ ഒരു രീതി ശാസ്ത്രത്തെയാണ് പറയുന്നത്. എങ്ങനെ ഒരു സാമൂഹ്യപ്രശ്‌നത്തെ അപഗ്രഥിക്കണം. അതിന് കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്ന രീതിയാണ് ഇത്.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം, ചരിത്രപരമായ ഭൗതിക വാദം തുടങ്ങിയ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ ഒരു രാജ്യത്തിന്റെ സാഹചര്യമനുസരിച്ച് ഒരിക്കലും പ്രായോഗികമാക്കാനോ അല്ലാതാക്കാനോ കഴിയുന്നതല്ല.

ഈ ഭൗതികവാദം എന്ന് പറയുന്നത് വിശ്വാസം ഇല്ലായ്മയാണ് എന്നൊക്കെ തെറ്റിദ്ധരിച്ച് ചില യാന്ത്രിക ഭൗതിക വാദികളാണ് ഇതിനെ സംബന്ധിച്ചിടത്തോളം ഇത്തരം അഭിപ്രായം പറയുന്നത്. അതുകൊണ്ട് അങ്ങനെയായിരിക്കില്ല ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം അപ്രസ്‌കതമായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ മാര്‍ക്‌സിസം അപ്രസക്തമായി എന്നാണ് അതിന്റെ അര്‍ത്ഥം. അങ്ങനെ ലോകത്ത് ഒരു ചിന്തയില്ല’, കാനം പറഞ്ഞു.

വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും വിശ്വാസികളെ അംഗീകരിച്ച് കൊണ്ടു മാത്രമേ ഈ കാലത്ത് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നുമായിരുന്നു എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഇന്ത്യയില്‍ ഓരോരുത്തരും ജനിച്ച് വീഴുന്നത് ഹിന്ദുവോ മുസ്ലിമോ പാഴ്സിയോ ആയാണെന്നും അത് മനസിലാക്കിയേ മുന്നോട്ട് പോകാനാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘പ്രാഥമികമായി ഏത് മനുഷ്യനും ഈ പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ച് വളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. അല്ലെങ്കില്‍ മുസ്ലിമോ പാഴ്സിയോ സിഖോ ആയിട്ടാണ്.

വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്നത്തെ ഇന്ത്യയില്‍ ഒരിക്കലും സാധിക്കുന്ന ഒന്നല്ല. പലരുടെയും ധാരണ വൈരുദ്ധ്യാത്മക ഭൗതിക വാദം പകരം വെക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നാണ്. അങ്ങനെ സാധിക്കുന്ന ഒന്നല്ല അത്.

പൂര്‍ണമായി സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന തികച്ചും ശരിയായ ശാസ്ത്രം ഭൗതിക വാദം പോലും ശക്തിപ്പെടാത്ത ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ആശയപരിസരങ്ങളില്‍ ഫലപ്രദമായ ബദലായി ഉപയോഗപ്പെടും എന്ന് പറയുന്നത് ഒരിക്കലും ഈ ഘട്ടത്തില്‍ സംഭവിക്കുന്ന ഒന്നായിരിക്കില്ല,’ അദ്ദേഹം പറഞ്ഞു.

ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനികളായാലും അതില്‍ വലിയൊരു വിഭാഗവും വിശ്വാസികളാണ്. കേരളത്തെ വെച്ച് നോക്കുമ്പോള്‍ വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ള ജൈവിക സങ്കല്‍പങ്ങളെയുമെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ബദലായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanam Rajendran Anout MV Govindan Master Comment

We use cookies to give you the best possible experience. Learn more