| Sunday, 30th December 2018, 12:02 pm

വി.എസ് ഇപ്പോഴും സി.പി.ഐ.എമ്മുകാരനാണെന്നാണ് വിശ്വാസം; വനിതാ മതിലിനെ വിമര്‍ശിച്ച വി.എസിനെതിരെ കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മതിലിനെതിരായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വനിതാ മതിലുമായി ബന്ധപ്പെട്ട് വി.എസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കാനം പറഞ്ഞു.

സി.പി.ഐ.എം നയിക്കുന്ന ഇടതുമുന്നണിയിയാണ് വനിതാ മതില്‍ തീരുമാനിച്ചതെന്നും വി.എസ് ഇപ്പോഴും സി.പി.ഐ.എമ്മുകാരനാണെന്നാണ് തന്റെ വിശ്വാസമെന്നും കാനം പ്രതികരിച്ചു.

നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍.എസ്.എസ് തീരുമാനിക്കണമെന്നും കാനം പറഞ്ഞു.


വിശ്വാസികള്‍ നിസ്‌കരിക്കാതിരിക്കാന്‍ പാര്‍ക്കില്‍ വെള്ളം പമ്പ് ചെയ്ത് ജില്ലാ ഭരണകൂടം; നമസ്‌കാരത്തിന് സൗകര്യമൊരുക്കി സ്വകാര്യ കമ്പനികള്‍


നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വി.എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കുകയായിരുന്നു.

നേരത്തെ, ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്ന് വി.എസ് അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നു. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനായി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതി പാര്‍ട്ടിക്കു ചെയ്യാനാവില്ല. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രം എന്നായിരുന്നു വി.എസ് പറഞ്ഞത്.

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതില്‍ തീര്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more